Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നുവെന്ന പ്രചാരണം; തമിഴ്നാട്ടിൽ കേരള വിരുദ്ധ സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നിൽ തീവ്ര തമിഴ് ഗ്രൂപോ?

Who is behind the call for anti - Kerala agitation in Tamil Nadu#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അജോ കുറ്റിക്കൻ

ഇടുക്കി: (www.kvartha.com 13.09.2021) മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി തമിഴ്നാട്ടിൽ കേരള വിരുദ്ധ സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നിൽ തീവ്ര തമിഴ് ഗ്രൂപ് എന്ന് സൂചന. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ പ്രവർത്തിച്ച ചെങ്കോട്ട സ്വദേശി എസ് അൻവർ ബാലശിങ്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാപകമായ കേരള വിരുദ്ധ പ്രചാരണം അഴിച്ചുവിടുന്നതെന്നാണ് ആരോപണം.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിച്ചാൽ തമിഴ്നാടിന് വെള്ളം നൽകില്ല, കേരളത്തിലെ തമിഴരെ രണ്ടാം തരം പൗരന്മാരായാണ് സർകാർ കാണുന്നത് എന്നിങ്ങനെയാണ് ആരോപണങ്ങൾ. 2011 ൽ മുല്ലപ്പെരിയാർ വിഷയം രൂക്ഷമായ സമയത്ത് ഇവിടുത്തെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന അഞ്ച് ജില്ലകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച കർഷക കൂട്ടായ്മ പൊടി തട്ടിയെടുത്താണ് ഈ പ്രവർത്തനമെന്നാണ് സൂചന.തേനി, ദിണ്ടിഗൽ, മധുര, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലെ ആയിരത്തിലധികം കർഷകരെ ഉൾപെടുത്തി സബ് കമിറ്റികളും രൂപീകരിച്ചു. കമ്പം ശ്രീകുമാർ ഓഡിറ്റോറിയത്തിൽ കർഷകരുടെ യോഗം ചേർന്നിരുന്നു. ഇതിൽ വിവിധ ജില്ലകളിൽ നിന്നായി 250 ലധികം ആളുകളും പങ്കെടുത്തിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ ഡാം നിര്‍മിക്കുന്നതിന്റെ ആദ്യപടിയായുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓഗസ്റ്റ് മാസം നാലിന് നിയമസഭയെ അറിയിച്ചതോടെയാണ് ബാലശിങ്കവും കൂട്ടാളികളും കമ്പത്ത് കർഷക സംഗമം സംഘടിപ്പിച്ചത്. സമരത്തിന്റെ ആദ്യ പടിയെന്ന നിലയിൽ കേരള അതിർത്തി റോഡുകൾ ഉപരോധിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് തന്നെ ബാലശിങ്കത്തിന്റെ നേതൃത്വത്തിൽ മൂന്നാർ, പീരുമേട് തോട്ടം മേഖലയിൽ തമിഴ് -മലയാളം വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നാണ് പറയുന്നത്. 2011 ൽ മുല്ലപ്പെരിയാര്‍ സമരകാലത്തും അതിന് ശേഷവും തമിഴരും മലയാളികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചു. കേരള വിരുദ്ധ മുദ്രാവാക്യം മുഴക്കി തൊഴിലാളികൾ മൂന്നാറിലും പൂപ്പാറയിലും പ്രകടനങ്ങൾ നടത്തിയിരുന്നു. തമിഴ് മക്കള്‍ക്ക് മൂന്നാര്‍ മേഖലയിലുള്ള അവകാശവാദം പ്രഖ്യാപിക്കുന്ന ഷോട് ഫിലിമുകളും ഡോക്യൂമെന്ററികളും പ്രചരിച്ചു.

മൂന്നാര്‍ ഉള്‍പെടുന്ന ദേവികുളവും ഉടുമ്പന്‍ചോലയും കുമളിയും, മുല്ലപ്പെരിയാര്‍ ഉള്‍പെടുന്ന പീരുമേടും തമിഴ്നാടിനോട് ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ് തോട്ടം തൊഴിലാളികള്‍ സമരവും സംഘടിപ്പിച്ചു. പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ മാവോയിസ്റ്റ് ഗ്രൂപുകളുടെ സാന്നിധ്യം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. അന്ന് ബാലശിങ്കത്തിനൊപ്പമുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.

തീവ്ര സാന്നിധ്യത്തെ കുറിച്ച് അന്നത്തെ എംഎൽഎ എസ് രാജേന്ദ്രനും പരസ്യ പ്രതികരണം നടത്തിയിരുന്നു.
1999 ൽ തിരുനെൽവേലി ജില്ലയിലെ കുറിഞ്ഞ കുളം ഗ്രാമത്തിൽ നാല് ദളിതർ കൊല്ലപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഹ്രസ്വചിത്രം നിർമിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും രണ്ട് ജാതി വിഭാഗങ്ങൾ തമ്മിൽ കലാപം സൃഷ്ടിക്കാനും ഇയാൾ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതേ തുടർന്ന് 2006 സെപ്റ്റംബർ 23 ന് തിരുനെൽവേലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തമിഴ്‌നാട് കേരളാ അതിർത്തി ജില്ലയായ ചെങ്കോട്ടയിലാണ് എസ് അൻവർ ബാലശിങ്കം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം അവിടെ നിന്ന് പൂർത്തിയാക്കിയ ഇദ്ദേഹം എംഎ, എംഫിൽ, ബിഎഡ് ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഡോക്യുമെന്ററി സംവിധായകനും നോവലിസ്റ്റുമാണ് അൻവർ ബാലശിങ്കം. ഇപ്പോൾ ഭാര്യയുടെ ജോലി സംബന്ധമായി തേനിയിലാണ് താമസം. ഭാര്യ അവിടെ ഗവണ്മെന്റ് സ്‌കൂൾ ടീചെറാണ്. രണ്ട് മക്കളുള്ള ഈ 45 കാരൻ അഞ്ചു നോവലുകൾ തമിഴിൽ എഴുതിയിട്ടുണ്ട്. കേരള തമിഴർ ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് അൻവർ ബാലശിങ്കം.

Keywords: News, Kerala, Mullaperiyar, Munnar, Dam, Farmers, Minister, Border, Road, Water, Malayalam, Documentary, Campaign to build a new dam at Mullaperiyar; Who is behind the call for anti - Kerala agitation in Tamil Nadu?.

Post a Comment