പുലര്‍ച്ചെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ 310 അംഗസംഘത്തിന്റെ റെയ്ഡ്; കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ 429 ഉപകരണങ്ങളടക്കം പിടിയിലായത് 28പേര്‍

 


തിരുവനന്തപുരം: (www.kvartha.com 07.06.2021) പുലര്‍ച്ചെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ 310 അംഗസംഘത്തിന്റെ റെയ്ഡ്. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ 429 ഉപകരണങ്ങളടക്കം പിടിയിലായത് 28പേര്‍.

പുലര്‍ച്ചെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ 310 അംഗസംഘത്തിന്റെ റെയ്ഡ്; കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും അടങ്ങിയ 429 ഉപകരണങ്ങളടക്കം പിടിയിലായത് 28പേര്‍

സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി പൊലീസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണ് ഇത്രയും പേര്‍ കുടുങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത 17കാരനും ഇതില്‍പെടും.

റെയ്ഡ് ഭയന്ന് മൂന്നുദിവസത്തിലൊരിക്കല്‍ സിസ്റ്റം ഇവര്‍ ഫോര്‍മാറ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപറേഷന്‍ പി-ഹന്‍ഡ് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ്‌ടോപ്, കംപ്യൂടെര്‍ എന്നിവ ഉള്‍പെടെ 429 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.

അറസ്റ്റിലായവരില്‍ പലരും ഐടി മേഖലയില്‍ ഉള്‍പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ഉപകരണങ്ങളില്‍ നിന്നു ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നു പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പെട്ടിട്ടുള്ളതായി സംശയിക്കുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്‌സ് ആപ് ഗ്രൂപുകളും റെയ്ഡില്‍ കണ്ടെത്താനായി.

ഓപറേഷന്‍ പി-ഹന്‍ഡ് എന്ന പേരില്‍ പൊലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ വാട്‌സ് ആപ്, ടെലിഗ്രാം ഗ്രൂപുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ് റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യുന്നു. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങള്‍ പണം നല്‍കി ലൈവ് ആയി കാണാന്‍ അവസരം ഒരുക്കുന്ന ലിങ്കുകള്‍ നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍ ഡോം, കൗന്‍ഡര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് സംഘടിപ്പിച്ചത്. സൈബര്‍ ഡോം ഓപറേഷന്‍സ് ഓഫിസര്‍ എ ശ്യാം കുമാര്‍, സൈബര്‍ ഡോം സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ആര്‍ യു രഞ്ജിത്, ജി എസ് അനൂപ്, എസ് എസ് വൈശാഖ്, ആര്‍ അരുണ്‍രാജ്, അക്ഷയ് സന്തോഷ് എന്നിവരും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവരുടെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പെട്ട സംഘമാണ് വിവിധ ജില്ലകളില്‍ റെയ്ഡ് നടത്തിയത്.

നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപുകളും ചാനലുകളും ശ്രദ്ധയില്‍പെടുന്നവര്‍ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ മനോജ് ഏബ്രഹാം അറിയിച്ചു.

Keywords:  Operation P-Hunt: Kerala Police's attempt to demolish patrons of child abuses continues, Thiruvananthapuram, News, Raid, Crime, Criminal Case, Police, Probe, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia