കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു; മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒന്നടങ്കം പുറത്താക്കി കിം ജോങ് ഉന്‍

 


സോള്‍: (www.kvartha.com 30.06.2021) കോവിഡിനെ വേണ്ടവിധത്തില്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒന്നടങ്കം പുറത്താക്കി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. രാജ്യത്തെ 'വലിയൊരു പ്രതിസന്ധി'യിലേക്ക് തള്ളിവിട്ടതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കിം ജോങ് ഉന്‍ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. ഭരണം കൈയാളുന്ന ഉത്തരകൊറിയ വര്‍കേഴ്സ് പാര്‍ടിയുടെ ഉന്നത നേതാക്കളും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പെടുന്നതായും റിപോര്‍ടുണ്ട്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു; മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒന്നടങ്കം പുറത്താക്കി കിം ജോങ് ഉന്‍

എന്നാല്‍ ആരെയൊക്കെയാണ് പുറത്താക്കിയതെന്നതും എത്ര ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയതെന്നതും സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് കിം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയതിന് രണ്ടു പേര്‍ക്ക് കിം ഭരണകൂടം വധശിക്ഷ നടപ്പാക്കിയിരുന്നു. കോവിഡ് നിയന്ത്രണം ലംഘിച്ച് ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തതിനായിരുന്നു ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചത്. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജ്യം കടുത്ത വറുതിയിലേക്ക് നീങ്ങുകയാണെന്നും റിപോര്‍ടുകളുണ്ട്.

കോവിഡ് 19 മഹാമാരി ഉത്തര കൊറിയയെ രൂക്ഷമായി ബാധിച്ചതായാണ് വിവരം. രാജ്യത്ത് നിലനില്‍ക്കുന്ന വളരെ ദുര്‍ബലമായ ആരോഗ്യ-ചികിത്സാ സംവിധാനം ഉയര്‍ന്ന തോതിലുള്ള രോഗികളെ ചികിത്സിക്കുന്നതില്‍ പരാജയപ്പെട്ടതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. കോവിഡ് പരിശോധനാ സംവിധാനങ്ങളും ഉത്തര കൊറിയയില്‍ വളരെ ദുര്‍ബലമാണ്.

നിലവില്‍ രാജ്യത്ത് കോവിഡ് 19 എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നും മരണങ്ങള്‍ എത്രയെന്നും സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ അതിശക്തമായ നടപടികളാണ് ഉത്തര കൊറിയ കൈകൊള്ളുന്നതെന്നാണ് ചില റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി 2020 ജനുവരി മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്.

Keywords:  Kim Jong Un warns of 'grave consequences' and fires top officials after Covid-19 incident, North Korean leader, Health, Health and Fitness, Report, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia