Follow KVARTHA on Google news Follow Us!
ad

നെല്ലിക്കുന്നിനും ഇരിക്കൂറിനും തൊടാനാവാത്ത പച്ച പിടിച്ച് മന്ത്രി ദേവർകോവിൽ

When Ahmed Devarkovil becomes Minister#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

(www.kvartha.com 17.05.2021) ഇന്ത്യൻ നാഷനൽ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഹ്‌മദ്‌ ദേവർകോവിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമാവുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ നടത്തിയതിന് പിന്നാലെ വ്യാഴാഴ്ച സത്യപ്രതിജ്ഞ. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് കന്നിവിജയം നേടിയപ്പോൾ തന്നെ മന്ത്രിയും എന്നത് അദ്ദേഹത്തിനും പാർട്ടിക്കും അംഗീകാര മുദ്ര. കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിക്കും മലയോര ഗ്രാമ പട്ടണമായ തൊട്ടിൽപാലത്തിനുമിടയിലെ കൊച്ചു പ്രദേശമാണ് ദേവർകോവിൽ. പി കുഞ്ഞമ്മദ് തന്റെ പൊതുജീവിത യാത്രയിൽ പരിഷ്കരിച്ച പേരിലൂടെ ഒരു പ്രദേശം നിയമസഭയും മന്ത്രിസഭയും വഴി ലോകോത്തരമാവുകയാണ്. ഒപ്പം പരിഹാസങ്ങൾ ഏറെ ഏറ്റുവാങ്ങിക്കൊണ്ടേയിരുന്ന ഐ എൻ എൽ പാർട്ടിയും.

കോഴിക്കോട് ജില്ലയിൽ തുല്ല്യമാണ് മുസ്ലിം ലീഗിന്റേയും നാഷനൽ ലീഗിന്റേയും നിയമസഭാ പ്രാതിനിധ്യം. കൊടുവള്ളി മണ്ഡലത്തിൽ നിന്ന് എം കെ മുനീർ മാത്രമേ ഏണി ചിഹ്നത്തിൽ ജയിച്ചുള്ളൂ. അഹ്മദിന്റെ രാഷ്ട്രീയ ഗുരുവായിരുന്ന പി എം അബൂബക്കർ ഇടതുമുന്നണിയിൽ മന്ത്രിയായത് സൗത്ത് മണ്ഡലത്തിന്റെ പൂർവ്വ രൂപമായ കോഴിക്കോട്-രണ്ടിൽ നിന്ന് ജയിച്ചായിരുന്നു. അഖിലേന്ത്യ മുസ് ലിം ലീഗിന്റെ പ്രതിനിധിയായിരുന്നു പി എം. ഇടത് രാഷ്ട്രീയത്തിൽ പച്ചക്കിതാ പൈതൃകത്തുടർച്ചയുടെ പെരുമ.

When Ahmed Devarkovil becomes Minister, Sooppy Vanimel

ന്യൂനപക്ഷ വിഭാഗ വോട്ടുകളാണ് കോഴിക്കോട് സൗത്തിൽ വിധി നിർണ്ണയ അതോറിറ്റി. 1977, '80, '82 പി എം അബൂബക്കർ, 1987ൽ സി പി കുഞ്ഞു, 1991ൽ എം കെ മുനീർ, 1996ൽ എളമരം കരീം, 2001ൽ ടി പി എം സാഹിർ, 2006ൽ അഡ്വ. പി എം എ സലാം, 2011ലും'16ലും എം കെ മുനീർ എന്നിവരെയാണ് മണ്ഡലം ജയിപ്പിച്ചത്. ദേവർകോവിലിന് ലഭിച്ച ജനവിധിയും ഉറപ്പായും ഹൃദയപക്ഷം. ആ മണ്ഡലത്തിൽ നിന്നുള്ള മൂന്നാം മന്ത്രിയാണിത്.

ഐഎൻഎൽ സംസ്ഥാന നേതാക്കൾ 2006ൽ പി എം എ സലാം ഒഴികെ ഒന്നൊന്നായി ഓരോ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതാണ് ചരിത്രവും വർത്തമാനവും. ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ഖജാഞ്ചിയുമായിരിക്കെ കാസർക്കോട് മണ്ഡലത്തിൽ 1996ൽ ജനവിധി തേടിയ എൻ എ നെല്ലിക്കുന്ന് മൂന്നാം സ്ഥാനത്തായിരുന്നു. 2001ൽ കണ്ണൂരിൽ മത്സരിച്ച നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കെ സുധാകരനോട് ഇരുപതിനായിരത്തോളം വോട്ടുകൾക്കാണ് തോറ്റത്. സംസ്ഥാന പ്രസിഡണ്ട് വഹാബ് 2021ൽ വള്ളിക്കുന്നിലും 2016ൽ കോഴിക്കോട് സൗതിലും ജയിച്ചില്ല. എൻ എ നെല്ലിക്കുന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മൂന്നാമതും വിജയിച്ച ഈ തെരഞ്ഞെടുപ്പിൽ പഴയ സഹപ്രവർത്തകൻ എം എ ലത്തീഫിന് കാൽനൂറ്റാണ്ട് മുമ്പ് തനിക്ക് ലഭിച്ച മൂന്നാം സ്ഥാനമാണ് സമ്മാനിച്ചത്.

നാഷനൽ ലീഗിന് രണ്ടാം നിയമസഭാ പ്രവേശവും മന്ത്രിസഭയിൽ ഒന്നാം അവസരവുമാണിത്. പിഎംഎ സലാം എംഎൽഎയായതിന് പിന്നാലെ മുസ്ലിം ലീഗിൽ ചേർന്നവർക്കൊപ്പമായി. ഇടതുപക്ഷ വീക്ഷണത്തിൽ അതൊരു രാഷ്ട്രീയ വഞ്ചനയായായിരുന്നു. അഹ്മദ് ദേവർകോവിലിനേയും സംശയത്തോടെ കണ്ട ചിലരെങ്കിലും ഇല്ലാതിരുന്നില്ല. അവരെ തിരുത്തിയത് പൊതുജീവിതം തന്നെ സ്ഥാനാർത്ഥിയുടെ ദർശനം എന്ന തിരിച്ചറിവ്. കുറ്റ്യാടി ഹൈസ്കൂൾ പരിസരത്ത് അടിയന്തരാവസ്ഥക്കെതിരെ പോസ്റ്റർ പതിച്ചതിന് പൊലീസിന്റെ തല്ലുകൊണ്ട് കരുവാളിച്ച ആ കുഞ്ഞുടലിൽ തലോടാൻ ദേവർകോവിലിലെ പുരയുടെ ഉമ്മറത്ത് കാത്തിരിക്കാൻ കുഞ്ഞമ്മദിന്റെ ഉപ്പ ഇല്ലായിരുന്നു. ഉമ്മക്ക് മറ്റൊരു നോവുകൂടി പകരേണ്ടെന്ന ബോധത്തോടെ ലാത്തിപ്പാടുകൾ മറച്ചുപിടിച്ചാണവൻ ഉറങ്ങിയതും ഉണർന്നതും. അടി പേടിച്ച് ഒളിക്കാതെ പൊതുവേദികളിൽ തീപ്പൊരിയും അനാഥ ബാല്ല്യം അതിജീവിക്കാൻ കഠിനാധ്വാനിയുമായി വളരുകയായിരുന്നു.

ഐഎൻഎൽ രൂപവത്കരണത്തിന് 1994ൽ ഡൽഹിയിൽ നടന്ന കൺവെൻഷൻ മുതൽ തുടങ്ങിയ പാർട്ടിബന്ധം നാദാപുരം മണ്ഡലം പ്രസിഡണ്ട്, കോഴിക്കോട് ജില്ല പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി സ്ഥാനങ്ങളിലൂടെ ജനറൽ സെക്രട്ടറിയിൽ എത്തി. കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡണ്ട്, സംസ്ഥാന വൈസ്പ്രസിഡണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബ്ൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ എന്നീ പദവികൾ വഹിച്ചു. കോഴിക്കോട് സരോവരം പാർക്ക് സ്പോർട്സ് വിംഗിന്റെ സരോവരം ഗ്രീൻ എക്സ്പ്രസ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാനാണ്.

Keywords: Kerala, Article, Political party, Politics, LDF, INL, Sooppy Vanimel, Minister, Election, Assembly Election, When Ahmed Devarkovil becomes Minister.
< !- START disable copy paste -->


Post a Comment