Follow KVARTHA on Google news Follow Us!
ad

15ാം നിയമ സഭയുടെ നാഥൻ ഇനി എംബി രാജേഷ്: അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി

Young CPM leader MB Rajesh elected Speaker of 15th Assembly, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവന്തപുരം: (www.kvartha.com 25.05.2021) പതിനഞ്ചാം നിയമസഭയുടെ സ്പീകെറായി സിപിഎമിന്റെ യുവ നേതാവ് എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥിനെ 56 വോടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. എംബി രാജേഷ് 96 വോട് നേടിയപ്പോൾ പി സി വിഷ്ണുനാഥിന് 40 വോടാണ് നേടാനായത്.

നിയമസഭയിലേക്കുള്ള കന്നിയംഗത്തിൽ തന്നെ സ്പീകെറായി തെരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും എംബി രാജേഷിന് സ്വന്തമായി. കേരള നിയമസഭയിലെ 23ാമത് സ്പീകറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീകെറായ പി ടി എ റഹീം സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീകെർ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.

സ്പീകെറായി എം ബി രാജേഷിനെ തെരഞ്ഞെടുത്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അനുമോദന പ്രസംഗം:

അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം ബി രാജേഷ്.

ആര്‍ ശങ്കരനാരായണന്‍ തമ്പി മുതല്‍ക്കിങ്ങോട്ടുള്ള സ്പീകെര്‍മാരുടെ നിരയില്‍ പ്രഗത്ഭരുടെ ശ്രദ്ധേയ സാന്നിദ്ധ്യമാണു നാം കാണുന്നത്. എല്ലാ അര്‍ഥത്തിലും ആ നിരയ്ക്കു ചേരുന്ന ഒരു വ്യക്തിയെത്തന്നെ പതിനഞ്ചാം സഭയ്ക്കും സ്പീകെറായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. സഭയെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണിത്. സ്പീകെര്‍ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട രാജേഷിനെ ഞാന്‍ സന്തോഷപൂര്‍വം അഭിനന്ദിക്കുന്നു.

ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുകയും ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള നിയമനിര്‍മാണങ്ങളില്‍ ഭാഗഭാക്കാവുകയും ചെയ്യുക എന്നതാണ് നിയമസഭാംഗങ്ങളുടെ കടമ. ജനാധിപത്യപരമായ ഈ കടമ അര്‍ഥപൂര്‍ണമായി നിറവേറ്റാന്‍കഴിയുന്നതും ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ കഴിയുന്നതുമായ അന്തരീക്ഷം സഭയില്‍ സദാ നിലനില്‍ക്കേണ്ടതുണ്ട്. ഇതു നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വം സ്പീകെറില്‍ നിക്ഷിപ്തമാണ്. ഈ ഉത്തരവാദിത്വം എല്ലാ അര്‍ഥത്തിലും നിറവേറ്റാന്‍ പുതിയ നിയമസഭാ സ്പീകെര്‍ക്ക് കഴിയട്ടെ.

അദ്ദേഹത്തിന് അതു സാധ്യമാവുന്നതിനുള്ള എല്ലാ സഹകരണവും സഭാനേതാവ് എന്ന നിലയില്‍ ഈ പ്രാരംഭഘട്ടത്തില്‍ത്തന്നെ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. സഭാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വ നിര്‍വഹണ ചുമതലകള്‍ പരിരക്ഷിക്കുന്നതിനും അങ്ങനെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ സ്പീകെര്‍ക്ക് കഴിയട്ടെ.

എം ബി രാജേഷ് വിവിധങ്ങളായ തലങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവവും വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിച്ചതിന്റെ അറിവും ഉള്ള വ്യക്തിയാണ്. ഇതു രണ്ടും സ്പീകെര്‍ എന്ന നിലയില്‍ സൂക്ഷ്മമായി കാര്യങ്ങളെ സമീപിക്കാനും വിലയിരുത്താനും അദ്ദേഹത്തെ സഹായിക്കും.

ദേശീയ-മലയാളം ചാനലുകളിലെ സംവാദങ്ങളിലൂടെ നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും എം ബി രാജേഷ് ഇന്നു സുപരിചിതനാണ്. ഏത് ഗഹനമായ വിഷയവും ലളിതമായും യുക്തിസഹമായും ആഴത്തില്‍ പഠിച്ച് ചര്‍ചകളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവരാലും പ്രശംസിക്കപ്പെട്ടതാണ്. ശക്തമായി വാദമുഖങ്ങള്‍ അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെയും മാന്യതയും പക്വതയും കൈവിടാതെയുമുള്ള അദ്ദേഹത്തിന്റെ സംവാദഭാഷ എതിര്‍പക്ഷത്തുള്ളവരില്‍ പോലും മതിപ്പുളവാക്കുന്നു.

പാര്‍ലമെന്റിലെ ഇടപെടലുകളിലൂടെ രാജേഷ് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര സാങ്കേതികം, പെട്രോളിയം, ഊര്‍ജ്ജകാര്യം, കൃഷി എന്നീ പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് രാജേഷ്.

News, Thiruvananthapuram, Assembly, CPM, Kerala, State, Pinarayi Vijayan, Chief Minister, Young CPM leader, MB Rajesh,

ബ്രിടനിലെ കവന്ററി യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിന്റെ ക്ഷണപ്രകാരം 2011 ലെ ലീഡര്‍ഷിപ് ലക്ചര്‍ സീരീസില്‍ പ്രഭാഷണം നടത്താനുള്ള അവസരം രാജേഷിനുണ്ടായിട്ടുണ്ട്. ലൻഡന്‍ കിങ്‌സ് കോളജും ബ്രിടീഷ് വിദേശകാര്യവകുപ്പും സംയുക്തമായി നടത്തിയ പരിപാടിയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ ഒരാള്‍ രാജേഷായിരുന്നു.

2008 ലെ ലോക മത പാര്‍ലിമെന്റിന് മുന്നോടിയായി സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സംഘടിപ്പിച്ച ഉച്ചകോടിയില്‍ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്താനും അദ്ദേഹത്തിന് അവസരമുണ്ടായി. രാഷ്ട്രീയത്തിനു പുറമേ സാഹിത്യവും സ്‌പോര്‍ട്‌സും അദ്ദേഹത്തിന് ഇഷ്ടമേഖലകളാണ്. എം ടിയുടേയും വി കെ എന്നിന്റേയും മറഡോണയുടേയുമൊക്കെ ആരാധകനാണ് രാജേഷ്. ഫെയ്‌സ് അഹ്‌മദ്‌ ഫെയ്‌സിന്റെ വിഖ്യാത കവിത 'ഹം ദേഖേംഗേ' പൗരത്വ പ്രക്ഷോഭകാലത്ത് മലയാളത്തിലേക്ക് മൊഴിമാറ്റിയത് രാഷ്ട്രീയത്തെ സര്‍ഗാത്മകമായി കാണുന്നു എന്നതുകൊണ്ടാണ്.

'നിശബ്ദരായിരിക്കുവാന്‍ എന്തവകാശം?' എന്നതു മുതല്‍ 'വിരുദ്ധ ലോകങ്ങള്‍' വരെയായി നിരവധി കൃതികള്‍ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയിട്ടുള്ള വ്യക്തികൂടിയാണ്. ഇങ്ങനെ ബഹുമുഖ വ്യക്തിത്വം എന്നു വിശേഷിപ്പിക്കേണ്ട എം ബി രാജേഷിന് ശ്രദ്ധേയമായ നിലയില്‍ സഭയെ നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Keywords: News, Thiruvananthapuram, Assembly, CPM, Kerala, State, Pinarayi Vijayan, Chief Minister, Young CPM leader, MB Rajesh, Young CPM leader MB Rajesh elected Speaker of 15th Assembly.
< !- START disable copy paste -->


Post a Comment