പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഭിന്നതയിലല്ല; യുപിയില്‍ നേതൃമാറ്റവുമില്ല; അഭ്യൂഹങ്ങള്‍ തള്ളി ബി ജെ പി

 


ന്യൂഡെല്‍ഹി: (www.kvartha.com 07.06.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ഭിന്നതയിലല്ല, യുപിയില്‍ നേതൃമാറ്റവുമില്ല. അഭ്യൂഹങ്ങള്‍ തള്ളി ബി ജെ പി. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങ് ഇക്കാര്യം പറഞ്ഞത്. അഭ്യൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ള മാധ്യമ റിപോര്‍ടുകളില്‍ കഴമ്പില്ലെന്നും പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ നടപ്പാക്കാന്‍ ഏറ്റവും അധികം കഴിവുള്ള ആളാണു യോഗി ആദിത്യനാഥെന്നും രാധാ മോഹന്‍ സിങ് അറിയിച്ചു.

പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഭിന്നതയിലല്ല; യുപിയില്‍ നേതൃമാറ്റവുമില്ല; അഭ്യൂഹങ്ങള്‍ തള്ളി ബി ജെ പി

പാര്‍ടി തലത്തിലോ സര്‍കാര്‍ തലത്തിലോ നേതൃമാറ്റം ഉണ്ടാകേണ്ട ഒരു സാഹചര്യവും ഉത്തര്‍പ്രദേശില്‍ ഇല്ലെന്നും സംസ്ഥാന ഘടകത്തിന്റെ ചുമതല വഹിക്കുന്ന നേതാവു കൂടിയായ സിങ് പറഞ്ഞു. 'മന്ത്രിസഭാ വിപുലീകരണം ഉള്‍പെടെയുള്ള കാര്യങ്ങള്‍ തല്‍ക്കാലം ആലോചനയില്‍ ഇല്ല. സംസ്ഥാന സര്‍കാരും ബിജെപിയും മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. അതിലാണു തല്‍ക്കാലം ശ്രദ്ധിക്കുന്നത്' എന്നും സിങ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ പാര്‍ടി നേതൃത്വത്തില്‍നിന്നു യോഗിയെ ഒഴിവാക്കണമെന്നു സംസ്ഥാന ഘടകത്തില്‍ ആവശ്യം ഉയര്‍ന്നതായി റിപോര്‍ടുകള്‍ പുറത്തു വന്നതോടെയാണ് അഭ്യൂഹങ്ങളുടെ തുടക്കം. ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ബിജെപി എംഎല്‍എമാര്‍ വരെ യോഗിയുടെ നയങ്ങളോടു വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കും എന്നായിരുന്നു സീതാപ്പുര്‍ എംഎല്‍എ രാകേഷ് റാത്തോഡിന്റെ പ്രതികരണം.

പിന്നാലെ യോഗിയുടെ പിറന്നാള്‍ ദിനത്തില്‍ മോദിയും കേന്ദ്രമന്ത്രി അമിത് ഷായും സമൂഹ മാധ്യമങ്ങളില്‍ ആശംസകള്‍ അറിയിക്കാതിരിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്കു ചൂടുപിടിച്ചു. എന്നാല്‍ യോഗിയെ പ്രധാനമന്ത്രി നേരിട്ടു വിളിച്ചിരുന്നുവെന്നും കോവിഡ് കാലമായതിനാല്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആര്‍ക്കും ജന്മദിനാശംസകള്‍ നേരാറില്ലെന്നുമാണു പ്രധാനമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

Keywords:  'No rift between PM Modi, CM Yogi', BJP leaders assert, as reports claim dissent in UP, New Delhi, News, Politics, BJP, Yogi Adityanath, Prime Minister, Narendra Modi, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia