ആലപ്പുഴയില്‍ 72 കാരന് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു; അസുഖം ബാധിച്ചത് ഒരുമാസം മുന്‍പു കോവിഡ് നെഗറ്റീവായ വ്യക്തിക്ക്

 


ആലപ്പുഴ: (www.kvartha.com 28.05.2021) ആലപ്പുഴ ജില്ലയിലെ ആദ്യ ബ്ലാക് ഫംഗസ് കേസ് കായംകുളം പത്തിയൂരില്‍ സ്ഥിരീകരിച്ചു. ഒരുമാസം മുന്‍പു കോവിഡ് നെഗറ്റീവായ വ്യക്തിക്കാണു രോഗം കണ്ടെത്തിയത്. പത്തിയൂര്‍ സ്വദേശിയായ എഴുപത്തിരണ്ടുകാരനാണു രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴയില്‍ 72 കാരന് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു; അസുഖം ബാധിച്ചത് ഒരുമാസം മുന്‍പു കോവിഡ് നെഗറ്റീവായ വ്യക്തിക്ക്

മേയ് രണ്ടിന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 12ന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു. പ്രമേഹ രോഗിയായ ഇദ്ദേഹത്തിനു പിന്നീടു സൈനസൈറ്റിസ് സമാനമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നു 18ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതിനിടെ മൂക്കില്‍നിന്നു രക്തംവന്നതോടെയാണു വീണ്ടും ചികിത്സ തേടിയത്. ഇതിനുശേഷം 24ന് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു വിധേയനായി. തുടര്‍ പരിശോധനകളില്‍ ബ്ലാക് ഫംഗസ് രോഗത്തിന് സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ബയോപ്‌സി നിര്‍ദേശിക്കുകയായിരുന്നു. ബയോപ്‌സി പരിശോധനാ ഫലത്തിലാണ് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

ലിപ്പോസോമല്‍ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണു നിലവില്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇത് അഞ്ചു ദിവസം ഇന്‍ജക്ഷനായി നല്‍കുകയാണ് പതിവ്. നാഡീരോഗ വിദഗ്ധര്‍, ദന്തരോഗ വിദഗ്ധര്‍, നേത്രരോഗ വിദഗ്ധര്‍, ഇഎന്‍ടി വിദഗ്ധര്‍, ഓറല്‍ മാക്‌സിലോഫേഷ്യല്‍ സര്‍ജന്‍ എന്നിവര്‍ക്കൊപ്പം ബയോ കെമിസ്റ്റും ഉള്‍പെട്ട വിദഗ്ധ സംഘമാണു സാധാരണ ചികിത്സിക്കുന്നത്.

അതേസമയം, മെഡിക്കല്‍ കോളജില്‍ ചികിത്സാ സൗകര്യമുണ്ടെന്നും രോഗിയുടെ ബന്ധുക്കളുടെ തീരുമാനപ്രകാരമാണു സ്വകാര്യമെഡിക്കല്‍ കോളജിലേക്കു ചികിത്സ മാറ്റിയതെന്നും ജില്ലാ ആരോഗ്യവിഭാഗം വ്യക്തമാക്കി. ചികിത്സയ്ക്കാവശ്യമായ ആംഫോടെറിസിന്‍ മരുന്ന് 50 വയല്‍കൂടി ജില്ലയിലേക്കെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

രോഗം വായുവിലൂടെ പകരുന്നതാണെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരെയാണു കൂടുതലായി ബാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ടെന്നും ഡപ്യൂട്ടി ഡിഎംഒ അറിയിച്ചു.

അതിനിടെ ബ്ലാക്ഫംഗസ് ബാധയെന്ന സംശയത്തില്‍ രണ്ടുപേര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 60നുമേല്‍ പ്രായമുള്ള ഒരാളും 45നുമേല്‍ പ്രായമുള്ളയാളുമാണു ചികിത്സയിലുള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനകളില്‍ ബ്ലാക് ഫംഗസ് ബാധയ്ക്കു സമാനമായ ചില ലക്ഷണങ്ങള്‍ കണ്ടെത്തിയതിനാലാണു നിരീക്ഷണത്തിലാക്കിയതെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ആര്‍ വി രാംലാല്‍ അറിയിച്ചു.

ഇരുവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നതല്ലാതെ മറ്റ് ഗുരുതരരോഗങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇതുവരെയില്ല. അതേസമയം, പരിശോധനകള്‍ക്കായി സാംപിള്‍ ശേഖരിക്കുന്നതു സംബന്ധിച്ചു തീരുമാനമാകാത്തതിനാലാണു രോഗനിര്‍ണയം വൈകുന്നതെന്നും ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡോ.രാംലാല്‍ പറഞ്ഞു.

എന്‍ഡോസ്‌കോപ്പി വഴി ശരീരകല(ടിഷ്യൂ) സാംപിള്‍ ശേഖരിച്ചശേഷമേ വിദഗ്ധ പരിശോധന നടത്താനാകൂ. ഇതിനുള്ള സൗകര്യം മെഡിക്കല്‍ കോളജിലുണ്ട്. മൈക്രോബയോളജി ലാബിലാണു പരിശോധന നടത്തുന്നത്. വിദഗ്ധ സമിതിയുടെ തീരുമാനമനുസരിച്ച് അടുത്തദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും ഡോ.രാംലാല്‍ വ്യക്തമാക്കി.

Keywords:  First Black Fungus case reported in Alappuzha, Alappuzha, News, Health, Health and Fitness, Patient, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia