കൊച്ചി മെട്രോയിൽ കേൾക്കുന്ന ഗാംഭീര്യമുള്ള ആ ശബ്ദം നിയമസഭയിലും മുഴങ്ങുമോ?

 


ശംസുദ്ദീൻ കോളിയടുക്കം

ദുബൈ: (www.kvartha.com 15.03.2021) കൊച്ചി മെട്രോയിൽ നമ്മൾ സ്ഥിരമായി കേൾക്കുന്ന ഗാംഭീര്യമുള്ള ആ ശബ്ദം ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായ ബാലകൃഷ്ണൻ പെരിയയുടെതാണ്. 
'കാൽ നട യാത്രക്കാർ നടവഴി പുറത്തേക്കു പോവുക, ലിഫ്റ്റിന്റെ വാതിൽ അടയുമ്പോഴും തുറക്കുമ്പോഴും കൈകാലുകൾ ശ്രദ്ധിക്കുക' തുടങ്ങി 30 ഓളം നിർദേശങ്ങളാണ് മെട്രോയിലുള്ളത്. 1992 ലാണ് കണ്ണൂർ ആകാശവാണിയിൽ ആദ്യമായ്  അദ്ദേഹം പ്രോഗ്രാം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം സ്റ്റേഷനുകളിൽ കഴിഞ്ഞ കുറെ വർഷക്കാലം ‘ഹലോ ജോയ് ആലുക്കാസ്’ എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ചില ഡോക്യുമെന്ററികൾക്കും ശബ്‍ദം നൽകിയിട്ടുണ്ട്.

പെരിയ ചാണവളപ്പിൽ തറവാട്ടിൽ ക്ഷേത്രസ്ഥാനികനായിരുന്ന കുട്ടിവെളിച്ചപ്പാടിന്റെയും കുഞ്ഞമ്മയുടെയും അഞ്ചാമത്തെ മകനായി 1972 ജൂൺ 22 ന് ജനനം. സ്കൂൾ കാലത്ത് കെഎസ്‌യു പ്രവർത്തകനായി തുടങ്ങി, കാസർകോട് ഗവൺമെന്റ് കോളജിൽ നിന്ന് കാലികറ്റ്  യൂണിവേഴ്സിറ്റി കൗൺസിലറായി. കെഎസ്‌യു ജില്ലാ സെക്രടറിയായും, യൂത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായും വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തന രംഗത്ത് കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഡിസിസി സെക്രടറിയായി കോൺഗ്രസ് സംഘടനാ രംഗത്ത് കരുത്തുറ്റ നേതാവായി വളർന്നു. 

കൊച്ചി മെട്രോയിൽ കേൾക്കുന്ന ഗാംഭീര്യമുള്ള ആ ശബ്ദം നിയമസഭയിലും മുഴങ്ങുമോ?


ഗൾഫിൽ എത്തുകയും ഉമ്മുൽ ഖുവൈൻ 846 റേഡിയോയിൽ ജോലി ചെയ്യുമ്പോൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആകാശവാണിയിലെ പ്രോഗ്രാമിലൂടെ തുടർന്നു. നിസ്വാർത്ഥ സേവനത്തിലൂടെ നിരാലംബർക്ക് സാന്ത്വനമേകി കേരളത്തിലെ ഏറ്റവും ജനകീയ റേഡിയോ പ്രോഗ്രാം ആയി അതിനെ ഉയർത്തി. രണ്ടുപതിറ്റാണ്ട് കാലം ലക്ഷക്കണക്കിന് ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടൻ ആയി ജീവിച്ചു. 24 മണിക്കൂർ തുടർച്ചയായി റേഡിയോയിലൂടെ അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഏഷ്യ ബുക് ഓഫ് റെകോർഡ് ജേതാവുകൂടിയാണ്‌ ബാലകൃഷ്ണൻ പെരിയ. ക്രിയേറ്റീവ് - മാർകറ്റിങ് മേഖലയിൽ വിവിധ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹം, കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ്. 

ഉദുമ നിയമസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ ജനകീയനേതാവ്. ഇപ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമിറ്റിയുടെ സെക്രടറിയാണ്. യുഡിഎഫ് വേദികളിലെ അറിയപ്പെടുന്ന പ്രസംഗകനായ ബാലകൃഷ്ണൻ പെരിയ, ലോക മലയാളികളുടെ ഇടയിൽ 'ബാലേട്ടൻ' എന്ന വിളിപ്പേരിൽ റേഡിയോ അവതാരകനായും പ്രശസ്തനാണ്. പൗരത്വബില്ലിനെതിരെ പടപൊരുതി കേരളമാകെ ആവേശം വിതറിയ ബാലകൃഷ്ണൻ പെരിയയുടെ പ്രസിദ്ധമായ 100 പ്രസംഗങ്ങൾ ജനാധിപത്യ കേരളത്തിന്റെ ചരിത്രമാണ്. നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.

പാരലൽ കോളജ് അധ്യാപകനായും പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാർഥികളെ സ്വന്തം നിലയിൽ പരിശീലിപ്പിച്ചും വലിയൊരു ശിഷ്യസമ്പത്തിനുടമയായ പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയാണ് ഇദ്ദേഹം. സമാനമനസ്കരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌ സ്വന്തം നാടായ പെരിയയിൽ 'അകാഡമി' ആരംഭിച്ച്‌ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ഇപ്പോൾ കാസർകോട് പെരിയയിലെ ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ സി ഇ ഒ കൂടിയാണ്. 

ഉത്തര കേരളത്തിന്റെ ഫോക് ലോർ കലാരൂപമായ പൂരക്കളിയിലും ഇദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്. കേരള പ്രസ് അകാഡമിയിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദം നേടിയ ബാലകൃഷ്ണൻ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഗൾഫിലും കേരളത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 'മീഡിയ ഗ്രാമം' എന്ന യൂട്യൂബ് ചാനലിലൂടെ പൊതുപ്രവർത്തനത്തിന്റെ തുടർച്ചയെന്നവണ്ണം സമൂഹത്തിനുവേണ്ടി ശബ്ദിച്ചു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്ന അദ്ദേഹം അവർക്കൊപ്പം ചർചകളും ആശയ സംവാദങ്ങളും നടത്തുന്ന പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

എൽഡിഎഫിന്റെ ഉരുക്കുകോട്ടയായ ഉദുമ നിയോജക മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചത് 1987 ൽ കെപി കുഞ്ഞിക്കണ്ണനിലൂടെയാണ്. അതിനു ശേഷം ഇവിടെ നിന്നും ഒരു യുഡിഎഫ് സ്ഥാനാർഥിയും നിയമസഭ കണ്ടില്ല. 2016 ൽ കണ്ണൂരിലെ പുലിക്കുട്ടിയായ സാക്ഷാൽ കെ സുധാകരൻ പോലും പരാജയപ്പെടുകയാണുണ്ടായത് . നാട്ടുകാരനും ബഹുമുഖ പ്രതിഭയുമായ ബാലകൃഷ്ണനിലൂടെ ഉദുമ പിടിച്ചെടുക്കാമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്.  കുറേകാലം പ്രവാസിയായിരുന്നത് കൊണ്ട് അവരുടെ പ്രശ്നങ്ങളും നന്നായറിയാവുന്ന അദ്ദേഹത്തിന് പ്രവാസികളുടെ ക്ഷേമവും ഉറപ്പാക്കാനാവുമെന്ന് യുഡിഎഫ് വൃത്തങ്ങൾ വാഗ്‌ദാനം ചെയ്യുന്നു.

Keywords:  Dubai, Kochi Metro, News, Assembly, Congress, National, Leaders, Kerala, LDF, UDF, YouTube, Students, Education, KSU, Youth Congress, Calicut University, Kasaragod, Will that majestic voice heard in the Kochi Metro be heard in the Assembly as well?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia