ബ്ലാക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍പെടുത്തി; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 19 പേര്‍; മരണം 1

 


തിരുവനന്തപുരം: (www.kvartha.com 21.05.2021) കോവിഡ് ബാധിതരില്‍ കാണപ്പെടുന്ന ബ്ലാക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍പെടുത്തി. സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ 19 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണവും സ്ഥിരീകരിച്ചിരുന്നു. കോട്ടയത്തും, കൊല്ലത്തും, മലപ്പുറത്തും കാണപ്പെട്ട രോഗം ഇപ്പോള്‍ കോഴിക്കോട്ടും പിടിപെട്ടു. 10 പേരാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. ജില്ലയിലേക്കുള്ള മരുന്ന് അടിയന്തിരമായി ഉടന്‍ എത്തിക്കും.

ബ്ലാക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍പെടുത്തി; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 19 പേര്‍; മരണം 1

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരായ മൂന്ന് പേരുമാണ് നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ രോഗികള്‍ ജില്ലയിലേക്ക് ചികിത്സയ്ക്കെത്തുന്നതുകൊണ്ടാണ് അടിയന്തരമായി മരുന്നെത്തിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ധാരണയായിട്ടുള്ളത്.

മരുന്നുകള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ രോഗികളുടെ എണ്ണത്തിന് അനുസരിച്ചാണ് മരുന്നിന് ആവശ്യപ്പെടുന്നത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാള്‍ രണ്ടുതവണ കോവിഡ് പോസിറ്റീവായശേഷം പിന്നീട് നെഗറ്റീവായതാണ്. മറ്റൊരാളുടെ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും നെഗറ്റീവായിരുന്നു. മൂന്നാമത്തെയാള്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞദിവസം എത്തിയവരടക്കം ആറുപേരെ വരുംദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. രോഗം ബാധിച്ചവരില്‍ പലരും കോവിഡ് പോസിറ്റീവായവരാണ്. നെഗറ്റീവ് ആകുമ്പോഴാണ് ശസ്ത്രക്രിയ നടത്തുക. ഒരാള്‍ക്ക് വ്യാഴാഴ്ച നെഗറ്റീവായിട്ടുണ്ട്. ഇയാളുടെ ശസ്ത്രക്രിയ ശനിയാഴ്ച നടത്തും. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ കണ്ണിന്റെ ഞരമ്പുകളെ എത്രമാത്രം രോഗം ബാധിച്ചുവെന്ന് പറയാനാകൂ. ഇതനുസരിച്ചാണ് കണ്ണ് നീക്കംചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് ഇ എന്‍ ടി വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചു.

കോവിഡ് ചികിത്സയുടെ ഭാഗമായി അമിതമായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ബ്ലാക് ഫംഗസ് പിടിപെടാനുള്ള ഒരു കാരണം. സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതിനൊപ്പം പ്രമേഹം നിയന്ത്രിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്താണ് ബ്ലാക്ക് ഫംഗസ്?

പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂകോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് (മ്യൂകര്‍ മൈക്കോസെസ്) രോഗത്തിനു കാരണം. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെയാണു രോഗം ബാധിക്കുന്നത്. പകര്‍ച്ചവ്യാധിയല്ല. ചിലരില്‍ അപൂര്‍വമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവില്‍ നിന്നാണു പൂപ്പല്‍ ശ്വാസകോശത്തില്‍ കടക്കുന്നത്.

പ്രതിരോധ ശേഷിയുള്ളവര്‍ക്കു മ്യൂകോമിസൈറ്റ് ഭീഷണിയല്ല. കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഇനി പറയുന്ന ഗുരുതര ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം. മൂക്കടപ്പ്, മൂക്കൊലിപ്പ് (കറുത്ത നിറത്തില്‍), കവിള്‍ അസ്ഥിയില്‍ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീര്‍വീക്കം, മൂക്കിന്റെ പാലത്തില്‍ കറുത്ത നിറം, പല്ലുകള്‍ക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങല്‍, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസം.

Keywords:  Black fungus has been included in the list of diseases that require extreme caution; 19 are in treatment in the state; Death 1, Thiruvananthapuram, News, Health, Health and Fitness, Hospital, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia