തിരുവനന്തപുരം: (www.kvartha.com 25.09.2021) സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കോവിഡ് കേസുകളുടെ വര്‍ധനയില്‍ അഞ്ചുശതമാനം കുറവുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് എട്ടു ശതമാനം കുറവുണ്ടായെന്നും അറിയിച്ചു. സംസ്ഥാനത്തെ 91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരില്‍ പകുതിയും വാക്‌സിന്‍ എടുക്കാത്തവരാണ്. മരിക്കുന്നവരില്‍ 57.6 ശതമാനം പേരും വാക്‌സിന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാം. ബാറുകളില്‍ ഇരുന്നു മദ്യപിക്കാം. ഹോടെലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാം. ഹോടെലുകളിലും റസ്റ്ററന്റുകളിലും സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം.
എന്നാല്‍ എസി പാടില്ല. ഹോടെലുകളിലെയും റസ്റ്റോറന്റുകളിലെയും തൊഴിലാളികളും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരാകണം. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ കുളങ്ങള്‍ എന്നിവയും തുറക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.