ലക്‌നൗ: (www.kvartha.com 25.09.2021) സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് ബല്ലിയയിലെ ഷേര്‍ ഗ്രാമവാസികളായ പ്രകാശ് വര്‍മ, രമേശ് യാദവ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം.
ബി ജെ പി നേതാക്കളുടെ പരാതിയിലാണ് യുപി പൊലീസിന്റെ നടപടി. സെപ്തംബര്‍ 23നാണ് സംഭവം. ഇരുവരും പുറത്തുവിട്ട വീഡിയോയില്‍ മോദിയെയും യോഗിയെയും അധിക്ഷേപിച്ചെന്നാണ് പരാതികാരന്‍ പറയുന്നത്.
ഇരുവരുടെയും വിഡിയോകള്‍ ട്വിറ്റെര്‍, ഫേസ്ബുക്, വാട്‌സ്ആപ് എന്നിവയില്‍ പങ്കുവച്ചിരുന്നു. കൂടാതെ നിമിഷനേരം കൊണ്ട് ഇവ വൈറലാകുകയും ചെയ്തു. തുടര്‍ന്നാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചതിന് ഇരുവര്‍ക്കുമെതിരെ പരാതി ലഭിച്ചതെന്നും എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.