Follow KVARTHA on Google news Follow Us!
ad

അസമിൽ നടന്ന ആക്രമണം ബിജെപിയുടെ അജെൻഡയുടെ ഭാഗമെന്ന് ആരോപണം; ആക്രമണത്തിന് നേതൃത്വം നൽകിയ പൊലീസുകാരിൽ ബിജെപി മുഖ്യമന്ത്രിയുടെ സഹോദരനും; പ്രതിഷേധം കനത്തതോടെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർകാർ

Assam firing: State govt orders judicial probe #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗുവാഹത്തി: (www.kvartha.com 24.09.2021) അസമില്‍ പൊലീസ് വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിനെതിരെ രാജ്യത്തെങ്ങും വ്യാപക പ്രതിഷേധം. വ്യാഴാഴ്ചത്തെ അക്രമ സംഭവങ്ങൾക്കെതിരെ ന്യൂഡൽഹിയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ദാരംഗില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാലങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്ന് 800 കുടുംബങ്ങളെ സര്‍കാര്‍ കുടിയൊഴിപ്പിച്ചിരുന്നു.

 
Assam firing: State govt orders judicial probe

 

പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ഇതിനിടയിലാണ് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും വെടിവെപ്പിലേക്ക് നീങ്ങുകയും ചെയ്തത്. അതിനിടെ പ്രതിഷേധക്കാരിലൊരാളെ പൊലീസ് വെടിവെച്ചിടുന്നതും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോടോഗ്രാഫറായ ഒരാൾ ചവിട്ടുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യം നോക്കിനിന്ന പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സദ്ദാം ഹുസൈൻ, ശെയ്ഖ് ഫരീദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേസമയം ആക്രമണത്തിന് പിന്നിൽ ബിജെപിയുടെ അജെൻഡയാണെന്നാണ് ഉയരുന്ന ആരോപണം.
അസമില്‍ നടന്നത് സര്‍കാര്‍ സ്‌പോണ്‍സേര്‍ഡ് വെടിവെപ്പാണെന്നും ആക്രമണത്തിനിരയായവര്‍ക്കൊപ്പമാണ് താനെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി ട്വിറ്ററിൽ കുറിച്ചു.

അസമിൽ നടന്നത് ബി ജെ പി സർകാരിന്റെ ന്യൂനപക്ഷ വേട്ടയെന്ന് സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. കയ്യേറ്റക്കാർ എന്ന് സർകാർ ആരോപിക്കുന്നവർ പതിറ്റാണ്ടുകളായി അവിടെ കൃഷി ചെയ്യുന്നവരാണ്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് നടന്ന ആസൂത്രിത ആക്രമണമാണ് അസമിലേത്, ആക്രമണത്തിന് പിന്നിൽ സർകാരിന്റെ പിന്തുണ പൊലീസിന് ലഭിച്ചുവെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിനും പൗരന്മാരുടെ അവകാശത്തിനും എതിരെയുള്ള ആക്രമണമാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സഹോദരനാണ് ഡാരംഗ് പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമയെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് സര്‍കാര്‍ ബംഗാളി മുസ്‌ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലയിലെ കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതെന്നാണ് റിപോർടുകൾ.

900ത്തില്‍ അധികം കുടുംബങ്ങളില്‍ നിന്നായി 20,000ല്‍ അധികം പേര്‍ ഇതിനകം പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടുവെന്നാണ് ഗ്രാമീണരെ ഉദ്ധരിച്ച് 'ദി വയർ' റിപോർട് ചെയ്യുന്നത്. പ്രത്യേക ലക്ഷ്യത്തോടെയാണ് ബംഗാൾ മുസ്ലിംകൾക്കെതിരെ സർകാർ പെരുമാറുന്നതെന്നാണ് വിമർശനം. എന്നാൽ വർഷങ്ങൾക്കുമുമ്പ് തങ്ങൾ ഭൂമി വാങ്ങിയതായും സ്ഥലം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിച്ചതായും താമസക്കാർ പറയുന്നു.

സംഭവം വിവാദമായതോടെ സർകാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുവാഹത്തി ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം

Keywords: National,India,News,Controversy,Assam,BJP,Firing,Government,Police,Killed,Chief Minister, Assam firing: State govt orders judicial probe
.
< !- START disable copy paste -->

Post a Comment