ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

 



തിരുവല്ല: (www.kvartha.com 05.05.2021) മലങ്കര സഭയുടെ ആത്മീയാചാര്യന്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡികല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടേക്ക് മടങ്ങിയത്.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു


സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്.  

1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടാന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27-നാണ് മാര്‍ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യുസി കോളജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജികല്‍ കോളജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.

ആഴമേറിയ വിശ്വാസ പ്രമാണങ്ങള്‍ അത്രമേല്‍ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത. ചിരിയുടെ മാലപ്പടക്കങ്ങള്‍ അദ്ദേഹമെപ്പോഴും വാക്കുകളില്‍ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ നാക്കുള്ളവന്‍ എന്നത്രെ, മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രില്‍ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്.

Keywords:  News, Kerala, State, Death, Priest, Padma awards, The senior metropolitan of Mar Thoma church Philipose Mar Chrysostom Mar Thoma passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia