പാലക്കാട്: (www.kvartha.com 21.09.2021) കൊടുവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ച മകനെ അച്ഛന്‍ മരവടികൊണ്ട് അടിച്ചതായി പൊലീസ്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ മകന്‍ മരിച്ചു. സംഭവത്തില്‍ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചിറ്റിലഞ്ചേരിയില്‍ തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പാട്ട ബാലന്റെ മകന്‍ രതീഷ് (39) ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എംഎന്‍കെഎം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് തിങ്കളാഴ്ച നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടിലെത്തി. പോസിറ്റീവായിരിക്കെ തന്നെ സ്‌കൂളില്‍നിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ വീട്ടിലേക്ക് കയറാന്‍ അച്ഛന്‍ സമ്മതിച്ചില്ല.
ഇതോടെ വീടിനു സമീപത്തെ ആള്‍ താമസമില്ലാത്ത മറ്റൊരു വീട്ടിലായിരുന്നു രതീഷ് താമസിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ രതീഷ് അച്ഛന്‍ ബാലനുമായി ഇതേചൊല്ലി തര്‍കത്തില്‍ ഏര്‍പെട്ടു. തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ രതീഷ് കൊടുവാള്‍ കൊണ്ട് അച്ഛനെ വെട്ടാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ മരവടി കൊണ്ട് രതീഷിനെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ ഉടന്‍തന്നെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Attack case; Father in custody, Palakkad, News, Local News, Crime, Criminal Case, Dead, Killed, Police, Custody, Kerala.