Follow KVARTHA on Google news Follow Us!
ad

ആർ ബാലകൃഷ്ണപിള്ള; കേരള രാഷ്ടീയത്തിലെ ഒറ്റയാൻ

Memories of R Balakrishna Pillai#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kvartha.com 04.05.2021) കേരള രാഷ്ട്രിയത്തിലെ അതികായകനായ രാഷ്ട്രീയതന്ത്രജ്ഞനായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ കേരള കോൺഗ്രസ്സ് (ബി) ചെയർമാനും മുൻ മന്ത്രിയും മുന്നോക്ക കോർപ്പറേഷൻ ചെയർമാനുമായിരുന്ന ആർ ബാലകൃഷ്ണപിള്ള.
                                                                            
R.Balakrishna Pillai, Death, Kerala, Article, Minister, Congress, Chairman, Kerala Congress (B), Central Government, Bangal, Protest, Politics, KPCC, Memories of R Balakrishna Pillai.

നന്നേ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന ബാലകൃഷ്ണപിള്ള പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായിമാറി. പിന്നീട് കേന്ദ്ര സർക്കാറിന്റെ കർഷകരോടുള്ള അവഗണനകളിൽ പ്രതിഷേധിച്ച് കെഎം ജോർജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ പാർട്ടി വിട്ട് കേരളാ കോൺഗ്രസ്സ് പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനത്തിന്ന് രൂപം നൽകി. ആർ.ബാലകൃഷ്ണപിള്ളയും അതിന്റെ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു. 

കേരള സംസ്ഥാനത്തിന്റെ സമഗ്ര വികസത്തിന്ന് വേണ്ടി എന്നും മുന്നിൽ നിന്ന് പോരാടിയ ചരിത്രമാണ് ബാലകൃഷ്ണപിള്ളക്കുള്ളത്. അത് മന്ത്രിസ്ഥാനം കൈകാര്യം ചെയ്തിരുന്ന അവസരത്തിലായാലും അല്ലാത്തപ്പോഴുമൊക്കെ. മുമ്പും പിമ്പും നോക്കാതെ ഉള്ള കാര്യം ആരുടെ മുമ്പിലും തന്റേടത്തോടെ വിളിച്ചു പറയുന്ന സ്വഭാവവും കർക്കശമായ നിലപാടുമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. ഇത് പലപ്പോഴും അദ്ദേഹത്തിന്ന് ഏറെ വിനയായി തീർന്നിട്ടുമുണ്ട്. പഞ്ചാബ് മോഡൽ സമര പ്രഖ്യാപനത്തിന്റെ പേരിൽ മന്ത്രി സ്ഥാനം പോലും ത്യജിക്കേണ്ടതായും വന്നു. പല കാര്യങ്ങളിലും തനിക്ക് ശരിയെന്ന് തോന്നിയാൽ അതിൽ ഉറച്ചുനിലപാടുകൾ എടുക്കുകയും ചെയ്യാറുമുള്ള ബാലകൃഷ്ണപിള്ള പലപ്പോഴും വിവാദങ്ങളുടെയും പ്രശ്നങ്ങളുടേയും ഊരാക്കുടുക്കുകളിലാണ് പെട്ടു പോയിട്ടള്ളത്. അത് കൊണ്ട് തന്നെ ഈ രാഷ്ടീയ ചാണക്യന്ന് ശത്രുക്കളും ധാരാളമുണ്ടായിരുന്നു. അതൊക്കെതന്നെയാവാം അദ്ദേത്തെ കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ എന്നറിയപ്പെടുന്നത്.

കെപിസിസിയുടെയും എഐസിസിയുടെയും പ്രബല നേതാവായിരിക്കവെയാണ് കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതും കേന്ദ്ര സർക്കാർ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്തതിന്റെ പേരിൽ കോൺഗ്രസ്സിനോട് പിണങ്ങി (1964ൽ ) കേരള കോൺഗ്രസ്സിന്ന് രൂപം നൽകിയത്. അത് വളർന്നു പന്തലിച്ചിരുന്ന കാലത്ത് ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ബാലകൃഷ്ണപിള്ളയും കൂട്ടാളികളും ചേർന്ന് കേരള കോൺഗ്രസ്സിൽ തന്നെ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക വിഭാഗമായി നിൽക്കുകയും പിന്നീട് കേരളാ കോൺഗ്രസ്സ് (ബി) യായി മാറുകയുമായിരുന്നു.

1982 വരെ ഇടത് പക്ഷത്തായിരുന്ന പാർട്ടി പിന്നീട് യുഡിഎഫിനോടൊപ്പം നിലകൊണ്ടു. ഏറെക്കാലത്തെ മുന്നണി ബന്ധങ്ങൾക്ക് ശേഷം വീണ്ടും ഇടത്തോട്ടെത്തി. 1975 ൽ കേരള മന്ത്രിസഭയിലെത്തിയ പിള്ള പിന്നീട് പല തവണയായി ഗതാഗതം, എക്സൈസ്, വൈദ്യുതി, ജയിൽ തുടങ്ങിയ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്‌ത്‌ തന്റെ പ്രാവീണ്യം തെളിയിച്ചു. സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോൾ തന്നെ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവെന്ന അപൂർവ്വ ബഹുമതിയും പിള്ളക്ക് സ്വന്തമാണ്. 1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളക്കൽ പഞ്ചായത്ത് പ്രസിഡന്റും പതിനൊന്ന് വർഷം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 

കിഴൂട്ട് രാമൻപിള്ളയുടേയും കാർത്യായനി അമ്മയുടെയും മകനായി കൊട്ടാരക്കരയിൽ ജനിച്ച ബാലകൃഷ്ണപിള്ളയുടെ ഭാര്യ ആർ വത്സലയാണ്. കെബി ഗണേഷ് കുമാർ, ഉഷ, ബിന്ദു എന്നിവർ മക്കളാണ്. എന്നും വിവാദങ്ങളുടെ തോഴനായി അറിയപ്പെടുന്ന ബാലകൃഷ്ണപിള്ളയ്ക്ക് ഇടമലയാർ അഴിമതിക്കേസിൽ ജയിൽ വാസമനുഷ്ടിക്കേണ്ടതായും വന്നിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്ന് കളങ്കമേൽപ്പിച്ചിട്ടുണ്ടെങ്കിലും താൻ ആർക്കൊക്കെയോ വേണ്ടി ബലിയാടാവുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. കേരള രാഷ്ടീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവായ ബാലകൃഷ്ണപിള്ള കെ.കരുണാകരനെപ്പോലെ ഒരു കാലത്ത് കേരളത്തിന്റെ കിംഗ് മേക്കർ തന്നെയായിരുന്നു.

2010 ൽ പ്രവാസി ജീവിതത്തിന്ന് വിരാമമിട്ടു കൊണ്ട് നാട്ടിലെത്തി ഞാൻ കേരള കോൺഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമൻ നായരുമായിട്ടുള്ള ബന്ധത്തിലൂടെ പാർട്ടിയുമായി അടുക്കുകയും പിന്നീട് സജീവ പ്രവർത്തകനും ജില്ലാ ജനറൽ സെക്രട്ടറിയുമൊക്കെയായി മാറുവാൻ അവസരം ലഭിച്ചു. അങ്ങിനെയാണ് പാർട്ടി ചെയർമാൻ കൂടിയായ ബാലകൃഷ്ണപിള്ളയെ പരിചയപ്പെടാനും ഇടപെടാനും അടുത്ത ബന്ധം സ്ഥാപിക്കാനും അവസരമുണ്ടായത്. പാർട്ടിയുടെ ആവശ്യങ്ങൾക്ക് വേണ്ടി ഞാനും കുഞ്ഞിരാമൻ നായരും തിരുവനന്തപുരത്ത് ചെല്ലുമ്പോൾ തമ്പാനൂരിലുള്ള പാർട്ടി ആസ്ഥാനത്തുവെച്ചും അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചും കാണാനും ഇടപെടാനും കിട്ടിയ അവസങ്ങളിലൂടെ വളർത്തിയെടുത്ത ആ നല്ല ബന്ധങ്ങളിലൂടെയുണ്ടായ പല സംഭവങ്ങളും ഇനി ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ മാത്രമായി മാറി.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്നും പുരോഗതിക്കും  വേണ്ടി വർഷങ്ങളോളം പ്രവർത്തിക്കുകയും വിലപ്പെട്ട സംഭാവനകൾ അർപ്പിക്കുകയും ചെയ്‌ത ബാലകൃഷ്ണപിള്ളയ്ക്ക് നിത്യശാന്തി നേരുന്നു.

Keywords: R.Balakrishna Pillai, Death, Kerala, Article, Minister, Congress, Chairman, Kerala Congress (B), Central Government, Bangal, Protest, Politics, KPCC, Memories of R Balakrishna Pillai.
< !- START disable copy paste -->

Post a Comment