റാന്നിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

 


റാന്നി: (www.kvartha.com 08.04.2021) റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മന്ദമരുതി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി എസ് പ്രസാദിന്റെ (ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍, കഞ്ഞിരപ്പള്ളി) മകന്‍ അഭിഷേക്(ശബരി-14),പത്മവിലാസം അജിത്ത് കുമാറിന്റെ മകന്‍ അഭിജിത്ത്(ജിത്തു-14) എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും അഭിഷേക് കൊല്ലമുള ലിറ്റില്‍ ഫ്ളവര് സ്‌കൂള്‍ വിദ്യാര്‍ഥിയുമാണ്. റാന്നിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത് കുളത്തുങ്കല്‍ ദുര്‍ഗാദത്തും ചേര്‍ന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയില്‍ കുളിക്കാനെത്തിയത്. മൂന്നുപേരും അയല്‍വാസികളാണ്. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവര്‍ കുളിക്കാനിറങ്ങിയത്. ഈ ഭാഗത്തെങ്ങും ആള്‍ താമസമില്ല.

ഇതിനിടെ സെല്‍ഫിയെടുക്കുന്നതിനായി മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനായി ദുര്‍ഗാദത്ത് കരയിലേക്ക് പോയി. തിരികെ വന്നപ്പോള്‍ അഭിഷേകിനെയും അഭിജിത്തിനെയും കണ്ടില്ല. വിളിച്ചു നോക്കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്ന് ചേത്തയ്ക്കലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ആദ്യമെത്തിയ ദുര്‍ഗാദത്തിന്റെ അച്ഛന്റെ സഹോദരന്‍ ജിനേഷാണ് മാടത്തരുവിക്ക് താഴെയുള്ള കയത്തില്‍ നിന്നു ഇരുവരെയും കരയ്ക്കെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അഭിഷേകിനെ മന്ദമരുതിയിലെയും അഭിജിത്തിനെ റാന്നിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സും റാന്നി പൊലീസും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരിവരെ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹങ്ങള്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കോവിഡ് പരിശോധനയ്ക്കുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ ജീവനക്കാരിയായ ജയയാണ് അഭിഷേകിന്റെ അമ്മ. ഗൗരി പ്രസാദ് സഹോദരിയും. അഭിജിത്തിന്റെ അമ്മ: പ്രസീജ, സഹോദരന്‍: ആകാശ്.

Keywords:  Two students drowned while bathing in Ranni, Pathanamthitta, News, Local News, Drowned, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia