തൂക്കുമരത്തിൽ നിന്ന് പുതുജീവിതത്തിലേക്ക്; എം എ യൂസഫലിയുടെ കാരുണ്യത്തിൽ ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു

 


തൃശൂർ: (www.kvartha.com 09.06.2021) മരണത്തിന്റെ മുഖാമുഖത്ത് നിന്ന് നാടിന്റെ സുരക്ഷയിലേക്ക് ബെക്‌സ് കൃഷ്ണന്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദബി ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി ബെക്‌സ് കൃഷ്ണന്‍, വ്യവസായി എം എ. യൂസഫലിയുടെ നിർണായക ഇടപെടൽ മൂലമാണ് മോചിതനായത്. ആറ് വർഷമാണ് ഇതിനായി അദ്ദേഹം പ്രയത്നിച്ചത്. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. ഭാര്യ വീണയും മകൻ അദ്വൈതും ബന്ധുക്കളും വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു.

തൂക്കുമരത്തിൽ നിന്ന് പുതുജീവിതത്തിലേക്ക്; എം എ യൂസഫലിയുടെ കാരുണ്യത്തിൽ ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു

വധശിക്ഷയായതിനാൽ നല്ല പേടിയുണ്ടായിരുന്നുവെന്ന് ബെക്സ് കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അവിടെ അത്തരത്തിൽ വധശിക്ഷ നടക്കുന്നതാണ്. ഞാനവിടെയുള്ളപ്പോൾ തന്നെ ഏഴോളം പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. വിഷയത്തിൽ യൂസഫലി സാർ ഇടപെട്ടത്തോടെ പകുതി ടെൻഷൻ മാറി.
അത് വലിയ ആശ്വാസമായിരുന്നുവെന്ന് ബെക്സ് കൂട്ടിച്ചേർത്തു.

2012 സെപ്റ്റംബർ ഏഴിനായിരുന്നു ആ ദുരന്തം നടന്നത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലൻ മരണപ്പെടുകയായിരുന്നു. ജോലി സംബന്ധമായി മുസഫയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അബുദബി പൊലീസ് ബെക്‌സിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു കുറ്റപത്രം സമർപിച്ചു. കുട്ടികളുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചതെന്ന സിസിടിവിയുടെയും മറ്റും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി 2013 ൽ ബെക്‌സനെ വധശിക്ഷയ്ക്ക് വിധിച്ചു.

ബെക്സിന്റെ മോചനത്തിനായി കുടുംബം പല ശ്രമങ്ങളും നടത്തി. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ ദുരിതമറിഞ്ഞ എം എ യൂസുഫലി വിഷയത്തിൽ ഇടപെടുന്നത്. ആറ് വർഷം അദ്ദേഹം ഇതിന്റെ പിറകെയായിരുന്നു. ഒരു സമയം സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ടായിരുന്നു അദ്ദേഹത്തിന്. കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ചകളും ഒരു കോടി രൂപ ദയാധനം നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്. തുക മുഴുവൻ യുസഫലിയാണ് നൽകിയത്.

ഇവിടെയും തീർന്നില്ല യൂസഫലിയുടെ കാരുണ്യം. ഒടുവിലായി ബെക്സ് കൃഷ്ണന് ജോലി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords:  Kerala, News, Thrissur, M.A.Yusafali, Helping hands, Dubai, Jail, Abu Dhabi, Man, From the gallows to the new life; At the mercy of MA Yusufali, Bex Krishnan reached home.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia