കൊല്ലം: (www.kvartha.com 10.03.2021) വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറ്റമ്പതില്‍പരം ആളുകളില്‍ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി അരുണ്‍ ചന്ദ്രന്‍ പിള്ളയും ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കൊടകര സ്വദേശിനി അനിതയെയും പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കളംശേരിയിലും സമീപപ്രദേശങ്ങളിലും വീട് വാടകയ്‌ക്കെടുത്തായിരുന്നു ഇയാള്‍ റിക്രൂട്‌മെന്റ് ഇടപാടുകള്‍ നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം സ്വദേശികള്‍ തട്ടിപ്പിന് ഇരയായി.
പ്രതി കുറച്ചുനാള്‍ തമിഴ്‌നാട് താംബരത്തെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ താത്കാലിക ജോലി നോക്കിയിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു അരുണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. വ്യോമസേനയില്‍ ജോലി വാങ്ങിത്തരാമെന്നും വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തില്‍ വാങ്ങിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകള്‍.
തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ഇയാള്‍ കര്‍ണാടക ഹൊസൂരില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.