ചെന്നൈ: (www.kvartha.com 24.09.2021) പ്രണയിനിയെ നടുറോഡില്‍ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ്. മദ്രാസ് ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി ശ്വേത(20)യുടെ കഴുത്തിലും കയ്യിലും രാമചന്ദ്രന്‍(21) എന്നയാളാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷന്റെ മുഖ്യകവാടത്തിന് മുന്നിലാണ് സംഭവം. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച രാമചന്ദ്രനെ പൊലീസ് ആശുപത്രിയിലാക്കി.
ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് നാടിനെ ഞെട്ടിച്ച ക്രൂരസംഭവം അരങ്ങേറിയത്. ലാബ് ടെക്‌നോളജി ഡിപ്ലോമ വിദ്യാര്‍ഥിനിയായ ശ്വേത കൂട്ടുകാര്‍ക്കൊപ്പം കോളജില്‍ നിന്നു മടങ്ങുമ്പോഴാണ് രാമചന്ദ്രന്‍ തടഞ്ഞുനിര്‍ത്തിയത്. ഇരുവരും 2 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും മാസങ്ങള്‍ക്ക് മുന്‍പ് ശ്വേത അടുപ്പം അവസാനിപ്പിച്ചതോടെ രാമചന്ദ്രന്‍ പകവീട്ടാന്‍ തക്കം പാര്‍ത്ത് നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.