പത്തനംതിട്ട: (www.kvartha.com 22.09.2021) ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്നു. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിലെ ഭൂ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂസമരത്തിലൂടെയാണ് ഒരു വിഭാഗം ദലിത് ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത അവസ്ഥ സമൂഹത്തില്‍ ചര്‍ച്ചയായത്. ഭൂപരിഷ്‌കരണ നിയമം പാസായിട്ടും മണ്ണില്‍ പണിയെടുക്കുന്ന വലിയ വിഭാഗം ഭൂരഹിതരാണെന്ന് ചെങ്ങറ സമരത്തിലൂടെ വെളിച്ചത്ത് വരികയായിരുന്നു.
കെ എസ് ഇ ബി ജീവനക്കാരനായിരുന്ന ളാഹ ഗോപാലന്‍ റിടയര്‍ ചെയ്ത ശേഷമാണ് ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസണ്‍സ് മലയാളം എസ്‌റ്റേറ്റില്‍ ളാഹ ഗോപാലന്‍ നേതൃത്വം നല്‍കിയ സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഭൂരഹിതരായ കുടുംബങ്ങള്‍ 2007 ആഗസ്റ്റ് നാലിനാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. അഞ്ച് വര്‍ഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ചെങ്ങറയില്‍ നിന്ന് ഇറങ്ങിയിരുന്നു.