ഒരു കെപിസിസി സെക്രടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്ന് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തു, തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ ശ്രമിച്ചു; പരാതിയുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

 


കോഴിക്കോട്: (www.kvartha.com 22.05.2021) ഒരു കെപിസിസി സെക്രടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്ന് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്ന് ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഇതുസംബന്ധിച്ച് ധര്‍മജന്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. 

ഗുതരമായ ആരോപണങ്ങളാണ് ധര്‍മജന്‍ ഇരുവര്‍ക്കും നേരെ ഉയര്‍ത്തുന്നത്. ഈ പണം തെരഞ്ഞെടുപ്പില്‍ ചെലവാക്കിയിട്ടില്ല. തന്നെ തോല്‍പിക്കാന്‍ ഇരുവരും ചേര്‍ന്നു ശ്രമിച്ചെന്നും ധര്‍മജന്റെ പരാതിയില്‍ പറയുന്നു.

ഒരു കെപിസിസി സെക്രടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്ന് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തു, തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ ശ്രമിച്ചു; പരാതിയുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ യുഡിഎഫിന്റെ ഒരു മണ്ഡലം ഭാരവാഹി നേതാക്കള്‍ക്ക് പരാതി നല്‍കുകയും മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു. ഇതേ വ്യക്തി തന്നെ തെരഞ്ഞെടുപ്പ് കമിറ്റി കണ്‍വീനറായി വന്നതില്‍ പരാജയം തുടങ്ങിയെന്നു ധര്‍മജന്‍ പറഞ്ഞു. ഒരു കെപിസിസി സെക്രടറിയുടെ പിന്തുണയോടെയാണ് ഇയാള്‍ എനിക്കെതിരെ കരുക്കള്‍ നീക്കിയത്. ഇവര്‍ക്കു രണ്ടു പേര്‍ക്കും മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.

നാമനിര്‍ദേശ പത്രിക നല്‍കുന്നതിനു മുന്‍പു തന്നെ സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞു മാനസികമായി തകര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്. രൂപീകരിച്ചതിനു ശേഷം ഒരു വട്ടം പോലും തെരഞ്ഞെടുപ്പ് കമിറ്റി വിളിച്ചു ചേര്‍ത്തില്ല. ഞാന്‍ പുലയ സമുദായത്തില്‍പ്പെട്ട ആളായതിനാല്‍ വോട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ഇവര്‍ രണ്ടു പേരുമായിരുന്നു എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നേതൃത്വം നല്‍കിയതു ഈ കെപിസിസി സെക്രടറിയായിരുന്നു. പണപ്പിരിവ് സംബന്ധിച്ച് ഇദ്ദേഹത്തിനാണ് വ്യക്തമായ ധാരണയുണ്ടായിരുന്നത്. എന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പിന്നോട്ടു വലിക്കാന്‍ ശ്രമിക്കുമ്പോഴും രണ്ടു പേരും ചേര്‍ന്നു വ്യാപകമായ പണപ്പിരിവ് നടത്തി.

ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയിട്ടില്ല. ഇതിന് വ്യക്തമായ തെളിവുണ്ട്. ബൂതുതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എഐസിസി നിയോഗിച്ച പ്രതിനിധികളെ താമസ, വാഹന സൗകര്യം പോലും നല്‍കാതെ തിരിച്ചയച്ചതില്‍ ഗൂഢാലോചനയുണ്ട്. ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടിയില്‍ നിന്നു ബാലുശ്ശേരിയെ ഒഴിവാക്കിയത് ഒറ്റപ്പെടുത്തുന്ന പ്രതീതിയുണ്ടാക്കി.

ശശി തരൂരിന്റെ പരിപാടി പ്രഖ്യാപിച്ചെങ്കിലും നടത്താനായില്ല. മറ്റു ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ ഉള്‍പെടെ നേതാക്കള്‍ പങ്കെടുത്തു. ബാലുശ്ശേരി പേയ്‌മെന്റ് സീറ്റാണെന്ന് ഒരു എംപി പറഞ്ഞതും അദ്ദേഹം പ്രചാരണത്തില്‍ സജീവമാകാതിരുന്നതും പ്രയാസമുണ്ടാക്കി. മണ്ഡലത്തില്‍ 25% ബൂതുകളില്‍ തെരഞ്ഞെടുപ്പ് കമിറ്റി പേരിനു മാത്രമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും മണ്ഡലം കമിറ്റി എല്ലാ ദിവസവും അവലോകന യോഗം ചേരാറുണ്ടെങ്കിലും ബാലുശ്ശേരിയില്‍ ചേര്‍ന്നില്ല. തെരഞ്ഞെടുപ്പ് കമിറ്റി ഓഫിസില്‍ പല ദിവസങ്ങളിലും പ്രധാന ഭാരവാഹികള്‍ പോലും എത്തിയില്ല.

എഐസിസി ഫണ്ട് വീതിച്ചു നല്‍കല്‍ ആണ് മണ്ഡലം കമിറ്റി നിര്‍വഹിച്ച ഏക ചുമതല. സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്തു പോലും കമിറ്റി തയാറാക്കിയില്ല. ഒരു നേതാവ് തയാറാക്കിയ നോടിസ് കമിറ്റി വായിച്ചുനോക്കിയതു പോലുമില്ല. സ്ഥാനാര്‍ഥിപര്യടനത്തില്‍ ആദ്യ മൂന്നു ദിവസം കുറച്ചു സ്ഥലങ്ങളില്‍ മാത്രമാണു പോയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീടു പരിഹരിക്കാം എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് പര്യടനമേ ഉണ്ടായില്ല. പാര്‍ടി കുടുംബസംഗമങ്ങളില്‍ മാത്രമാണ് പങ്കെടുത്തത്. ഇവിടെയും നേതാക്കളുടെ അസാന്നിധ്യം ഉണ്ടായിരുന്നു.

കോണ്‍ഗ്രസിന് സ്വാധീനമുള്ള ഉണ്ണികുളത്ത് ഒരു വട്ടം പോലും വീടു കയറിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം അറിഞ്ഞു. യുഡിഎഫിന് എന്നും 3000 വോടോളം ലീഡ് ലഭിക്കുന്ന പഞ്ചായത്തില്‍ ആദ്യമായി എല്‍ഡിഎഫ് ലീഡ് നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയ അത്തോളിയില്‍ 2000 വോടിന് പിന്നിലായി. കൂരാച്ചുണ്ട് പഞ്ചായത്തില്‍ മാത്രമാണ് ലീഡ് നേടാനായത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പതിനാറായിരത്തോളം വോടിന് ജയിച്ച ബാലുശ്ശേരിയില്‍ ജയിക്കാന്‍ കഴിയുമെന്ന അമിത വിശ്വാസം ആദ്യമേ ഉണ്ടായിരുന്നില്ല. എന്നാല്‍ സംവരണ മണ്ഡലത്തില്‍, കലാകാരനായ തനിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അവസാന റൗണ്ടില്‍ ഒരു പക്ഷേ ജയിച്ചു കയറാനും പറ്റിയേക്കുമെന്ന ചെറിയ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആകെയുണ്ടായ തരംഗത്തിലാണു ബാലുശ്ശേരിയില്‍ തോറ്റത് എന്നു ഞാന്‍ കരുതുന്നില്ല. സംഘടനാ ദൗര്‍ബല്യത്തിന് പുറമേ ഈ രണ്ടു നേതാക്കളുടെ നിലപാടുകളും തോല്‍വിക്ക് കാരണമായി.

സംസ്ഥാനത്ത് ആകെ സംഭവിച്ചതുപോലെ ന്യൂനപക്ഷവോടുകള്‍ ഇവിടെയും കാര്യമായി കിട്ടിയില്ല. ബിജെപി വോടുകളും എല്‍ഡിഎഫിന് ലഭിച്ചു. അതേസമയം സാധരണ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടെ ആത്മാര്‍ഥയും ഉത്സാഹവും താന്‍ ഓര്‍ക്കുമെന്നും ഒരു നേട്ടവും പ്രതീക്ഷിക്കാത്ത ആ പ്രവര്‍ത്തകരാണ് യുഡിഎഫിന്റെ ശക്തിയെന്നും ധര്‍മജന്‍ പരാതിയില്‍ പറയുന്നു. നേതാക്കളുടെ പണപ്പിരിവ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.

Keywords:  Dharmajan Bolgatty Complaint To KPCC Against Congress Leaders, Kozhikode, News, Politics, Allegation, Assembly-Election-2021, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia