അവധി ആഘോഷിക്കുന്നതിനിടെ കായലില്‍ നീന്താനിറങ്ങിയ ഇരട്ടസഹോദരികള്‍ക്ക് നേരെ മുതലയുടെ ആക്രമണം; മുഷ്ടി ചുരുട്ടി ഇടിച്ച് പഞ്ചറാക്കി പെണ്‍കുട്ടി
Jun 9, 2021, 19:16 IST
മെക്‌സിക്കോ: (www.kvartha.com 09.06.2021) അവധി ആഘോഷിക്കുന്നതിനിടെ കായലില്‍ നീന്താനിറങ്ങിയ ഇരട്ടസഹോദരികള്‍ക്ക് നേരെ മുതലയുടെ ആക്രമണം. മുഷ്ടി ചുരുട്ടി ഇടിച്ച് പഞ്ചറാക്കി പെണ്‍കുട്ടി. മെക്‌സിക്കോയിലെ ഒരു കായലില്‍ നീന്താനിറങ്ങിയ ബ്രിടെണില്‍ നിന്നുള്ള ഇരട്ട സഹോദരിമാരായ മെലീസയും ജോര്‍ജിയയും ആണ് മുതലയുടെ ആക്രമണത്തിന് ഇരയായത്. നീന്തലിനിടെ ഒരു കൂറ്റന്‍ മുതല മെലീസയെ ആക്രമിക്കുകയായിരുന്നു.
മെലീസയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ ജോര്‍ജിയ സഹോദരിക്കായി തിരച്ചില്‍ തുടങ്ങി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എങ്ങനെയോ മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മെലീസ അര്‍ധബോധാവസ്ഥയില്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നു വന്നു. ഇതുകണ്ട ഉടന്‍തന്നെ ജോര്‍ജിയ സഹോദരിയുടെ സമീപത്തെത്തി ബോടിന് അരികിലേക്ക് വലിച്ചുകൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
എന്നാല്‍ കിട്ടിയ ഇരയെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ മുതലയ്ക്കും ഭാവമുണ്ടായിരുന്നില്ല. സഹോദരിയെയും വലിച്ചു കൊണ്ട് ജോര്‍ജിയ നീങ്ങുന്നതിനിടെ വെള്ളത്തിനടിയില്‍ നിന്നും മുതല വീണ്ടും ഇവരെ ആക്രമിക്കാനെത്തി. രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനെ തുടര്‍ന്ന് ജോര്‍ജിയ മുതലയെ തിരിച്ച് ആക്രമിക്കുകയായിരുന്നു. മുഷ്ടി ചുരുട്ടി പലതവണ മുതലയുടെ തലഭാഗത്ത് ഇടിക്കുകയാണ് ജോര്‍ജിയ ചെയ്തത്.
ബോട്ടിന്റെ അരികിലെത്തുന്നതിനിടെ മൂന്നു തവണ മുതല പിന്തുടര്‍ന്നു വന്നെങ്കിലും ഇതേ രീതിയില്‍ ആക്രമിച്ച് ജോര്‍ജിയ അതിനെ മടക്കി അയക്കുകയായിരുന്നു. ഇതിനിടെ ജോര്‍ജിയയുടെ കൈകളില്‍ സാരമായ പരിക്കുകളും ഏറ്റു. ഇരുവരും നിലവില്‍ മെക്‌സിക്കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തില്‍ ഒടിവുകള്‍ ഉണ്ടായതിനു പുറമെ മെലീസയ്ക്ക് ആന്തരിക രക്തസ്രാവവും ശ്വാസകോശത്തിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുമുണ്ട്. മുറിവുകളില്‍ അണുബാധ ഉണ്ടാവാതിരിക്കാന്‍ ജോര്‍ജിയയ്ക്ക് പ്രത്യേക പരിചരണം നല്‍കി വരുന്നു.
അതേസമയം സഹോദരിമാര്‍ കണ്ടെത്തിയ ടൂര്‍ ഗൈഡ് ലൈസന്‍സില്ലാത്ത വ്യക്തിയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ഗൈഡ് ഒളിവിലാണ്. ഇരട്ട സഹോദരിമാരുടെ കുടുംബം ബ്രിടെനിലാണുള്ളത്. ഇരുവര്‍ക്കും വേണ്ട സംരക്ഷണവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരന്തരം മെക്‌സിക്കോയിലെ ബ്രിടീഷ് എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് കുടുംബം.
Keywords: Woman Punches Crocodile In The Face To Save Her Twin Sister, Mexico, News, River, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.