നൂറാം പിറന്നാൾ നിറവിൽ ആയുര്‍വേദത്തിന്റെ കുലപതി

 


ഡോ. ആസാദ്‌ മൂപ്പൻ

(www.kvartha.com 09.06.2021) ആയുര്‍വേദത്തിന്റെ കുലപതി ശതപൂർണിമയിൽ. കോട്ടക്കൽ ആര്യ വൈദ്യ ശാലയെ ലോകോത്തരമാക്കിയ പി കെ വാര്യർ നൂറാം ജന്മദിനത്തിന്റെ നിറവിലെത്തി നില്‍ക്കുമ്പോൾ അഭിമാനം കൊള്ളുകയാണ് ഓരോ മലയാളിയും.

തൊട്ടടുത്ത നാട്ടുകാരൻ എന്ന നിലയിൽ ചെറുപ്പം മുതലേ അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചു. ആയുർവേദവും ആധുനിക വൈദ്യ ശാസ്ത്രവും പരസ്പര പൂരകങ്ങളാണെന്ന വിശ്വാസത്തിലേക്ക് എന്നെ നയിച്ചത് പി കെ വാര്യർ എന്ന മഹാ മനുഷ്യനാണ്.

നൂറാം പിറന്നാൾ നിറവിൽ ആയുര്‍വേദത്തിന്റെ കുലപതി

എല്ലാ ചികിത്സകളും മനുഷ്യന്റെ ആരോഗ്യവും നന്മയുമാണ് ലക്ഷ്യം വെക്കുന്നതെന്നാണ് എന്റെ വിശ്വാസം. ആ കാഴ്ചപാടിനൊപ്പമാണ് പി കെ വാര്യരുടെയും നിലപാടെന്ന് പല അവസരങ്ങളിലായി മനസിലാക്കാൻ സാധിച്ചു. കോട്ടക്കലിൽ ആര്യവൈദ്യശാലയുടെ സമീപത്തായി ആസ്റ്ററിന്റെ ആശുപത്രി സ്ഥാപിക്കാൻ സാധിച്ചതിനാൽ പരസ്പര സഹകരണത്തോട് കൂടിയുള്ള പ്രവർത്തനങ്ങളാണ് ഇരുഭാഗത്ത് നിന്നുമുണ്ടായത്.

വിദേശങ്ങളിൽ നിന്ന് ആസ്റ്ററിലെത്തുന്ന രോഗികൾക്ക് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയൊരുക്കാൻ സാധിച്ചു. അവരുടെ സ്വദേശങ്ങളിൽ എത്തിയാൽ ആര്യവൈദ്യശാലയുടെ മേന്മയെ കുറിച്ച് ഇവർ വാചാലരാവുന്നത് അനുഭവിക്കാനും ആയിട്ടുണ്ട്. അതുപോലെ തന്നെ തിരിച്ചും ആര്യവൈദ്യശാലയിലെത്തുന്ന എത്രയോ രോഗികള്‍ ഞങ്ങളുടെ അരികിലും ചികിത്സ തേടിയെത്താറുണ്ട്

എന്റെ മാതാവിന് തൊലിപ്പുറത്തെ ഒരസുഖം ബാധിച്ച അവസരത്തിൽ ആശ്രയമായത് പി കെ വാര്യരാണ്. പല ചികിത്സകളും പരീക്ഷിച്ചിട്ടും പൂര്‍ണ്ണമായ ഫലം ലഭിക്കാത്ത അസുഖത്തിന് അദ്ദേഹത്തിന്റെ അരികിൽ ഒരു മാസം നീണ്ട ചികിത്സയിൽ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ മാറി. പിന്നീട് പാരമ്പര്യത്തിലൂടെയാവണം മകൾക്ക് ഈ അസുഖം വന്നപ്പോഴും അവളും സ്വീകരിച്ചത് പി കെ വാര്യരുടെ ചികിത്സ തന്നെയായിരുന്നു. മാതാവിന്റെ വഴിയേ അവളും രോഗമുക്തയായി.

ആയുർവേദം എന്നാൽ സുഖചികിത്സ എന്ന കാഴ്ചപ്പാടിലേക്ക് മാറുന്ന കാലത്ത്, അത് രോഗചികിത്സ എന്ന കാഴ്ചപ്പാടില്‍ ഇന്നും അടിയുറച്ച് നില്‍ക്കുകയും അതിന്റെ വ്യാപനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. അതിന്റെ നേതൃത്വം വഹിക്കുന്ന അദ്ദേഹം ആ കാഴ്ചപ്പാടിലൂടെ സഞ്ചരിച്ചതിന്റെ ഫലമാണത്.

കോട്ടക്കല്‍ മിംസിന്റെ ഉദ്ഘാടനം മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം നിര്‍വ്വഹിക്കുന്ന വേദിയില്‍ മുഖ്യ ആശംസാ പ്രാസംഗികനായുണ്ടായിരുന്നത് പി കെ വാര്യരായിരുന്നു. പിന്നീട് ഞങ്ങളുടെ ഓരോ പ്രധാനപ്പെട്ട ചടങ്ങുകളിലും പിന്നിടുന്ന നാഴികക്കല്ലുകളിലും സ്‌നേഹ സാന്നിദ്ധ്യമായി അദ്ദേഹമുണ്ടായിരുന്നു.

ഇനിയുമനേക കാലം ആ മഹനീയ സാനിധ്യം അനുഭവിക്കാന് ഭാഗ്യം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

(ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാനാണ് ലേഖകൻ)
 

Keywords:  Kerala, Article, Treatment, Doctor, Ayurvedha, Kottakkal Arya Vaidhya Shala, The Master of Ayurveda on his 100th birthday.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia