മരിച്ചുകിടക്കുന്നൊരു ബാലിക, അരികില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയൊരു മുത്തശ്ശിയും; അഞ്ചുവയസുകാരി മരിച്ചത് ഒരിറ്റു ദാഹജലം കിട്ടാതെ നിര്‍ജലീകരണം സംഭവിച്ച്; രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നൊരു ഉള്ളുലയ്ക്കുന്ന ദൃശ്യം

 



ജലോര്‍ (രാജസ്ഥാന്‍): (www.kvartha.com 09.06.2021) കൊടുംചൂടില്‍ ദാഹമകറ്റാന്‍ വെള്ളം കിട്ടാതെ തളര്‍ന്ന് വീണ ബാലിക പിന്നെ  ജീവിതത്തിലേക്ക് തിരികെ വന്നതേയില്ല. ഒരിറ്റു ദാഹജലം കിട്ടാതെ നിര്‍ജലീകരണം സംഭവിച്ച് അഞ്ചുവയസുകാരി മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ റാണിവാഡ മരുഭൂമിയില്‍ നിന്നുള്ള ഉള്ളുലയ്ക്കുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മരിച്ചുകിടക്കുന്നൊരു ബാലികയും അരികില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയൊരു മുത്തശ്ശിയുമായിരുന്നു ആ ചിത്രത്തില്‍. കടുത്ത ചൂടില്‍ ദാഹജലം കിട്ടാതെ വലഞ്ഞ്, നിര്‍ജലീകരണം സംഭവിച്ചാണ് ആ അഞ്ച് വയസുകാരി മരിച്ചത്. സ്വന്തം ഗ്രാമത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയുള്ള മുത്തശ്ശിയുടെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയ ഇരുവരും പകുതി വഴിയിലെത്തിയപ്പോള്‍ തന്നെ കൊടുംചൂടില്‍ ദാഹമകറ്റാന്‍ വെള്ളം കിട്ടാതെ തളര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

മരിച്ചുകിടക്കുന്ന ബാലികയേയും അരികില്‍ ബോധരഹിതയായി കിടക്കുന്ന മുത്തശ്ശിയെയും അതുവഴി പോയ ആട്ടിടയര്‍ ആണ് കണ്ടത്. ഇരുവരും ബോധം കെട്ട് കിടക്കുകയാണെന്ന് കരുതി മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചപ്പോളാണ് ബാലിക മരിച്ച വിവരം അവര്‍ അറിയുന്നത്. ബോധം തിരികെ കിട്ടിയ മുത്തശ്ശി കൊച്ചുമകളുടെ മൃതദേഹത്തിനരികില്‍ ഇരുന്ന് എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുതളരുകയും ചെയ്തു.

ആട്ടിടയര്‍ സംഭവം ഗ്രാമമുഖ്യനെ അറിയിക്കുകയും അദ്ദേഹം വിവരം നല്‍കിയനുസരിച്ച് ജില്ലാ അധികൃതര്‍ എത്തുകയും ചെയ്തു. മുത്തശ്ശിക്ക് നിര്‍ജലീകരണം സംഭവിച്ചിരുന്നെന്നും അതുതന്നെയാണ് ബാലികയുടെ മരണകാരണമെന്നും പൊലീസ് പറഞ്ഞു. 

'ഇരുവരും വെള്ളം കരുതിയിരുന്നില്ല. കനത്ത ചൂട് താങ്ങാനാകാതെ ശരീരത്തിലെ ജലാംശം വറ്റിയാണ് ബാലിക മരിച്ചത്' - പ്രദേശത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പദ്മറാം റാണ പറഞ്ഞു. സുഖി എന്ന് പേരുള്ള മുത്തശ്ശി ഇപ്പോള്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവരുടെ മാനസികാരോഗ്യം തകരാറിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടാം വിവാഹം കഴിച്ച് അമ്മ ഉപേക്ഷിച്ചുപോയ ശേഷം ബാലിക മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞുവന്നിരുന്നതെന്ന് ജില്ല കലക്ടര്‍ നമ്രത വര്‍ഷിണി പറഞ്ഞു. 

മരിച്ചുകിടക്കുന്നൊരു ബാലിക, അരികില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയൊരു മുത്തശ്ശിയും; അഞ്ചുവയസുകാരി മരിച്ചത് ഒരിറ്റു ദാഹജലം കിട്ടാതെ നിര്‍ജലീകരണം സംഭവിച്ച്; രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നൊരു ഉള്ളുലയ്ക്കുന്ന ദൃശ്യം


'കുട്ടിയുടെ അമ്മ ഏതാനും വര്‍ഷം മുമ്പ് രണ്ടാമത് വിവാഹം കഴിച്ച് കുടുംബം ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് മുത്തശ്ശിയായ സുഖിക്കൊപ്പമായിരുന്നു ബാലികയുടെ താമസം. കുറച്ചുനാളായി സുഖി തനിക്ക് അവകാശപ്പെട്ട സൗജന്യ റേഷന്‍ വാങ്ങിയിരുന്നില്ല. മറ്റുള്ളവരോട് യാചിച്ചാണ് ഇരുവരും ഭക്ഷണം കഴിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അയല്‍വാസികള്‍ അവര്‍ക്ക് ഭക്ഷണം നല്‍കി സഹായിച്ചിരുന്നു'- കലക്ടര്‍ പറഞ്ഞു. സുഖിയുടെ പുനരധിവാസത്തിനുള്ള നടപടികള്‍ തുടങ്ങിയതായും കലക്ടര്‍ വ്യക്തമാക്കി. 

അതേസമയം, വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് രംഗത്തെത്തി. കേന്ദ്രം നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷനോട് അശോക് ഗെഹ്‌ലോട്ട് സര്‍കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് അഞ്ചുവയസ്സുകരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ആരോപിച്ചു. 

    

Keywords:  News, National, India, Rajasthan, Chief Minister, Ministers, Girl, Death, Drinking Water, Police, Desert, 5-Year-Old Girl Dies Of Thirst While Walking Through Rajasthan Desert
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia