തൃശൂര്‍: (www.kvartha.com 26.09.2021) സിനിമ, സീരിയല്‍, നാടക മേഖലകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ പട്ടത്ത് ചന്ദ്രന്‍ (59) അന്തരിച്ചു. (www.kvartha.com 26.09.2021) 'തൃശൂര്‍ ചന്ദ്രന്‍' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുളംകുന്നത്തുകാവ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.
സിനിമയിലെത്തുന്നതിനു മുന്‍പ് കേരളത്തിന്റെ പ്രൊഫഷനല്‍ നാടകവേദിയില്‍ പ്രേക്ഷകശ്രദ്ധ നേടിയ നടനായിരുന്നു ചന്ദ്രന്‍. 'വെനീസിലെ വ്യാപാരി' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കലാനിലയത്തിന്റെ ഒരു നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് തന്റെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപുകളുടെ നാടകങ്ങളില്‍ അഭിനയിച്ചു. സിനിമാമേഖലയിലേക്ക് ഏറെ വൈകി മാത്രം എത്തിയ ചന്ദ്രന്‍ പി എന്‍ മേനോന്‍, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. 'തോടയം' എന്ന സീരിയലിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന സിനിമകള്‍. ഭാര്യ വിജയലക്ഷ്മി. മക്കള്‍: സൗമ്യ, വിനീഷ്.
Keywords: Actor Thrissur Chandran passes away, Thrissur, News, Cinema, Actor, Dead, Obituary, Kerala.