കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍കൂര തകര്‍ന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടത്തിന് വഴിവെച്ചത് അശാസ്ത്രീയ നിര്‍മാണരീതി

 


കോന്നി: (www.kvartha.com 05.06.2021) പത്തനംതിട്ട കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില വീടിന്റെ കോണ്‍ക്രീറ്റ് മേല്‍കൂര തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മങ്ങാനം പുതുപ്പറമ്പില്‍ അതുല്‍ കൃഷ്ണ (31) യാണ് മരിച്ചത്. ഭിത്തിക്കും കോണ്‍ക്രീറ്റിനും ഇടയില്‍പെട്ടുപോയ അതുലിന്റെ മൃതദേഹം രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.

ശനിയാഴ്ച ഉച്ചക്ക് 2.30 മണിയോടെയാണ് ദുരന്തം സംഭവിച്ചത്. കിഴേക്കേമുറിയില്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടമുണ്ടായത്. തട്ട് പൊളിക്കുന്ന ജോലിയില്‍ ഏര്‍പെട്ടിരുന്നവര്‍ അടക്കം അഞ്ച് തൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.

രണ്ടാം നിലയുടെ തട്ട് പൊളിക്കുന്ന ജോലിയില്‍ അതുലും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പൊളിക്കുന്ന വേളയില്‍ മേല്‍കൂര അടര്‍ന്ന് അതുല്‍ കൃഷ്ണയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി അതുലിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഭിത്തിക്ക് മുകളില്‍ തകര്‍ന്ന് വീണ കോണ്‍ക്രീറ്റിന് ഇടയില്‍ അതുല്‍ പെട്ടുപോകുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ജോസ് എന്ന സ്ഥലമുടമ വീട് നിര്‍മിച്ച് വില്‍പന നടത്തി വരുന്ന ആളാണ്. മുകള്‍ നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായിട്ട് രണ്ടാഴ്ചയില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ എന്നാണ് വിവരം. അശാസ്ത്രീയ നിര്‍മാണരീതി അടക്കം അപകടത്തിന് വഴിവെച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് മേല്‍കൂര തകര്‍ന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടത്തിന് വഴിവെച്ചത് അശാസ്ത്രീയ നിര്‍മാണരീതി

Keywords:  One dead after building collapses in Pathanamthitta, Pathanamthitta, News, Local News, Accidental Death, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia