Follow KVARTHA on Google news Follow Us!
ad

സാമൂഹിക അടുപ്പത്തിൻ്റെ ഈദുൽ ഫിത്വർ

Eid al-Fitr of social intimacy#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉൾക്കാഴ്ച 

സി കെ എ ജബ്ബാർ


(www.kvartha.com 12.05.2021)
പെരുന്നാൾ തലേന്ന് ഇറച്ചിക്കടയിൽ ചെന്നപ്പോൾ ഒരു ചെറുപ്പക്കാരൻ കശാപ്പുകാരൻ്റെ മുന്നിൽ നിശ്ശബ്ദനായി നിൽക്കുകയാണ്. മറ്റുള്ളവരെല്ലാം തങ്ങൾക്ക് വേണ്ടത് പറയുന്നുണ്ട്. യുവാവ് മാത്രം നിശ്ശബ്ദൻ. നിനക്ക് എത്ര കിലോ ഇറച്ചി വേണമെന്ന് കശാപ്പുകാരൻ ചോദിച്ചിട്ടും ചെറുപ്പക്കാരൻ മിണ്ടുന്നില്ല. കയ്യിൽ സഞ്ചിയുണ്ട്,
കീശ കാലിയാണ് എന്ന് അയാൾ ആംഗ്യത്തിൽ ഇറച്ചി കടക്കാരനെ അറിയിച്ചു. ലജ്ജയും ജാള്യതയും മുഖത്തുണ്ട്.
'നീ വാങ്ങി പോടാ. പൈശ പെരുന്നാൾ കഴിഞ്ഞ് തന്നാൽ മതി'
യുവാവിന് വേണ്ടത് മുക്കാൽ കിലോ മാത്രമാണ്. അയാൾ അത് വാങ്ങി പോയതിന് ശേഷം കശാപ്പുകാരൻ പറയുകയാണ്.
'ടൗണിലെ ചെരുപ്പ് കടയിലെ സെയിൽസ്മാനാണ്. ലോക് ഡൗൺ കാരണം കൂലി മുടങ്ങി ഓൻ്റെ പെരുന്നാളിൻ്റെ കാര്യം കട്ടപ്പൊകയായിരിക്കും'
ചെറുപ്പക്കാരൻ്റെ മുക്കാൽ കിലോ ഇറച്ചിയുടെ കാശ് ഇറച്ചിക്കടകാരന് നൽകാൻ ഭാവിച്ചു.
'ഞാനിത് വാങ്ങിയാൽ എന്നെ അവൻ കൊന്നു കളയും. അത്രക്കും അഭിമാനിയാണ്.'
തുക നിരാകരിച്ചു കൊണ്ട് ഇറച്ചി കടക്കാരൻ പറഞ്ഞു.
മാംസം കൊത്തിക്കീറി തൂക്കി വിൽക്കുന്ന ഒരു മനുഷ്യൻ തൻ്റെ നിത്യ ഇടപാടുകാരനുമായി നിലനിർത്തുന്ന ഈ അടുപ്പത്തെ എന്ത് പേരിട്ട് വിളിക്കണം ?. ശാരീരിക അകലം നയമാക്കി മാറ്റിയ ഈ വിപത്ത് കാലത്ത് നമ്മൾ തമ്മിൽ കെട്ടി ഉയർത്തേണ്ട മാനസിക അടുപ്പത്തെയാണ് ഇറച്ചികടക്കാരൻ പ്രതിനിധാനം ചെയ്തത്.

കണ്ണൂർ സിറ്റി സ്നേഹതീരം വാട്സ് അപ്പ് കൂട്ടായ്മ പ്രവാസികളെ ചേർത്ത് പിടിച്ച് നോമ്പ് ഇരുപത്തൊമ്പതാം രാവിൽ നടത്തിയ ഓൺലൈൻ ദുആ മജ്ലിസിൽ പ്രാർഥന തുടങ്ങും മുമ്പ് ഒരു സ്ത്രീ കേഴുകയാണ്. 'എൻ്റെ ബാപ്പ കോവിഡ് കാരണം ആശുപത്രിയിലാണ്. ബാപ്പാക്ക് വേണ്ടിയും ദുആ ചെയ്യണേ, എൻ്റെ ഭർത്താവിനെയും ഉൾപ്പെടുത്തണേ. വീണ്ടും വീണ്ടും അഭ്യർഥനകൾ. ഓൺ ലൈനിൽ ഒത്തു ചേർന്നവരെല്ലാം മനസ്സ് കൊണ്ട് ഈ അഭ്യർഥനകൾക്ക് മുന്നിൽ കണ്ണീർ വാർത്തിരിക്കും.

Eid al-Fitr of social intimacy

ഒരു മാസത്തെ തീവ്രമായ നോമ്പിന് ശേഷം ഈദുൽ ഫിത്വർ ആഘോഷിക്കുന്ന വിശ്വാസികൾക്കിടയിൽ ഇങ്ങനെ എത്രയോ അനുഭവങ്ങളുണ്ടാവും. യഥാർത്ഥത്തിൽ ആലോഷിക്കുകയല്ല, ദൈവഹിതപ്രകാരം ഈദുൽ ഫിത്വർ ആചരിക്കപ്പെടുക മാത്രമേ ഈ മഹാമാരിയുടെ കാലം സാധ്യമാവൂ. സാമൂഹിക അകലത്തിലാണ്, വീട്ടിൽ ഒറ്റപ്പെട്ടാണ് പെരുന്നാൾ എന്ന് പറയുമ്പോഴും തനിക്കും ചുറ്റുപാടുമുള്ളവരെ ഹൃദയം കൊണ്ട് കെട്ടിപ്പിടിച്ചാണ് വിശ്വാസി റമദാൻ പിന്നിട്ടത്. യഥാർത്ഥത്തിൽ ഒരു മാസം വ്രതമനുഷ്ടിച്ച് ഈദുൽ ഫിത്വറിലേക്ക് പ്രവേശിക്കുമ്പോൾ നമുക്ക് മുന്നിൽ ഉയർന്നു നിൽക്കുന്നത് വേദനിക്കുന്നവരോടൊപ്പം നിന്ന സാമൂഹിക അടുപ്പത്തിൻ്റെ വർണ്ണപ്പൂക്കളാണ്.


പട്ടിണിയുടെ തിരിച്ചറിവ്

നോമ്പ് കേവലമായ പട്ടിണിയല്ല. പരിശുദ്ധിയാണ്. മനുഷ്യനെ പട്ടിണിയിലാക്കുക എന്നതല്ല നോമ്പിൻ്റെ കാതൽ. പക്ഷെ, പശിയറിഞ്ഞവനേ വിശക്കുന്നവൻ്റെ വിശപ്പിൻ്റെ ആഴമറിയുകയുള്ളൂ. അതൊരു ഐക്യ ദാർഡ്യമാണ്. ധനികനും ദരിദ്രനും വലിപ്പച്ചെറുപ്പമില്ലാതെ ഒരു മാസം ഒരുമിച്ചു ഒരേ സമയം വിശപ്പറിയുന്ന ഈ 'സോഷ്യലിസം' ത്രസിച്ചു നിന്ന കാലമാണിത്. കൊറോണയിൽ ജീവിതം വഴി മുട്ടിയ ആയിരങ്ങൾ പരിസരത്തുണ്ട്. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവർ മുതൽ ദീനക്കിടക്കയിൽ അകലം നിൽക്കുന്നവർ, ക്വാറൻ്റയിൻ ഭവനങ്ങളിൽ നെടുവീർപ്പിടുന്നവർ... അങ്ങിനെ നിരവധി പേർ.

അവരെയെല്ലാം ഓർത്തും ചേർത്തും പിടിച്ചാണ് വിശ്വാസികൾ വ്രതമനുഷ്ടിച്ചത്. കണ്ടയ്ൻമെൻ്റ് ഗ്രാമങ്ങളോ നഗരങ്ങളോ ലോക്ഡൗണോ എന്ന വകഭേദമില്ലാതെ റേഷൻ കിറ്റുകൾ, നോമ്പുതുറ വിഭവങ്ങൾ, പെരുന്നാൾ ഭക്ഷ്യവിഭവങ്ങൾ, മരുന്ന് പൊതികൾ, ആശുപത്രി സേവനങ്ങൾ എല്ലാം നിർവഹിക്കപ്പെട്ടു. കണ്ടയ്ൻമെൻറ് ഗ്രാമത്തിൽ ഒറ്റപ്പെട്ടു പോയ ഒരു ഭവനത്തിലും നോമ്പുകാരൻ അറിഞ്ഞ വിശപ്പ് അപരനിൽ അവശേഷിച്ചില്ല. സാമൂഹിക അകലത്തിനിടയിലും അകലാനാവാത്ത കാരുണ്യ പ്രവർത്തനങ്ങളാൽ അങ്ങിനെ നോമ്പ് കാലം സേവന പർവ്വം തീർത്തവർ നിരവധിയാണ്. സംഘടനകൾ മുതൽ വാട്സ് ആപ്പിൽ ഒരുമിച്ച കൊച്ചു ഗ്രൂപ്പുകൾ പോലും വ്രതമെടുത്ത് കൊണ്ട് കൊറോണ പ്രതിരോധത്തിലും റിലീഫിലും മുഴുകി. നോമ്പ് നിഷ്ക്രിയതയുടെയും ആലസ്യത്തിൻ്റെയും മാസമല്ല എന്ന് കർമ്മം കൊണ്ട് തെളിയിച്ച രാപ്പകലുകളാണ് കടന്നു പോയത്.


സമൂഹത്തിൻ്റെ 'ആത്മീയതയും' വിശ്വാസിയുടെ ആരാധനയും

സമൂഹത്തിന് ഒരോ നിലപാടിലും ഒരു തരം ആത്മീയ മുഖമുണ്ട്. വിശ്വാസിയുടെ ആരാധനകൾ ഈ ആത്മീയതയുമായി ബന്ധമുള്ളതാവണമെന്നില്ല. നോമ്പിനെക്കുറിച്ച് ദൈവം വിശ്വാസിയോട് പറഞ്ഞത് വ്രതം ഞാനുമായുള്ള ഏറ്റവും സ്വകാര്യമായ ആരാധനയാണ് എന്നാണ്. അതായത് ഒരാൾ നോമ്പുകാരനാണ് എന്നത് അയാൾക്കല്ലാതെ മറ്റൊരാൾക്ക് സാക്ഷ്യപ്പെടുത്താനാവില്ല. ബാഹ്യ ചേഷ്ടകൾ കാരണം മറ്റൊരാൾക്ക് കാണാനാവുന്ന മറ്റ് ആരാധന പോലെയല്ല, സ്വന്തമായി അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്ന ഒരാളുടെ തീവ്രമായ സ്വകാര്യത നിറഞ്ഞ വ്രതാനുഷ്ടാനം. ഇത്രത്തോളം ദൈവിക സാമീപ്യമുള്ളത് കൊണ്ടാണ് ഈദുൽ ഫിത്വർ സന്തോഷിക്കാനുള്ളതാണ് എന്ന് പ്രവാചകൻ അരുളിയത്.

സഹജീവിയുടെ വേദനയിൽ പങ്ക് ചേർന്നാലേ ആ സന്തോഷം പൂർണ്ണമാവുകയുള്ളൂ എന്നും പഠിപ്പിക്കപ്പെട്ടു. അത് കൊണ്ട് തന്നെ കൊറോണ കാലത്തെ പെരുന്നാളിന് മഹാമാരിയുടെ വേദനകളാൽ സന്തോഷം അരിക് വൽക്കരിക്കപ്പെടുന്നു. സഹജീവിയെ ജാതി മത ഭേദമന്യേ പരിചരിക്കുക എന്നതിലാണ് ഈ പെരുന്നാളിന് മധുരമേറുന്നത്. പെരുന്നാൾ ആഘോഷത്തോടൊപ്പം ആചരണമാവുന്നതും ഈ സേവന മുഖം ചേരുമ്പോഴാണ്. പെരുന്നാൾ ആഘോഷിക്കാനാവാത്ത എത്രയോ നിർഭാഗ്യവാൻമാർ ദീനക്കിടക്കയിലാണ്. പ്രിയപ്പെട്ടവർ അകാലത്തിൽ വേർപിരിഞ്ഞ വ്യഥയാണ് ഭവനങ്ങളിൽ. രോഗ ഭീതിതമായ അന്തരീക്ഷമാണെങ്ങും. ഇതിൽ നിന്ന് മോചനം നൽകേണ്ട ഒരേ ഒരാളുടെ -പ്രപഞ്ചനാഥൻ്റെ- പ്രകീർത്തനം തക്ബീറായി ഉയരേണ്ട ദിനമാണ് ഈദുൽ ഫിത്വർ.

കോവിഡിൻ്റെ ഒന്നാം തരംഗത്തിൽ നോമ്പും പെരുന്നാളും വീടകങ്ങളിലിരുന്ന് ആചരിച്ചപ്പോൾ ഇത്രയേറെ ദുരിത മുഖം മുന്നിലില്ലായിരുന്നു. ഇത്തവണ നോമ്പിനെ വരവേറ്റത് തന്നെ കോവിഡ് രണ്ടാം തരംഗത്തിൻ്റെ ഭീതിയിലാണ്. അതിനാൽ വിശ്വാസികൾ കടുത്ത പരീക്ഷണത്തെയാണ് അഭിമുഖീകരിച്ചത്. രണ്ട് പൊതു തെരഞ്ഞെടുപ്പുകൾ കേരളത്തിൽ തീർത്ത ഒരു തരം സ്വതന്ത്ര അന്തരീക്ഷമുണ്ടായിരുന്നു. ഒത്തു ചേരുന്നതിനും കൂടിക്കുഴയുന്നതിനും യാതൊരു തടസ്സവുമില്ലാത്ത അന്തരീക്ഷം. ആ സാഹചര്യത്തിലും മസ്ജിദുകൾ എല്ലാ പ്രൊട്ടോകോളുകളും പാലിച്ച് സജീവമായി പ്രവർത്തിച്ചു. നോമ്പ് തുടങ്ങിയത് മസ്ജിദുകളെ സജീവമാക്കിയാണ്. കഴിഞ്ഞ വർഷം വീടകങ്ങളിലിരുന്നവർ ഇത്തവണ പള്ളികളെ ഭക്തിസാന്ദ്രമാക്കാമെന്ന ആശ്വത്തിലിരിക്കുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. വിശ്വാസികളുടെ ഹൃദയത്തെ മസ്ജിദുകളിൽ നിന്ന് പറിച്ചു മാറ്റുന്ന വിധത്തിലാണ് റമദാൻ രണ്ടാം പാതത്തിൽ മിനി ലോക് ഡൗണും അവസാന പത്തിൽ ലോക് ഡൗണും കടന്നു വന്നത്. കഴിഞ്ഞ വർഷത്തേത് പോലെ വീടുകളിലേക്ക് റമദാൻ്റെ അന്ത്യ ദിനങ്ങളും ഈദുൽ ഫിത്വറും പറിച്ചു മാറ്റപ്പെട്ടു.

സർക്കാർ ഏർപ്പെടുത്തുന്ന കോവിഡിൻ്റെ ഏത് നിയന്ത്രണങ്ങൾക്കുമപ്പുറം ഉയർന്നു നിൽക്കുന്ന ഒരാത്മീയ നിയന്ത്രണമുണ്ട്. കോവിഡ് ആണോ എന്ന് സംശയിക്കുന്ന ശാരീരിക ലക്ഷണമുള്ളപ്പോൾ സ്വയം ക്വാറൻ്റയിൻ നിശ്ചയിച്ച് പൊതു ബന്ധങ്ങളിൽ നിന്ന് അകലുക എന്നതാണത്. ആരാധനക്കാണ് ഒത്തു ചേരുന്നതെങ്കിൽ പോലും ഈ ബോധം അന്യമാവരുത്. തനിക്ക് പൊസിറ്റീവാണ്, എന്നോടൊപ്പം സഹവസിച്ചവർ സ്വയം സൂക്ഷിക്കണം എന്ന് സുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്ന സാമൂഹിക ബോധനമാണ് യഥാർത്ഥ ആത്മീയത. എത്ര വലിയ നേതാവായാലും അയാൾ സ്വന്തം മന:സാക്ഷിയുടെ ആത്മവഞ്ചനയെ
തോൽപിക്കുമ്പോഴാണ് ഈ ആത്മീയത വിജയം വരിക്കുന്നത്. ഏത് ചടങ്ങും, പൊതുയോഗങ്ങളും, സ്വയം പരിശുദ്ധമാവുന്നത് വ്യക്തികളുടെ ഈ സത്യസന്ധമായ ആത്മീയ ബോധം ചേരുമ്പോഴാണ്.

കോവിഡാണ് എന്ന് സംശയമുള്ള ലക്ഷണം രഹസ്യമാക്കി പൊതു ഇടങ്ങളിൽ ഇടപഴകിയവർ ആരോ അവരാണ് ഈ ആത്മീയതയുടെ ശത്രുക്കൾ. അങ്ങിനെ ആത്മ വഞ്ചന ചെയ്ത് റാലികളും സമ്മേളനങ്ങളും, യാത്രകളും ഘോഷിച്ചവർ ഇന്നത്തെ ഓരോ കണ്ടയ്ൻമെൻറ് സോണുകളുടെയും സൃഷ്ടാക്കളാണ്. എല്ലാ പ്രോട്ടൊകോളും പാലിക്കാൻ ആരാധനാലയങ്ങൾ മാത്രം ബാധ്യസ്ഥരാവണം എന്ന ബോധത്തിന് മുന്നിൽ സ്വന്തത്തിലെ ഈ ആത്മീയതയാണ് വലിയ കോടതിയായി മാറേണ്ടത്.

ആരാധിക്കപ്പെടുന്നവൻ മനുഷ്യൻ്റെ കണ്ഠനാളത്തെക്കാൾ സമീപസ്ഥനായിരിക്കെ ആരാധനാ കേന്ദ്രങ്ങൾ പൂട്ടപ്പെട്ടാലും ധ്യാനത്തിന് മുന്നിൽ വേലിക്കെട്ടില്ലാത്ത ഭൂമി മുഴുവൻ സുജൂദ് പോയിൻ്റുകളായ ഒരു സിസ്റ്റം നില നിൽക്കുക തന്നെ ചെയ്യും. പള്ളികളിൽ നിന്ന് ഉയരേണ്ട തക്ബീറുകൾ എല്ലാ ഭവനങ്ങളിൽ നിന്നും ഉയർന്നു പൊങ്ങുന്നുവെന്ന സർവ്വവ്യാപിയായ ഒരു കർമ്മ സാക്ഷ്യത്തെയാണ് ഇത്തവണത്തെ പെരുന്നാളും സാക്ഷിയാവുന്നത്. മാനവരാശിയെ ഗ്രസിച്ച മഹാവ്യാധിയിൽ നിന്ന് മോചനം നേടാൻ എണ്ണമറ്റ ഭവനങ്ങങ്ങളിലിരുന്ന് പ്രാർഥിക്കുന്നു എന്ന സൗഭാഗ്യം കൂടിയാണിത്.


തിരസ്കാരമെന്ന ഊർജ്ജം

ഒരു മാസം വിശ്വാസി അനുഷ്ടിച്ച വ്രതത്തിൻ്റെ ആത്മാവ് തിരസ്കാര ബുദ്ധിയാണ്. സാധാരണ കാലയളവിൽ അനുവദനീയമായവയെ പ്രഭാതം മുതൽ പ്രദോഷം വരെ നിരാകരിക്കുകയായിരുന്നുവല്ലൊ. ജീവിതത്തിലും സാമൂഹിക രംഗത്തും നിഷിദ്ധങ്ങളെയും ദൈവേതര ശീലങ്ങളെയും നിരാകരിക്കാനുള്ള പരിശീലനമാണ് ഇത് വഴി സ്വയം നേടിയത്. ദൈവീക താൽപര്യവും വ്യക്തിയുടെ ഇഷ്ടവും ഏറ്റ് മുട്ടുന്ന ദൈനം ദിന ജീവിതത്തിൽ ദൈവിക താൽപര്യം പാലിക്കുക എന്ന കർമ്മ വീക്ഷണത്തെയാണ് വ്രതത്തിൻ്റെ ഈ തിരസ്കാരം പ്രതിനിധീകരിച്ചത്.

പൈശാചികതയും ധാർമീകതയും ഏറ്റ് മുട്ടുന്ന കർമ്മ മണ്ഡലത്തിൽ നോമ്പ് നൽകിയ ദൈവീക സാമീപ്യം ധാർമ്മികതയെ ജീവിതമുദ്രയാക്കാൻ പരിശീലിപ്പിച്ചു. ഇനിയുള്ള 11 മാസം എങ്ങിനെയാവണമെന്ന പരിശീലനമാണ് റമദാൻ നൽകിയത്. ദൈവേതരമായ ഏതൊരു ശക്തിയോടുമുള്ള തിരസ്കാരമാണീ വ്രതശീലം. ദൈവമാണ് മഹാൻ എന്നർഥമുള്ള തക്ബീറിനാൽ ഈദുൽ ഫിത്വറിനെ പൊതിഞ്ഞു കെട്ടിയതും ഈ ശക്തി പ്രഘോഷണത്തിൻ്റെ സാക്ഷ്യമാണ്. അത് കൊണ്ട് തന്നെ പുതിയ കാലം,സാഹചര്യം, പ്രതിസന്ധികൾ, വ്യാഥി, എല്ലാം മറി കടക്കാനാവുന്ന വിധം ഈമാനികമായ കരുത്ത് നേടിയ ഉജ്വല സുദിനമാവട്ടെ ഈദുൽ ഫിത്വർ .

Keywords: Kerala, Article, Eid, Ramadan, Religion, C K A Jabbar, Islam, Muslim, Festival, Celebration, COVID-19, Corona, Mask, Lockdown, Eid al-Fitr of social intimacy.
< !- START disable copy paste -->


Post a Comment