അധിനിവേശത്തെ ചെറുത്ത അറക്കൽ ദൗത്യത്തിന് പത്തരമാറ്റ്

 


സി കെ എ ജബ്ബാർ

(www.kvartha.com 07.06.2021) ലക്ഷദ്വീപിന്റെ ചരിത്രത്തിൽ അധിനിവേശത്തെ തുരത്തി വിട്ട അറക്കൽ നാവികപ്പടയുടെ ഒരു ദൗത്യമുണ്ട്. ആ ദൗത്യത്തിന്റെ സമകാലിക രാഷ്ട്രീയ ഉത്തരവാദിത്വമാണ് ലക്ഷദ്വീപിന്റെ പേരിൽ ഉയർന്ന പ്രതിരോധത്തിൽ നിക്ഷിപ്തമായിരിക്കുന്നത്. കേരളത്തിന്റെ സമുദ്രാധിപത്യം നേടാൻ ആവശ്യമായ മർമ്മ പ്രധാന ഇടമായി കണ്ട ഈ 'മമ്മാലി ചാനൽ' പിടിച്ചെടുക്കാൻ അന്ന് സാമ്രാജ്യത്തം പയറ്റിയ തന്ത്രങ്ങൾ തന്നെയാണ് ദേശീയ ഭരണത്തിൻ്റെ മേലങ്കിയണിഞ്ഞവരും ഇപ്പോൾ പയറ്റുന്നത്. ചരിത്ര സംഭവങ്ങളെ ചേർത്ത് വെച്ച് വിശകലനം ചെയ്താൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് ഗതകാലവുമായി ഏറെ സാമ്യതകളുണ്ട്.

കേരളത്തിൽ നാട്ടുരാജവംശങ്ങളിൽ നാവികപ്പടയുള്ള ഏക രാജസ്വരൂപമായ അറക്കൽ രാജവംശം അന്ന് ദ്വീപ് സമൂഹങ്ങളെ സാമ്രാജ്യത്തത്തിൽ നിന്ന് ചെറുത്ത് നിന്നിലായിരുന്നുവെങ്കിൽ പിന്നീടുണ്ടായ സ്വാതന്ത്യ സമര മുന്നേറ്റത്തിന് ലക്ഷദ്വീപ് കടുത്ത കടമ്പയാവുമായിരുന്നു. ലക്ഷദീപിന് വേണ്ടി അറക്കൽ സ്വരൂപത്തെ അന്ന് അത്രമാത്രം സാമ്രാജ്യത്വം പീഡിപ്പിച്ചിരുന്നു. എന്തിനാണെന്ന് പറഞ്ഞാൽ കേരള തീരത്തേക്ക് കടൽമാർഗ കയ്യേറ്റത്തിനുള്ള എളുപ്പ വഴിയാണിത്. മംഗലാപുരം വരെയുള്ള തുറമുഖങ്ങൾ അദാനിയും അതിൻ്റെ ലോക കൺസോർഷ്യത്തിൻ്റെയും കയ്യിലൊതുക്കിയിരിക്കെ, അതേ കരങ്ങളിലമർന്ന വിഴിഞ്ഞം തുറമുഖത്തിൻ്റെയും തിരുവനന്തപുരം വിമാനതാവളത്തിൻ്റെയും മേധാശക്തി തന്നെയാണ് പുതിയ വേഷമണിഞ്ഞ് ലക്ഷദ്വീപിൻ്റെ പിന്നണിയിലെന്ന് ഉറപ്പാണ്.

അധിനിവേശത്തെ ചെറുത്ത അറക്കൽ ദൗത്യത്തിന് പത്തരമാറ്റ്

ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസ്സാക്കിയ കേരളം, സംസ്ഥാനത്തെ തുറമുഖങ്ങളിൽ ഇതേ കോർപറേറ്റുകൾ പ്രചന്നവേഷമണിഞ്ഞ് നിൽക്കുന്നുവെന്ന കാര്യം വിസ്മരിച്ചു പോകരുത്. ഈ വസ്തുത കൂടി ചേർത്ത് വെച്ച് വേണം അന്തർധാരയുടെ ശേഷിയെ വിലയിരുത്താൻ. അങ്ങിനെയൊരു നിരൂപണത്തിലാണ് ചരിത്രത്തിൽ അറക്കൽ നിർവഹിച്ച ദൗത്യത്തിൻ്റെ പ്രസക്തി കടന്നു വരുന്നത്.


മർമ്മപ്രധാനം ഈ 'മമ്മാലി ചാനൽ'

അറക്കല്‍ ചരിത്രത്തിൻ്റെ മൂന്ന് ഘട്ടങ്ങളിലും കേരള തീരത്തിൻ്റെ നിർണ്ണായക കാവൽ താവളമായിരുന്നു ലക്ഷദ്വീപ്. കോലത്തിരി രാജവംശവുമായി ചേര്‍ന്നു കിടക്കുന്ന ഹിന്ദു-മുസ്‌ലിം മത-ജാതി സംസ്‌കാരങ്ങളുടെ സങ്കരവര്‍ഗത്തിലധിഷ്ഠിതമായ മമ്മാലിമാരുടെ പങ്കാളിത്ത ഘട്ടത്തിൽ പോര്‍ച്ചുഗീസുകാരോട് ധീരമായി പോരാടുന്നതിൻ്റെ മർമ്മ മാർഗ്ഗം ദ്വീപുകളാണെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൊളോണിയലിസത്തിന്റെ ത്രികോണ ഭീഷണിയെ (പൊര്‍ച്ചുഗീസ്, ഡച്ച്, ബ്രീട്ടിഷ്) നേരിട്ട അറക്കല്‍ സ്വരൂപത്തിൻ്റെ നാവിക പ്രൗഡിയുടെ താവളമായിരുന്നു ലക്ഷദ്വീപ്. രാജ പ്രതാപം അസ്തമിച്ചു പോവുകയും എന്നാല്‍ ശേഷിപ്പുകളില്‍ മലബാറിലെ സാമൂഹിക മാറ്റത്തിനായി നിറഞ്ഞു നിന്നതുമായ മൂന്നാം ഘട്ടത്തിലും മലബാറുമായുള്ള ചരക്ക് ജലഗതാഗതത്തിലും ദ്വീപ് വലിയ പങ്ക് വഹിച്ചു.

അറക്കല്‍ അഞ്ചാമനായ ആലിമുസ്സ അഗത്തി, കവറത്തി, അന്ത്രോത്ത്, കല്‍പേനി, മിനിക്കോയ് ദീപുകള്‍ക്ക് പുറമെ ആറ് ദീപുകള്‍ കൂടി കൊളോണിയല്‍ സ്വാധീനത്തില്‍ നിന്ന് പിടിച്ചെടുത്ത് കോലത്തിരിക്ക് നല്‍കി എന്നാണ് ചരിത്രം. ഇതിന് പാരിതോഷികമായാണ് കോലത്തിരി അറക്കല്‍ സ്വരൂപത്തിന് കണ്ണൂര്‍ നഗരം മുഴുവനും കണ്ണോത്തുംചാലും നല്‍കിയത്.
മലബാര്‍ മാനുവലില്‍ ഡബ്ല്യൂ ലോഗന്‍ രേഖപ്പെടുത്തിയ ഒന്നുമുതല്‍ അഞ്ച്‌വരെയുള്ള അറക്കല്‍ ഭരണാധിപന്‍മാരുടെ പട്ടിക ഇങ്ങനെയാണ്. (1) മമ്മദലി (2) ഹുസ്സന്‍അലി (3) അലീമുണ്ണി (4) കുഞ്ഞിമൂസ (5) അലിമൂസ. എല്ലാ പേരിനുമൊപ്പം ആദിരാജ എന്ന സ്ഥാനപ്പേരും ചേര്‍ത്താണ് അറക്കല്‍ ഭരണാധികാരികള്‍ അറിയപ്പെടുന്നത്.

അറക്കല്‍ രാജപദവിക്ക് വിത്യസ്തങ്ങളായ വിശേഷണങ്ങളിൽ 'ആഴിരാജ' എന്നൊരു പ്രയോഗം ആംഗലേയ രേഖകളിലുണ്ട്. കടലുകളുടെ അധിപതി എന്ന നിലക്കുള്ള 'ആഴിരാജ'യെന്ന പദവി പിന്നെ ആദിരാജയായി എന്ന് ചരിത്രകാരൻമാർ വ്യാഖ്യാനിക്കുന്നു. അക്കാലത്തെ തുറമുഖ വാണിജ്യത്തിന്റെ നട്ടെല്ലായിരുന്നു അറക്കല്‍ സ്വരൂപം. അന്നത്തെ ഏറ്റവും വലിയ ശക്തികേന്ദ്രീകരണമായ കടല്‍വാണിജ്യം അറക്കല്‍ സ്വരൂപത്തിന്റെ മുഖമുദ്രയായിരുന്നു. എ ഡി 12ാം നൂറ്റാണ്ടിനടുത്ത് കേരളത്തിലെത്തിയ ഇബ്‌നുബത്തൂത്തയുടെ സഞ്ചാരക്കുറിപ്പില്‍ കണ്ണൂരിലെ 'കോവിലകം' ഭരണത്തെയും, കണ്ണൂര്‍ തീരത്തെയും പരാമര്‍ശിക്കുന്നുണ്ട്. ഇതിൽ ദ്വീപ് സമൂഹവും ചേർന്നിട്ടുണ്ട്.


കടലും കരയും എന്നും ചൂഷണ മാർഗം

ലക്ഷദ്വീപ് മുതല്‍ ബംഗാള്‍ വരെയുള്ള കടലിടുക്കുകള്‍ അറക്കൽ സ്വരൂപത്തിൻ്റെ വ്യാപാര സ്വാധീനത്തിലായിരുന്നു. കേരളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത അറക്കലിൻ്റെ നാവികപ്പടയെ പോര്‍ച്ചുഗീസുകാര്‍ നേരിട്ടു. പതിനാറാം നൂറ്റാണ്ടില്‍ അറക്കല്‍ സ്വരൂപത്തിന്റെ നാവികശേഷി മാതൃരാജ്യത്തിന് വേണ്ടി വേണ്ടുവോളം ഉപയോഗപ്പെട്ടു. അറബിക്കടലിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കടല്‍യുദ്ധത്തില്‍ മലബാറിലെ കുഞ്ഞാലിമരക്കാര്‍മാരോടൊപ്പം ആലിരാജാക്കന്‍മാരും മഹനീയമായ പങ്കാണ് വഹിച്ചത്. അറക്കല്‍ സ്വരൂപത്തിന്റെ രാജ്യവിസ്തൃതി ഹാമിള്‍ട്ടണ്‍ വിവരിച്ചിട്ടുണ്ട്.

ലക്ഷദ്വീപുകള്‍ അറക്കല്‍ ചരിത്രത്തിന്റെ ഏറ്റവും പ്രധാനമായ പ്രൗഢി ചിഹ്‌നമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ചിറക്കല്‍ കോവിലകത്തിന്റെ ഭാഗമായിരുന്നു ദ്വീപുകള്‍. പിന്നീട് വ്യാപാരാര്‍ഥം അറക്കല്‍ സ്വരൂപം ഏറ്റെടുത്തു. സൗഹൃദപരമായ ഈ കൈമാറ്റത്തെ അറക്കൽ പിന്നീട് രചനാത്മകമായി വിനിയോഗിച്ചു. കുടുംബങ്ങളെ അവിടെ കുടിയേറി പാര്‍പ്പിച്ച് നാളികേര കൃഷി തുടങ്ങിയത് അറക്കൽ മേധാവിത്വത്തിലാണ്. എ ഡി 1183ലെ അലിമൂസയുടെ ഭരണകാലവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ മാലി ദ്വീപ് അലിമൂസ കയ്യടക്കിയെന്നാണ് ആംഗലേയ രേഖ. പോര്‍ച്ചുഗീസ് അക്രമണ വേളയില്‍ മാലിദ്വീപില്‍ ദ്വീപ് സുല്‍ത്താന്‍ പരമ്പരയിലെ കാലു മുഹമ്മദിനെ അധികാരത്തില്‍ അവരോധിക്കാന്‍ അറക്കൽ ആലിരാജാവ് ഇടപെട്ടതായി എച്ച് സി ബെല്‍ കണ്ടെടുത്ത രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. 1512ല്‍ ഗവര്‍ണര്‍ അല്‍ബുക്കര്‍ക്കിനോടും ആലിരാജാവ് ഇത് വെളിപ്പെടുത്തിയതായി പോര്‍ച്ചുഗല്‍ രേഖകളിലുണ്ട്.

സാധാരണ നിലയില്‍ നാവികശേഷിയില്ലാതെ ഈ ദ്വീപുകളില്‍ മേധാവിത്വം നിലനിര്‍ത്താനാവില്ല. സമുദ്രപര്യടനവുമായി ബന്ധപ്പെട്ട ഹൈന്ദവ ആചാര വിലക്കുകളുടെ പശ്ചാത്തലത്തിൽ കോലത്തിരിയും ദ്വീപിന്‍മേലുള്ള അറക്കലിന്റെ മേധാവിത്വത്തെയാണ് ഇഷ്ടപ്പെട്ടത്. കടലിന്റെ ഉടമകളായി വാഴാന്‍ കഴിഞ്ഞ അറക്കലിന്റെ ഈ സവിശേഷതയാണ് കൊളോണിയല്‍ ശക്തിക്കും വിനയായത്. മിനിക്കോയിയെയും ലക്ഷദ്വീപിനെയും വേര്‍തിരിക്കുന്ന കടലിടുക്കിനെ പോര്‍ച്ചുഗീസുകാര്‍ 'മമ്മാലിച്ചാനല്‍' എന്ന് അവരുടെ രേഖകളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. മർമ്മ പ്രധാനമായ ഈ മേഖല ഇന്നും കോർപറേറ്റുകളുടെ മറവിൽ സാമ്രാജ്യത്തം കണ്ണുവെക്കുന്നത് സ്വാഭാവികം. പോര്‍ച്ചുഗീസ് അധിനിവേശം അതിന്റെ പത്രാസനുസരിച്ച് നടക്കാതെ വൈകിപ്പോയതും അറക്കല്‍ നാവികപ്പട ദ്വീപ് സമൂഹങ്ങളുടെ പിന്‍ബലത്തോടെ നടത്തിയ ചെറുത്ത് നില്‍പ്പുകളായിരുന്നു. പോര്‍ച്ചുഗീസുകാരാണ് അറക്കലിന്റെ നാവിക മേധാവിത്വം തകര്‍ക്കാന്‍ ശ്രമിച്ചത്. അധിനിവേശത്തെ ചെറുത്ത് നിന്ന അറക്കല്‍ നാവിക സേനയുടെ കരുത്ത് പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കുമേ അറിയൂ. എ ഡി 1908 വെര നീണ്ട വലിയൊരു ആധിപത്യ കാലഘട്ടത്തിന്റെ ചരിത്രമാണ് ദ്വീപും അറക്കലും തമ്മിലുള്ളത്. ദീപുകളുടെ മേധാവിത്വത്തിലാണ് സ്വരൂപം വ്യാപാര രാഷ്ട്രീയ മേല്‍കൊയ്മ നേടിയത്.


അന്നും കൊടിയ പീഡനം

ദ്വീപിന് വേണ്ടിയുള്ള വടംവലിയിൽ അറക്കൽ സ്വരൂപം കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ പ്രബുദ്ധതയിൽ ദ്വീപ് സമൂഹത്തിന് വേണ്ടി പൊതുബോധം പ്രതികരിക്കുന്നുവെന്നത് വലിയ അനുഗ്രഹമാണ്. അന്ന് നാടുവാഴി തമ്പുരാക്കൻമാരുടെ സിംഹാസന പ്രധാനമാണ് പ്രതികരണ രാഷ്ട്രീയം. നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ച് കാര്യം നേടുന്ന പശ്ചാത്തലമുള്ളതിനാൽ ചെറുത്ത് നിൽപ്പുകൾ ദുർബലപ്പെട്ടു.

1790ല്‍ മലബാറിലെ നാടുവാഴികള്‍ക്കെല്ലാം ഇംഗ്ലീഷുകാര്‍ നല്‍കിയ കല്‍പന ടിപ്പു സുല്‍ത്താെനതിരെ യുദ്ധം ചെയ്യാന്‍ തലശ്ശേരി കോട്ടയില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന കമ്പനിപ്പട്ടാളത്തിന് എല്ലാ സഹായവും ചെയ്യണമെന്നായിരുന്നു. ഇതനുസരിച്ച് കണ്ണൂര്‍ കോട്ടയുടെ മേല്‍ അവകാശവാദമുന്നയിച്ച് അറക്കല്‍ സ്വരൂപത്തെ ഈസ്റ്റ്ഇന്ത്യാ കമ്പനി പീഡിപ്പിച്ചത് ചരിത്ര രേഖകളിൽ കാണാം. ഒപ്പം ദ്വീപ് വിട്ടു കൊടുക്കണമെന്ന് വാശി പിടിച്ചു. ജനറല്‍ ആബര്‍കോബ്രിക്കിനോട് അറക്കല്‍ ബീവി ജുനൂമ്മബി നടത്തിയ നിയമയുദ്ധവും വിയോജിപ്പുകളും ചരിത്രത്തിൽ വലിയ സംഭവമായി രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ ധീരമായിരുന്നു ബീവിയുടെ ഈ ചെറുത്ത് നില്‍പ്പ്. പക്ഷെ വെള്ളപ്പട്ടാളം അന്ന് നരനായാട്ട് തന്നെ നടത്തി. അറക്കല്‍ പട്ടാളത്തോട് അതിക്രൂരമായാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി പെരുമാറിയത്. ജുനൂമ്മബീവിയെപ്പോലും കോട്ടയില്‍ തടവുകാരിയാക്കി. കാര്യസ്ഥന്‍മാരെ മൃഗീയമായി മര്‍ദ്ദിച്ചു. അറക്കല്‍ കൊട്ടാരം കൊള്ളചെയ്തു. ഒടുവിലാണ് ഗതിയില്ലാതെ കോട്ട വിട്ട് കൊടുത്തത്. ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതോടെ ടിപ്പുവിനെ ആ്രശയിച്ചിരുന്ന എല്ലാ നാടുവാഴികളുടെയും രക്ഷാധികാരികളായി ബ്രിട്ടീഷുകാര്‍ മാറി.

1796ല്‍ ഇംഗ്ലീഷുകാര്‍ കണ്ണൂര്‍ വീണ്ടും ഉപരോധിച്ച് ബീവിയിൽ നിന്ന് ലക്ഷദ്വീപ് നേടിയെടുക്കാൻ ഭീഷണി മുഴക്കി. തുടർന്നാണ് ദ്വീപുകളുടെ വരുമാനം മുന്‍നിര്‍ത്തി പതിനായിരം രൂപ കപ്പം കല്‍പിക്കപ്പെട്ടത്. ഇതോടൊപ്പം അറക്കലിന്റെ പേരിലുള്ള 23 ഏക്കര്‍ കണ്ണൂർ കോട്ടമൈതാനം കവര്‍ന്നെടുത്ത് പട്ടാള ബാരക്ക് പണിതു. തുടർന്നാണ് കണ്ണൂര്‍ കണ്ടോണ്‍മെന്റിന്റെ ജനനം.

1847ല്‍ ദ്വീപിലുണ്ടായ അതിവിപുലമായ പ്രകൃതിക്ഷോഭത്തിന്റെ പ്രത്യാഘാതം അറക്കല്‍ അനുഭവിച്ചു. തുടർന്ന് 1854ല്‍ ലക്ഷദ്വീപ് സമൂഹം മുഴുവനും വെള്ളക്കാരുടെ കയ്യിലായി. പക്ഷെ, ശക്തമായ നിയമയുദ്ധത്തിനൊടുവില്‍ ദ്വീപുകള്‍ 1861ല്‍ അറക്കല്‍ സ്വരൂപത്തിന് തിരിച്ചു കിട്ടിയിരുന്നു.പക്ഷെ, അറക്കലിന്റെ ദ്വീപ് ഭരണം പിന്നെ ദുര്‍ബലമായിരുന്നു. കപ്പമടക്കാന്‍ വീഴ്ചവരുത്തിയെന്ന പേരില്‍ 1875ല്‍ മദിരാശി സര്‍ക്കാര്‍ ദ്വീപ് ഭരണം ഏറ്റെടുത്തു. കപ്പം മുഴുവനും അടച്ചാല്‍ ദ്വീപ് തിരിച്ചു നല്‍കാമെന്ന ഉപാധി പാലിക്കപ്പെട്ടില്ല. 1903ല്‍ ഇതിനെതിരെ അറക്കല്‍ സ്വരുപം നിയമനടപടി സ്വീകരിച്ചു. പക്ഷെ, വിധി എതിരായിരുന്നു. അങ്ങിനെ 1908ല്‍ പ്രതിവര്‍ഷം 23,000 രൂപ മാലിഖാന് പകരമായി ദ്വീപുകള്‍ അറക്കൽ സ്വരൂപത്തിന് കയ്യൊഴിയേണ്ടി വന്നു.

ലക്ഷദ്വീപ് വിട്ട് കൊടുത്തപ്പോഴുണ്ടായ വാഗ്ദാനം മാറി മാറി വന്ന കേന്ദ്ര സര്‍ക്കാര്‍ പൂർണമായും പാലിച്ചില്ല. 1909 ലാണ് ലക്ഷദ്വീപുകള്‍ വിട്ട് കൊടുത്തപ്പോൾ അന്നത്തെ അളവനസുരിച്ച് 12.3 സ്‌ക്വയര്‍ മൈല്‍ ആന്ത്രോത്ത് ദീപ്, 1 സ്‌ക്വയര്‍ മൈല്‍ കല്‍പേനി, 11.3 സ്‌ക്വര്‍ മൈല്‍ കവരത്തി, 12.3 സ്‌ക്വയര്‍ മൈല്‍ അഗത്തി, രണ്ട്‌സ്‌ക്വയര്‍ മൈല്‍ മിനിക്കോയ് എന്നീ ദ്വീപുകളുടെ വിട്ടു കൊടുത്ത ഭൂവിസ്തൃതി ചരിത്ര രേഖകളിലുണ്ട്. അന്നത്തെ പ്രതിവര്‍ഷ മൂല്യം 23,000 രൂപക്കാണീ കരാര്‍. അണ വ്യവസ്ഥയുടെ കാലത്തെ ഈ രൂപയുടെ മൂല്യം ഇന്ന് പുന:പരിശോധിക്കാനുള്ള അറക്കല്‍ സ്വരൂപത്തിന്റെ അപേക്ഷപോലും പൂർണാർത്ഥത്തിൽ നടപ്പിലായിട്ടില്ല.


കീഴടക്കുന്ന ആകാശവും കടലും

തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിമുറുക്കിയ അദാനിയുടെ വ്യവസായ സാമ്രാജ്യ കണ്ണ് കേേരളത്തിൽ മുച്ചൂടുമുണ്ട് എന്നത് എടുത്ത് പറയേണ്ടതില്ലാത്ത ഗൂഡതത്വമാണ്. കടലും കരയും ആകാശവും ഉൾപ്പെടുന്ന ഒരു വലിയ ലോകമാണ് സ്വന്തമായി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം വിമാനതാവളത്തിൻ്റെ വികസനം,നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല അദാനി ഗ്രൂപ്പിന് നൽകിയപ്പോൾ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും വിട്ടു കൊടുത്തിരുന്നു. അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം വിമാനത്താവളങ്ങൾ നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. അതായത് മറ്റെന്തിനെക്കാളും പലതല മൂർച്ചയുള്ള കച്ചവട വഴി. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി കണക്കിലെടുത്താണ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള ശ്രമം സഫലീകരിച്ചത്.

മംഗളൂരു വിമാനത്താവളം കേരളത്തിെൻറ ഉത്തരഭൂമിയുടെ അയൽപക്കത്താണ്. ഇതോടെ കേരളത്തിലെ കടലിടുക്ക് മുഴുവൻ സ്വന്തമാവണമെന്ന് കോർപറേറ്റുകൾ മോഹിക്കുന്നു. വിഴിഞ്ഞം പദ്ധതിക്ക് പുറമെ കണ്ണൂരിൽ അഴീക്കൽ തുറമുഖവും അദാനിയുമായി കൺസോർഷ്യത്തിലായ ചില ഗ്രൂപ്പുകളാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇടത് സർക്കാറിന് ഈ നീക്കത്തിൽ വികസന വ്യാഖ്യാനമുണ്ട്. വിഴിഞ്ഞത്തിൻറ വിവാദങ്ങളിൽ കഴമ്പില്ലെന്ന് വന്ന ഒരു ഘട്ടത്തിൽ അതിൻറ നിർവഹണ ചുമതല അദാനിയിലൂടെ തന്നെ ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതാണ്. ആദ്യ പ്രകടന പത്രികയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.

അദാനിഗ്രൂപ്പിനെതിരാണ് ഇടത് മുന്നണി എന്ന് വന്നാൽ വികസനത്തിന് എതിരാണ് എന്ന വ്യാഖ്യാനമുണ്ടാവുമെന്നാണ് അധികാരമേറ്റ ഉടനെ പിണറായി വിജയൻ അന്ന് നടത്തിയ പ്രസ്താവന. ഉമ്മൻചാണ്ടി സർക്കാറിൻറ കാലത്ത് വിഴിഞ്ഞത്ത് അദാനി തമ്പടിച്ചതിനെതിരായ പ്രക്ഷോഭം നയിച്ച
മുന്നണിയാണ് ഇടത്പക്ഷം. പക്ഷെ, അത് അഴിമതിക്കും ചൂഷണത്തിനും എതിരായിരുന്നുവെന്നും പദ്ധതിക്ക് എതിരല്ല എന്നുമുള്ള പുതിയ വ്യാഖ്യാനസഹിതമാണ് അദാനിയെ വിഴിഞ്ഞത്ത് അംഗീകരിക്കേണ്ടി വന്നത്. പിന്നീട് തിരുവനന്തപുരം വിമാനതാവളം കേന്ദ്രം സ്വന്തം മുഷ്ക് ഉപയോഗിച്ച് അദാനിയുടെ വരുതിയിൽ ഇട്ടുകൊടുത്തു.

ഇപ്പോൾ ലക്ഷദ്വീപിലെ ഇടപെടൽ ആകാശവും കടലും കരയും തമ്മിൽ കോർത്തിണക്കി വെച്ച കോർപറേറ്റ് അജണ്ടയുടെ മറ്റൊരു പതിപ്പാണെന്ന് അരി ആഹാരം കഴിക്കുന്ന ആരെയും പ്രത്യേകം ബോധ്യപ്പെടുത്തേണ്ടതില്ല. സാമ്രാജ്യത്തം ദ്വീപ് സമൂഹത്തെ സ്വന്തമാാക്കാൻ ശ്രമിച്ച പഴയ ചരിത്രത്തിൽ എന്താണോ ലക്ഷ്യമിട്ടത് അതേ അജണ്ട ജനാധിപത്യ സർക്കാറിൻ്റെ മറവിൽ കോർപറേറ്റുകൾ ഇപ്പോൾ പയറ്റുന്നുവെന്ന് മാത്രം.



Keywords:  Kerala, Article, History, Top-Headlines, C K A Jabbar, Lakshadweep, Muslim, Religion, Arakkal mission to resist the occupation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia