ന്യൂഡെല്‍ഹി: (www.kvartha.com 22.09.2021) ഇന്‍ഡ്യയില്‍ എത്തിയ അമേരികന്‍ ചാരസംഘടനയായ സി ഐ എയിലെ ഉദ്യോഗസ്ഥന് 'ഹവാന സിന്‍ഡ്രോം' കണ്ടെത്തിയതായി റിപോര്‍ട്. സി ഐ എ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം ഇന്‍ഡ്യ സന്ദര്‍ശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് വിവരം. സെപ്റ്റംബര്‍ തുടക്കത്തിലാണ് സി ഐ എ ഡയറക്ടര്‍ ബില്‍ ബേണ്‍സ് സന്ദര്‍ശനത്തിനായി ഇന്‍ഡ്യയിലെത്തിയത്. ഹവാന സിന്‍ഡ്രോം ലക്ഷണങ്ങള്‍ കണ്ടെത്തിയ സി ഐ എ ഉദ്യോഗസ്ഥനെ അടിയന്തരമായി ചികിത്സക്ക് വിധേയനാക്കി.
2016 മുതല്‍ അമേരികന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ കണ്ടെത്തുന്ന അജ്ഞാത രോഗമാണ് ഹവാന സിന്‍ഡ്രോം. 2016 അവസാനം ക്യൂബയിലെ ഹവാനയില്‍ വച്ചാണ് അമേരികയിലെ നയതന്ത്രഉദ്യോഗസ്ഥരില്‍ അജ്ഞാതമായ ഈ രോഗം ആദ്യം കണ്ടെത്തുന്നത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ അമേരികന്‍, കനേഡിയന്‍ നയതന്ത്ര, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഈ പ്രതിഭാസം ആദ്യമായി നേരിട്ടത്.
വിചിത്രമായ അജ്ഞാതശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് തലച്ചോറിന് ക്ഷതം ഏല്‍കുന്നതടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതുമാണ് ഹവാന സിന്‍ഡ്രോം. ഇതിനോടകം അമേരികയിലെ ഉന്നതതലത്തില്‍ വരെ ആശങ്കക്ക് കാരണമായ ഹവാന സിന്‍ഡ്രോം ഒരു മാസത്തിനിടെ സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. എന്നാല്‍ ഇന്‍ഡ്യയില്‍ റിപോര്‍ട് ചെയ്യുന്നത് ആദ്യമാണ്.
ക്യൂബ സന്ദര്‍ശനത്തിനിടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചെവിക്കുള്ളിലെ മൂളലും, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകലും ഓര്‍മക്കുറവും അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടത്തി. പിന്നീട് റഷ്യയിലും ചൈനയിലും ഓസ്ട്രിയയിലും സംഭവം ആവര്‍ത്തിച്ചു. ഇതോടെ ഹവാന സിന്‍ഡ്രോം എന്ന് പേരിട്ട രോഗത്തെ ഗൗരവതരമായി നിരീക്ഷിക്കാന്‍ അമേരിക ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ മാസം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്‌നാം യാത്ര മൂന്ന് മണിക്കൂര്‍ നേരം തടഞ്ഞത് തന്നെ ഒരു ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം കണ്ടെത്തിയതിനെ തുടര്‍ന്നാണെന്നാണ് വിവരം.
ശത്രുരാജ്യങ്ങളാണ് ഈ രോഗത്തിന് പിന്നിലെന്ന് അഭ്യൂഹമൂണ്ട്. ഹവാന സിന്‍ഡ്രോം അമേരികന്‍ നയതന്ത്ര, രഹസ്യാന്യേഷ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണമാണെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും കൃത്യമായി സ്ഥിരീകരിക്കാന്‍ സി ഐ എക്ക് സാധിച്ചിട്ടില്ല. ഇതുവരെ മുന്നൂറിലധികം ഉദ്യോഗസ്ഥരില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗം പേരും സി ഐ എ ഉദ്യോഗസ്ഥരാണ്.