പിതാവ് മരിച്ച ബിഹാറിലെ 'സൈകിള്‍ ഗേള്‍' ജ്യോതി കുമാറിന് സഹായവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി

 


പട്ന: (www.kvartha.com 05.06.2021) പിതാവ് മരിച്ച ബിഹാറിലെ 'സൈകിള്‍ ഗേള്‍' എന്നറിയപ്പെടുന്ന ജ്യോതി കുമാറിന് സഹായവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി. ജ്യോതിയുമായി ഫോണില്‍ സംസാരിച്ച പ്രിയങ്ക അവരെ അനുശോചനം അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ആദ്യ ലോക്ഡൗണിന്റെ സമയത്തു അപകടത്തില്‍ പരിക്കേറ്റ പിതാവുമായി 1200 കിലോമീറ്റര്‍ സൈകിള്‍ ചവിട്ടി നാട്ടിലെത്തി താരമായ ജ്യോതികുമാരിക്ക് (15) ജൂണ്‍ ആദ്യമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനെ നഷ്ടമായത്. ഇ-റിക്ഷ ഡ്രൈവറായ മോഹന്‍ പസ്വാന്‍ മരിച്ചതോടെ നിത്യച്ചെലവിനു പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ജ്യോതി. ജ്യോതിയുടെ വിദ്യാഭ്യാസം ഉള്‍പെടെയുള്ള ചെലവുകള്‍ വഹിക്കുമെന്നു പ്രിയങ്ക അറിയിച്ചു.

പിതാവ് മരിച്ച ബിഹാറിലെ 'സൈകിള്‍ ഗേള്‍' ജ്യോതി കുമാറിന് സഹായവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി

പ്രിയങ്കയെ നേരിട്ട് കാണണമെന്ന് ജ്യോതി ആഗ്രഹം പ്രകടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം ഡെല്‍ഹിയില്‍ കാണാമെന്ന് പ്രിയങ്ക അറിയിച്ചു. പ്രിയങ്കയുടെ നിര്‍ദേശപ്രകാരം ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതായി ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ഡോ. മദന്‍ മോഹന്‍ ഝാ പറഞ്ഞു.

ഡെല്‍ഹിക്കു സമീപം ഗുഡ്ഗാവിലായിരുന്നു ബിഹാര്‍ സ്വദേശിയായ മോഹന്‍ പസ്വാന്‍ ഇ-റിക്ഷ ഓടിച്ചിരുന്നത്. 2020 മാര്‍ച്ചില്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന പിതാവിനെ കാണാന്‍ ജ്യോതികുമാരിയെത്തിയതിനു പിന്നാലെയാണ് രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായതിനെത്തുടര്‍ന്ന് സൈകിളിലാണ് സ്വന്തം നാടായ ബിഹാറിലെ ദര്‍ഭംഗയിലേക്ക് ഇരുവരും പോയത്.

ഏഴു ദിവസം സൈകിള്‍ ചവിട്ടിയാണ് ഇരുവരും നാട്ടിലെത്തിയത്. പണമില്ലാത്തതിനാല്‍ പലപ്പോഴും പട്ടിണിയായിരുന്നു. ഉള്ള കാശും കടം വാങ്ങിയതും വച്ചാണ് സൈകിള്‍ വാങ്ങിയത്. ലോക്ഡൗണില്‍ നരകിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രതിനിധിയായാണ് ജ്യോതികുമാരിയെ എല്ലാവരും കണ്ടത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ ബല്‍ പുരസ്‌കാരം ജ്യോതിയെ തേടിയെത്തി.

ഐ ഐ ടി - ജെ ഇ ഇ പരിശീലന ക്ലാസ് നടത്തുന്ന സൂപര്‍ 30 കോച്ചിങ് കേന്ദ്രത്തിന്റെ ആനന്ദ് കുമാര്‍, മത്സരപരീക്ഷയ്ക്ക് സൗജന്യ ട്യൂഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ബിഹാറിലെ ലോക് ജനശക്തി പാര്‍ടി ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്നു പറഞ്ഞിരുന്നു. യുപിയിലെ സമാജ് വാദി പാര്‍ടി ജ്യോതിക്കും കുടുംബത്തിനുമായി ഒരു ലക്ഷം രൂപ വാഗ്ദാനം നല്‍കി. സൈകിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡെല്‍ഹിയിലെ ട്രയലിലേക്ക് ജ്യോതിയെ ക്ഷണിച്ചിരുന്നു.

Keywords: Bihar's 'cycle girl' gets helping hand from Priyanka Gandhi Vadra, Patna, Bihar, News, Lockdown, Trending, Priyanka Gandhi, Education, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia