സംസ്ഥാനത്ത് കോവിഡ് വൈറസ് വകഭേദം, ജനിതക വ്യതിയാനം വന്ന 3 എണ്ണം വ്യാപിച്ചിട്ടുണ്ട്, കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 19.05.2021) സംസ്ഥാനത്ത് കോവിഡ് വൈറസ് വകഭേദമുണ്ടെന്നും അതിനെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനിതക വ്യതിയാനം വന്ന മൂന്നെണ്ണം വ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയ വാക്‌സിന്‍ തീര്‍ന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വൈറസ് വകഭേദം, ജനിതക വ്യതിയാനം വന്ന 3 എണ്ണം വ്യാപിച്ചിട്ടുണ്ട്, കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി

ലോക് ഡൗണും ട്രിപിള്‍ ലോക് ഡൗണും ഏര്‍പെടുത്തിയതോടെ കോവിഡ് രോഗവ്യാപനത്തില്‍ കുറവുണ്ടായതായും ട്രിപിള്‍ ലോക് ഡൗണ്‍ നടപ്പാക്കിയ നാലു ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കില്‍ മാത്രമേ ലോക് ഡൗണില്‍ ഇളവ് എന്ന കാര്യത്തില്‍ ആലോചിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആര്‍ റേറ്റ്. എറണാകുളത്ത് 23.02ഉം തൃശൂരില്‍ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. വ്യാഴാഴ്ച സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്.

സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ചുള്ള കണക്കെടുത്താല്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചയില്‍ ആകെ റിപോര്‍ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആര്‍ 15.5 ശതമാനം.

ടിപിആറിലെ വളര്‍ച്ചാനിരക്ക് തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ 69.2 ശതമാനമായിരുന്നു. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ധനയാണുണ്ടായത്. 28 മുതല്‍ മേയ് നാലുവരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആര്‍ 25.79. ടിപിആറിലെ വര്‍ധന 21.23 ശതമാനം. കേസുകളുടെ എണ്ണത്തിലെ വര്‍ധന 28.71 ശതമാനം.

ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകള്‍ 2,33,301. ആഴ്ചയിലെ ടിപിആര്‍ 26.44 ശതമാനം. മുന്‍ ആഴ്ചയില്‍നിന്ന് ടിപിആര്‍ വര്‍ധനയില്‍ -3.15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേസുകളുടെ എണ്ണത്തില്‍ 12.1 ശതമാനം കുറവും രേഖപ്പെടുത്തി. അതായത് കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ റിപോര്‍ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു.

വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ 3600 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 4282ഉം തൃശൂര്‍ ജില്ലയില്‍ 2888ഉം മലപ്പുറം ജില്ലയില്‍ 4212ഉം കേസുകളാണുള്ളത്. നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്നു വേണം കേസുകളുടെ എണ്ണം കുറയുന്നതില്‍ നിന്ന് അനുമാനിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താന്‍ സമയമായിട്ടില്ല. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Pinarayi Vijayan's Press Meet on 19.05.2021, Thiruvananthapuram, News, Health, Health and Fitness, Pinarayi Vijayan, Kerala, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia