കേരളം ചുവന്നു തുടുത്തതോടെ തിരിച്ചടി നേരിട്ട യുഡിഎഫില്‍ കെ എം ഷാജിയുടേയും പി കെ ഫിറോസിന്റേയും പതനത്തില്‍ ഞെട്ടി ലീഗ്

 


കോഴിക്കോട്: (www.kvartha.com 02.05.2021) കേരളം ചുവന്നു തുടുത്തതോടെ തിരിച്ചടി നേരിട്ട യുഡിഎഫില്‍ മുസ്ലിം ലീഗിനു വന്‍ നഷ്ടം. പാലാരിവട്ടം പാലം അഴിമതി കേസിനെ തുടര്‍ന്നുള്ള വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്, സ്വര്‍ണനിക്ഷേപത്തട്ടിപ്പ് കേസുകളില്‍ മഞ്ചേശ്വരം എം എല്‍ എ എംസി ഖമറുദ്ദീന്റെ അറസ്റ്റ്, കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴ ആരോപണം എന്നിവയാണ് ലീഗിനെ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാക്കിയതെന്നാണ് വിലയിരുത്തല്‍. കേരളം ചുവന്നു തുടുത്തതോടെ തിരിച്ചടി നേരിട്ട യുഡിഎഫില്‍ കെ എം ഷാജിയുടേയും പി കെ ഫിറോസിന്റേയും പതനത്തില്‍ ഞെട്ടി ലീഗ്
തെരഞ്ഞെടുപ്പില്‍ ഈ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച മൂന്നു മണ്ഡലങ്ങളില്‍ അഴീക്കോട്ടും കളമശേരിയിലും ലീഗ് എട്ടുനിലയില്‍ പൊട്ടി. ഇവ ഉള്‍പെടെ നാല് സിറ്റിങ് സീറ്റുകളിലാണു ലീഗ് പരാജയപ്പെട്ടത്. കളമശേരി നഷ്മായതോടെ ലീഗ് സാന്നിധ്യം മലബാറില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്.

കഴിഞ്ഞ തവണ 2287 വോടിന് എംവി നികേഷ് കുമാറിനെതിരെ അഴീക്കോട് വിജയിച്ച കെഎം ഷാജി ഇത്തവണ ഇരട്ടിയിലേറെ വോടിനാണു മൂന്നാം അങ്കത്തില്‍ സിപിഎമിന്റെ യുവ സ്ഥാനാര്‍ഥി കെവി സുമേഷിനോട് പരാജയപ്പെട്ടത്. 2011ല്‍ എം പ്രകാശന്‍ മാസ്റ്ററെ 493 വോടിനു പരാജയപ്പെടുത്തിയാണു 2011ല്‍ മണ്ഡലം സിപിഎമില്‍ നിന്നു ഷാജി പിടിച്ചെടുത്തത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പേരാട്ടം നടന്ന മണ്ഡലമായിരുന്നു ഇത്.

താനൂരില്‍ യൂത് ലീഗ് നേതാവ് പി കെ ഫിറോസ് തോറ്റു. സിറ്റിങ് എം എല്‍ എ, വി അബ്ദുര്‍ റഹ് മാന്‍ ആണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുര്‍ റഹ് മാനില്‍ നിന്ന് താനൂര്‍ പിടിച്ചെടുക്കാനാണ് പി കെ ഫിറോസിനെ രംഗത്ത് ഇറക്കിയിരുന്നത്. എന്നാല്‍ അബ്ദുര്‍ റഹ് മാന്റെ ജനസമ്മതിക്ക് മുന്നില്‍ പി കെ ഫിറോസ് വീഴുകയായിരുന്നു. 560 വോടിന്റെ ലീഡിലാണ് വിജയം.

2016ല്‍ മഞ്ചേശ്വരം, കാസര്‍കോട്, അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, മലപ്പുറം, ഏറനാട്, മഞ്ചേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍, മങ്കട, വേങ്ങര, തിരൂരങ്ങാടി, തിരൂര്‍, വള്ളിക്കുന്ന്, മണ്ണാര്‍ക്കാട്, കളമശേരി എന്നിങ്ങനെ 18 സീറ്റുകളിലായിരുന്നു ലീഗിന്റെ വിജയം. 24 സീറ്റിലായിരുന്നു മത്സരിച്ചത്. ഇത്തവണ രണ്ട് സ്വതന്ത്രര്‍ ഉള്‍പെടെ 26 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ വിജയിച്ച മണ്ഡലങ്ങള്‍ 15 ആയി കുറഞ്ഞു. അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശേരി സീറ്റുകള്‍ നഷ്ടപ്പെട്ടു. അതേസമയം, ഡോ. എംകെ മുനീറിലൂടെ കൊടുവള്ളി തിരിച്ചുപിടിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസ് തിരിച്ചടിയാകുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ട കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിനു പകരം മത്സരിച്ച മകന്‍ വിഇ ഗഫൂര്‍ 13,570 വോടിനാണു സിപിഎമിലെ പി രാജീവിനോട് പരാജയപ്പെട്ടത്. 2016ല്‍ ഇവിടെ 12,118 വോടിന്റെ ഭൂരിപക്ഷമാണ് ഇബ്രാഹിം കുഞ്ഞിനുണ്ടായിരുന്നത്.

കഴിഞ്ഞ തവണ കന്നിയങ്കത്തില്‍ പാറയ്ക്കല്‍ അബ്ദുള്ളയിലൂടെ പിടിച്ചെടുത്ത കുറ്റ്യാടി ഇത്തവണ 333 വോടിനാണു ലീഗിനു നഷ്ടമായത്. ഇവിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രടറിയേറ്റ് അംഗം കെപി കുഞ്ഞമ്മദ് കുട്ടിയാണു വിജയി. കേരളകോണ്‍ഗ്രസിനു വിട്ടുകൊടുത്തതിനെത്തുടര്‍ന്ന് അണികളുടെ പ്രതിഷേധം നേരിട്ടതോടെ തിരിച്ചെടുത്ത സീറ്റിലാണ് സിപിഎം വിജയമെന്ന പ്രത്യേകത കൂടി കുറ്റ്യാടിയിലുണ്ട്.

2016ല്‍ 6327 വോടിനു ഡോ. എംകെ മുനീര്‍ വിജയിച്ച കോഴിക്കോട് സൗത്ത് മണ്ഡലം 11,453 വോടിനാണ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ പിടിച്ചെടുത്തത്. ലീഗിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സ്ഥാനാര്‍ഥിയായ അഡ്വ. നൂര്‍ബിന റഷീദാണ് ഇവിടെ പരാജയപ്പെട്ടത്.

മഞ്ചേശ്വരവും പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയും ഉള്‍പെടെ ആറ് മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷവും കുറഞ്ഞു. 2016ല്‍ 89 വോടിനു പിബി അബ്ദുര്‍ റസാഖ് വിജയിച്ച മഞ്ചേശ്വരത്ത് അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7,923 വോടിനാണു എംസി ഖമറുദ്ദീന്‍ വിജയിച്ചത്. ഇദ്ദേഹത്തിനു പകരം ഇത്തവണ മത്സരിച്ച എകെഎം അഷ്റഫ് 1,143 വോടനു കടന്നുകൂടുകയായിരുന്നു. സ്വര്‍ണനിക്ഷേപത്തട്ടിപ്പ് സംഭവത്തില്‍ പാര്‍ട്ടിയില്‍നിന്നു തന്നെ കടുത്ത പ്രതിഷേധമുയര്‍ന്നതോടെയാണു ഖമറുദ്ദീനെ ലീഗ് വീണ്ടും പരിഗണിക്കാതിരുന്നത്.

വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടി 2016ല്‍ 38,057 വോടിനാണു വിജയിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 30,522 ആയി കുറഞ്ഞു. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് എന്നിവയാണു ഭൂരിപക്ഷം കുറഞ്ഞ മറ്റു മണ്ഡലങ്ങള്‍. അതേസമയം കാസര്‍കോട്, ഏറനാട്, കൊണ്ടോട്ടി, കോട്ടയ്ക്കല്‍, മങ്കട, തിരൂരങ്ങാടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിച്ചു.

ലീഗിന്റെ വിജയികള്‍ : എകെഎം അഷ്റഫ് (മഞ്ചേശ്വരം), എന്‍എ നെല്ലിക്കുന്ന് (കാസര്‍കോട്), എംകെ മുനീര്‍ (കൊടുവള്ളി), ടിവി ഇബ്രാഹിം (കൊണ്ടോട്ടി), പി ഉബൈദുള്ള (മലപ്പുറം), പി കെ ബഷീര്‍ (ഏറനാട്), അഡ്വ യുഎ ലത്തീഫ് (മഞ്ചേരി), നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ), കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടയ്ക്കല്‍), മഞ്ഞളാംകുഴി അലി (മങ്കട), പികെ കുഞ്ഞാലിക്കുട്ടി (വേങ്ങര), കുറുക്കോളി മൊയ്തീന്‍ (തിരൂര്‍), പി അബ്ദുള്‍ ഹമീദ് (വള്ളിക്കുന്ന്), കെപിഎ മജീദ് (തിരൂരങ്ങാടി), അഡ്വ. എന്‍ ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്).

Keywords:  Muslim League suffered a huge loss in  UDF, which suffered a setback when Kerala turned red, Kozhikode, News, Politics, Assembly-Election-2021, Muslim-League, Kerala, Result.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia