9 മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് 2 വയസുകാരി മാത്രം, കുഞ്ഞ് മരിച്ചത് പട്ടിണികിടന്നാണെന്ന് റിപോര്‍ട്
Sep 18, 2021, 13:35 IST
ബെന്‍ഗളൂറു: (www.kvartha.com 18.09.2021) നഗരത്തിലെ വീട്ടില്‍ 9 മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. മരിച്ചവരില്‍ 9 മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ 2 വയസുകാരിക്ക് മാത്രമാണ് ജീവന്‍ ഉണ്ടായിരുന്നത്.
മരണം നടന്ന് 3 ദിവസം കഴിഞ്ഞാണ് 2 വയസുകാരിയെ രക്ഷിക്കുന്നത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെട്ട 2 വയസുള്ള കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എച് ശങ്കര്‍ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; മകളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെ ചൊല്ലി കലഹിച്ച ശങ്കര്‍, വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശങ്കര്‍ വീട്ടിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും ഇവര്‍ ആത്മഹത്യ ചെയ്തിരുന്നു. ശങ്കറിന്റെ ഭാര്യ (50), 27 വയസുള്ള മകന്‍, 30 വയസിന് മുകളില്‍ പ്രായമുള്ള 2 പെണ്‍മക്കള്‍ എന്നിവരാണ് തൂങ്ങിമരിച്ചത്. 9 മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് റിപോര്‍ട്.
അതേസമയം രക്ഷപ്പെട്ട 2 വയസുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീട്ടിലെ വ്യത്യസ്ത മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. വീടിന്റെ ജനലും വാതിലുമെല്ലാം അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം പോസ്റ്റുമോര്‍ടെത്തിന് അയച്ചതായി ഡെപ്യൂടി കമീഷണര്‍ ഓഫ് പൊലീസ് സഞ്ജീവ് എം പാട്ടില്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.