ലക്‌നൗ: (www.kvartha.com 19.09.2021) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചുവെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്. സമാജ് വാദി പാര്‍ടി നേതാക്കളായ രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമാജ് വാദി പാര്‍ടി എം എല്‍ സി രാജ്പാല്‍ കശ്യപ്, പിലിഭിത് ജില്ലാ യൂനിറ്റ് പ്രസിഡന്റ് യൂസഫ് കദ്രി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എസ് പിയുടെ പിന്നോക്ക വിഭാഗ സെലിന്റെ പ്രസിഡന്റ് കൂടിയാണ് കശ്യപ്. ബി ജെ പി ജില്ലാ ജനറല്‍ സെക്രടറി മഹാദേവിന്റെ പരാതിയില്‍ സുന്‍ഗാരി കോട് വാലി പൊലീസാണ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പിലിഭിത് പൊലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ പറഞ്ഞു.
അടുത്തിടെ സമാജ് വാദി പാര്‍ടിക്ക് നേരെ നടത്തിയ വിമര്‍ശനത്തില്‍ 'അബ്ബ ജാന്‍' എന്ന് പറയുന്ന ആളുകള്‍ എല്ലാ റേഷനും നേരത്തെ സ്വന്തമാക്കുന്നുണ്ടായിരുന്നു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പിലിഭിത്തില്‍ നടന്ന പിന്നാക്ക വിഭാഗ സമ്മേളനത്തില്‍ ഇതിനെതിരെ സംസാരിക്കുമ്പോള്‍ കശ്യപ് യോഗിയുടെ പിതാവിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയെ താന്‍ ഭയപ്പെടുന്നില്ലെന്നും തന്റെ പാര്‍ടി നേതാവ് മുലായം സിങ് യാദവിനെതിരെ ആദിത്യനാഥ് എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ താന്‍ മിണ്ടാതിരിക്കില്ലെന്നും കശ്യപ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. പിന്നാക്ക വിഭാഗ സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളുടെ പേരില്‍ കോവിഡ്-19 പ്രോടോകോള്‍ ലംഘിച്ചതിനും കേസ് രെജിസ്റ്റര്‍ ചെയ്തു.