സ്വാതന്ത്ര്യത്തിന് മുമ്പുള്ള മുസ്ലിം പള്ളി ഉത്തർപ്രദേശിൽ പൊളിച്ചു മാറ്റിയതിനെതിരെ പ്രതിഷേധം കനക്കുന്നു; ഹൈകോടതിയെ സമീപിക്കുമെന്ന് ബോർഡ്; അതീവ ഗൗരവതരമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

 


ലക്‌നൗ: (www.kvartha.com 21.05.2021) ഉത്തർപ്രദേശിൽ മുസ്ലിം പള്ളി പൊളിച്ചു മാറ്റിയതിനെതിരെ പ്രതിഷേധം ഉയരുന്നു. സർകാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചെന്നാരോപിച്ചാണ് ബര്‍ബാങ്കി ജില്ലാ ഭരണകൂടം രാം സനേഹി ഘട്ടിലെ ഗരീബ് നവാസ് അൽ മഅറൂഫ് എന്ന പള്ളി പൊളിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കോടതി ഉത്തരവ് കാണിച്ചായിരുന്നു നടപടി. ബറാബങ്കിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് അയോധ്യ പട്ടണം സ്ഥിതിചെയ്യുന്നത്.

അത് പള്ളിയൊന്നുമല്ല. സാമൂഹ്യവിരുദ്ധർ താമസിക്കുന്ന നിയമവിരുദ്ധമായ കെട്ടിടമായിരുന്നുവെന്നാണ് ബര്‍ബാങ്കി ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ആദർശ് സിംഗ് പറഞ്ഞത്. മാർച് 15 ന് പള്ളി കമിറ്റിക്ക് കാരണം കാണിക്കൽ നോടീസ് അയച്ചിരുന്നുവെന്ന് ഭരണകൂടം പറയുന്നു. കെട്ടിടത്തിന്റെ സ്ഥലം എങ്ങനെ തിരഞ്ഞെടുത്തുവെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഗതാഗത തടസത്തിന് കാരണമാകുന്ന അനധികൃത മതനിർമാണങ്ങൾ പൊളിച്ചുനീക്കണമെന്ന ഹൈകോടതി ഉത്തരവ് പരാമർശിച്ചായിരുന്നു നോടീസ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള മുസ്ലിം പള്ളി ഉത്തർപ്രദേശിൽ പൊളിച്ചു മാറ്റിയതിനെതിരെ പ്രതിഷേധം കനക്കുന്നു; ഹൈകോടതിയെ സമീപിക്കുമെന്ന് ബോർഡ്; അതീവ ഗൗരവതരമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

മെയ് 31 വരെ പൊളിച്ചുനീക്കലോ കുടിയൊഴിപ്പിക്കലോ നടത്തരുതെന്ന് ഹൈകോടതി ഉത്തരവിട്ടതായി പള്ളി കമിറ്റി ഭരണകൂടത്തിന് മറുപടി അയച്ചു. 1959 മുതൽ ഈ പള്ളി നിലനിൽക്കുന്നുവെന്ന് കാണിക്കാൻ അവർ വൈദ്യുതി ബിലുകളും നൽകി. എന്നാൽ തിങ്കളാഴ്ച പ്രദേശം പൊലീസ് വളഞ്ഞു പള്ളി പൊളിക്കുകയായിരുന്നു.

പൊളിച്ചുമാറ്റുന്നതിനെ എതിർക്കാൻ വന്ന ആളുകളെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി പ്രാദേശിക നേതാവ് മൗലാന അബ്ദുൽ മുസ്ത്വഫ പറഞ്ഞു. 'ഞങ്ങൾ അവിടെ നിന്നുകൊണ്ട് 100 വർഷത്തിലേറെ പഴക്കമുള്ള പള്ളി പൊളിക്കുന്നത് കണ്ടു, പള്ളിയുടെ അവശിഷ്ടങ്ങൾ പിന്നീട് നദിയിലേക്ക് വലിച്ചെറിയപ്പെട്ടു.' - അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരു പഴയ പള്ളിയാണെന്നും സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലം മുതൽ അവിടെയുണ്ടെന്നും സമാജ്‌വാദി പാർടി സിറ്റി പ്രസിഡന്റും ബര്‍ബാങ്കി സ്വദേശിയുമായ മൗലാന അയാസ് അഹ്‌മദ്‌ പറഞ്ഞു.

അതേസമയം ഭരണകൂടത്തിന്റെ നടപടി ഹൈകോടതി ഉത്തരവ് ലംഘിക്കുന്നതാണെന്ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സഫർ അഹ്‌മദ്‌ ഫാറൂഖി പറഞ്ഞു. ബര്‍ബാങ്കി ഭരണകൂടത്തിന്റെ അനിയന്ത്രിതമായ നടപടിക്കെതിരെ ബോർഡ് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


സംഭവം അതീവ ഗൗരവതരമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ഉത്തർപ്രദേശിലെ ബര്‍ബാങ്കി ജില്ലയില്‍ മുസ്ലിം പള്ളി പൊളിച്ചുമാറ്റിയ സംഭവം അതീവ ഗൗരവതരമാണെന്നും, അതിനുത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും ഇൻഡ്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.

പള്ളി തൽസ്ഥാനത്തു തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണം. സ്വാതന്ത്ര്യ പൂർവ കാലത്ത് നിർമിക്കപ്പെട്ട ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളി അനധികൃത നിർമാണമാണ് എന്ന് പറയുന്നത് തന്നെ യുക്തിരഹിതമാണ്. ഈ മഹാമാരി കാലത്ത് ജനങ്ങളെല്ലാം ആശങ്കയിൽ കഴിയുകയും, വീടുകളിൽ ഒതുങ്ങുകയും ചെയ്യുമ്പോൾ അതിനിടയിൽ ഇത്തരം നീചപ്രവത്തികൾ ചെയ്യുന്നത് കടുത്ത പ്രതിഷേധകരമാണ്.

കോടതികളുടെ ഇടപെടലുകളിൽ സൂക്ഷ്മത വേണം. രാജ്യത്തെ എല്ലാ മത വിഭാഗങ്ങളോടും, ജനവിഭാഗങ്ങളോടും ഒരേ രൂപത്തിലാണ് ഭരണകൂടവും ജുഡീഷ്വറിയും വർത്തിക്കിക്കേണ്ടത്. എന്നാൽ, മുസ്ലിംകൾക്ക് നേരെ നടക്കുന്ന വിവേചനപരമായ നിലപാടുകൾ ഒട്ടും ആശാസ്യമല്ല. പള്ളി തത്സ്ഥാനത്ത് തന്നെ പുനർ നിർമിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കാന്തപുരം പറഞ്ഞു.

Keywords:  National, News, Uttar Pradesh, Masjid, Destruction, Kanthapuram A.P.Aboobaker Musliyar, High Court, Top-Headlines, Government,  Protests erupt over demolition of pre-independence mosque in Uttar Pradesh; Board to approach High Court; Kanthapuram AP Aboobacker Musliar said that it is very serious.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia