എറണാകുളത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ 'ലോകിട്ട്' പൊലീസ്; കേസായാല്‍ പാസ്‌പോര്‍ട് ക്ലിയറന്‍സ് പോലും നടക്കാത്തവിധം കുടുക്കും

 


കൊച്ചി: (www.kvartha.com 08.05.2021) എറണാകുളം ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ജില്ലയില്‍ നിരത്തുകള്‍ ഏറെയും ഒഴിഞ്ഞു കിടക്കുന്നു. അത്യാവശ്യ യാത്രക്കാര്‍ ഒഴികെ കാര്യമായ വാഹനങ്ങളോ ആളുകളോ നിരത്തിലില്ല. എറണാകുളത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ 'ലോകിട്ട്' പൊലീസ്; കേസായാല്‍ പാസ്‌പോര്‍ട് ക്ലിയറന്‍സ് പോലും നടക്കാത്തവിധം കുടുക്കും
ജില്ലയില്‍ ഏതാണ്ട് 50ല്‍പരം ചെക്പോയിന്റുകളില്‍ പരിശോധന നടക്കുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് പരിശോധന നടക്കുന്നുണ്ട്. ജില്ലാ അതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടക്കുകയും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചരിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരതരമായ സാഹചര്യത്തെ തുടര്‍ന്നാണ് ലോക്ഡൗണില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ പൊലീസ് കര്‍ശനമാക്കുന്നത്.

അവശ്യവിഭാഗത്തില്‍പെട്ടവര്‍ അല്ലാതെ പൊതുസ്ഥലത്ത് എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവും കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. അനാവശ്യ യാത്രയെന്നു തോന്നിയാല്‍ കര്‍ശന നടപടിക്കാണ് ഐജി സി എച്ച് നാഗരാജു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോക്ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങുന്നവര്‍ക്ക് താക്കീത് നല്‍കി തിരിച്ചയയ്ക്കുന്ന സമയം കഴിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പിഴ ഈടാക്കുന്നതില്‍ ഉപരി നിയമപരമായ നടപടികളിലേക്കു കടക്കാനാണ് പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നിയമലംഘനം നടത്തിയവരുടെ ഡേറ്റാബേസ് പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി പിടിയിലാകുന്നവരെ ഇതുകൂടി പരിശോധിച്ച ശേഷമായിരിക്കും നടപടിക്കു വിധേയമാക്കുക. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ തുടര്‍ ദിവസങ്ങളില്‍ പൊലീസ് ക്ലിയറന്‍സ് പോലെയുള്ള കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടും. പാസ്‌പോര്‍ട് വെരിഫിക്കേഷന്‍ പോലെയുള്ള കാര്യങ്ങള്‍ക്കും ഇതു തടസമാകുമെന്നാണ് സിറ്റി കമിഷണര്‍ അറിയിച്ചിരിക്കുന്നത്.

പൊതുവേ ജില്ലയിലെ ജനങ്ങള്‍ ലോക്ഡൗണിനോട് സഹകരിക്കുന്ന സാഹചര്യമാണ് ആദ്യ ദിനത്തിലെ കാഴ്ച. അവശ്യസാധനങ്ങള്‍ക്കുള്ള കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്.

Keywords:  Strict Lockdown Measures at Ernakulam by Police, Kochi, News, Lockdown, Police, Passport, FIR, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia