മസ്‌കത്ത്: (www.kvartha.com 10.03.2021) ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല താമസാനുമതി നല്‍കുന്നു. സംരംഭകത്വത്തിലൂടെ നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ദീര്‍ഘകാല താമസാനുമതി നല്‍കുന്നത്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകിന്റെ അധ്യക്ഷതയില്‍ അല്‍ ശുമൂഖ് കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
ഒമാനി തൊഴിലന്വേഷകര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു തൊഴില്‍ വിപണിക്കും ഇളവുകളുണ്ട്. ഇതും സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ഭാഗമാണ്. വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മന്ത്രിസഭ പിന്നീടു പ്രഖ്യാപിക്കും.
കോവിഡ് മഹാമാരിയും എണ്ണവിലക്കുറവും അടക്കമുള്ള ഘടകങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനു സാമ്പത്തിക ഉത്തേജന പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതിയും ഫീസും കുറക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഇളവുകളും മറ്റു പദ്ധതികളും ഉത്തേജന പദ്ധതിയുടെ ഭാഗമാണ്.
വ്യവസായം, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, കൃഷി, ഫിഷറീസ്, ഖനനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് നികുതിയും ഫീസും വെട്ടിക്കുറച്ചത്. ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ആദായ നികുതിയും ഉത്തേജന പദ്ധതിയുടെ ഭാഗമായി വെട്ടിക്കുറച്ചിട്ടുണ്ട്. ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെയും ഭൂമിയുടെ പാട്ടവില 2022 വരെ കുറച്ചിട്ടുണ്ട്.