Follow KVARTHA on Google news Follow Us!
ad

'നാടു നന്നാകാന്‍ യുഡിഎഫ്'; യു ഡി എഫിന്റെ പ്രചരണ വാചകം പുറത്തിറക്കി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,Assembly Election,Ramesh Chennithala,Press meet,Kerala,
കൊച്ചി: (www.kvartha.com 03.03.2021) 'നാടു നന്നാകാന്‍ യു ഡി എഫ്' എന്നാണ് ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രചരണ വാചകം. യു ഡി എഫ് പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ' വാക്കു നല്‍കുന്നു യു ഡി എഫ്' എന്ന വാചകം കൂടിയുണ്ട്. 'സംശുദ്ധം സദ് ഭരണം' എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഐശ്യര്യകേരളത്തിനായി വോട്ട് ചെയ്യാം യു ഡിഎഫിനു എന്നാണു അഭ്യര്‍ത്ഥന.

ഇവ കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്:

കേരളത്തിന് ഒരു മാറ്റം വേണമെന്ന് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. അത് കൊണ്ട് നാട് നന്നാകാന്‍ ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ യു ഡി എഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ പ്രചരണ വാചകം.'Nadu Nannakkan UDF'; UDF's campaign text was released, Kochi, News, Politics, Assembly Election, Ramesh Chennithala, Press meet, Kerala

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങള്‍, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് ഉള്‍പെടെയുള്ള ആരോപണങ്ങള്‍, ഇവയെല്ലം ജനങ്ങള്‍ക്ക് മുന്നില്‍ യു ഡി എഫ് പ്രചരണ വിഷയമാക്കും.

സര്‍ക്കാരിന്റെ അവസാനത്തെ ആറ് മാസക്കാലം പി ആര്‍ ഡിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ തെറ്റായ പ്രചരണങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുക എന്നതും യു ഡി എഫ് ലക്ഷ്യം വയ്കുന്നു. ഉദാഹരണത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീട് വച്ചു കൊടുത്തത് ഈ സര്‍ക്കാരാണെന്ന കളവ് ഈ ദിവസങ്ങളിലെല്ലാം പ്രചരിപ്പിക്കുകയായിരുന്നു. എല്‍ ഡി എഫ് കഷ്ടിച്ച് രണ്ടര ലക്ഷം വീടുകള്‍ വച്ച് കൊടുത്തു എന്ന് അവകാശപ്പെടുമ്പോള്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നാല് ലക്ഷത്തിലേറെ പേര്‍ക്കാണ് വീടുകള്‍ നല്‍കിയത്. ഈ സത്യം മറച്ച് വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്.

സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളെയും ദുഷ്ചെയ്തികളെയും തുറന്ന് കാട്ടുന്നതോടൊപ്പം യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു പോസീറ്റീവ് കാംപെയിനും ഞങ്ങള്‍ ഇതിലൂടെ ലക്ഷ്യം വയ്കുന്നു.

ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന നിലയില്‍ ഒരു പ്രകടന പത്രിക തയ്യാറാക്കുന്നുണ്ട്. അത് വൈകാതെ പ്രസിദ്ധീകരിക്കും.

കിഫ്ബിക്കെതിരെ ഇ ഡിയുടെ കേസ്


തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ശേഷം മസാലാ ബോണ്ട് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇ ഡി കേസെടുത്തത് സംശയകരമാണ്.

മസാലാ ബോണ്ട് വഴി കിഫ്ബി വിദേശ പണം സമാഹരിച്ചത് ഭരണഘടന ലംഘിച്ചിട്ടാണെന്ന് 2019 ല്‍ തന്നെ യു ഡി എഫ് നിയമസഭയ്ക്ക് അകത്തും പുറത്തും ചൂണ്ടിക്കാട്ടിയിരുന്നു.

അന്നും ഇ ഡി ഇവിടത്തന്നെ ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരുണ്ടായിരുന്നു. അന്നൊന്നും അനങ്ങാതിരുന്ന ഇ ഡി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേസെടുക്കുകയും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കുകയും ചെയ്തത് നല്ല ഉദ്ദേശത്തോടയല്ല.

സി പി എമ്മും ബി ജെ പിയും സംസ്ഥാനത്തുണ്ടാക്കിയിക്കുന്ന രാഷ്ട്രീയ സഖ്യത്തിന്റെ തുടര്‍ച്ചയായി ഇതിനെയും കാണണം.

'ഇതാ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ പോകുന്നു' എന്ന് നിലവിളി കൂട്ടാന്‍ ഇ ഡിയുടെ ഈ നീക്കം സംസ്ഥാനത്തെ ഇടതു മുന്നണിക്കും സര്‍ക്കാരിനും അവസരം നല്‍കുന്നു. ഇത് പരമാവധി പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഒടുവില്‍ സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ചതിന്റെ വഴിയേ ഇതും പുകയായി പോകും. സ്വര്‍ണക്കടത്തിന്റെയും ഡോളര്‍ കടത്തിന്റെയും അന്വേഷണമൊക്കെ ഇപ്പോള്‍ എവിടെ എത്തി? ലൈഫ് തട്ടിപ്പിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് എന്തു കൊണ്ട്?

സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും പരസ്പര സഹായ സഹകരണ സംഘമായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രഹസ്യ ബാന്ധവം. അതിന്റെ ഭാഗമാണ് ഈ അന്വേഷണ നാടകവും.

വികസനത്തിന് യു.ഡി.എഫ് എതിരല്ല. ഇടതു മുന്നണിയെപ്പോലെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വയ്ക്കുകയും ഭരണപക്ഷത്ത് വരുമ്പോള്‍ മാത്രം വികസനത്തിന്റെ പേരില്‍ വായ്ത്താരി ഇടുകയും ചെയ്യുന്നവരല്ല യുഡിഎഫ്.

വികസനം അനിവാര്യമാണ്. പക്ഷേ അതിന്റെ മറവില്‍ ഭരണ ഘടന അട്ടിമറിച്ച് കൊള്ള നടത്തുന്നത് ശരിയല്ല. അതിനെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്.

9.732 % എന്ന് കൊള്ളപ്പലിശയ്ക്കാണ് കിഫ് ബി 2150 കോടിയുടെ മസാലാ ബോണ്ട് ഇടപാട് നടത്തിയത്. മസാലാ ബോണ്ട് വാങ്ങിയതാകട്ടെ ലാവ് ലിന്‍ ബന്ധമുള്ള സിഡിപിക്യൂ എന്ന കനേഡിയന്‍ കമ്പനി എന്നത് എടുത്ത് പറയേണ്ടതാണ്. രഹസ്യ സ്വഭാവവും നിഗൂഢതയും നിറഞ്ഞതാണ് ഈ ഇടപാട്.

ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ മുഖ്യമന്ത്രി പിണറായി മണി അടിച്ച് വില്പന ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മസാലാ ബോണ്ട് സി ഡി പി ക്യൂ രഹസ്യമായി വാങ്ങിയിരുന്നു. അതാണ് ദുരൂഹത.

ഇതിനെക്കാള്‍ കുറഞ്ഞ പലിശയ്ക്ക് ഇവിടെ വായ്പ ലഭ്യമായിരിക്കുമ്പോള്‍ കാനഡയില്‍ പോയി ലാവ് ലിന്‍ കമ്പനിക്ക് എന്തിന് കൊള്ളപ്പലിശ കൊടുത്ത് പണം കടമെടുത്തു എന്നതാണ് യാഥാര്‍ത്ഥ ചോദ്യം.

ഇതില്‍ കമ്മീഷന്‍ ആര്‍ക്കൊക്കെ കിട്ടി, എത്രയൊക്കെ കിട്ടി എന്നതാണ് അന്വേഷിക്കേണ്ടത്. ഇത് മൂന്ന് വര്‍ഷമായി യു.ഡി.എഫ് പറയുന്നതാണ്. അന്നൊന്നും അന്വേഷിക്കാതിരുന്ന ഇഡിക്ക് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞപ്പോള്‍ ഇത് അന്വേഷിക്കുന്നതില്‍ ദുരൂഹതയുണ്ട്.

തോമസ് ഐസക്കിന്റെ വെല്ലുവിളിയൊക്കെ തമാശയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള വെല്ലുവിളി മാത്രമണിത്. സുരക്ഷിതമായി ഇരുന്നു കൊണ്ടുള്ള വെല്ലുവിളി. അന്തര്‍ധാര ജനങ്ങള്‍ക്ക് മനസിലാവില്ലെന്നാണോ കരുതുന്നത്?

ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി

ശ്രീ എംമ്മിന് നാലേക്കര്‍ ഭൂമി നല്‍കിയത് സി പി എം- ആര്‍ എസ് എസ് ബാന്ധവത്തിന്റെ ഉപകാര സ്മരണ.

ശ്രീ എം എന്ന സ്വാമിക്ക് തിരുവനന്തപുരത്ത് ആക്കുളത്ത് നാലേക്കര്‍ സ്ഥലം നല്‍കിയ സര്‍ക്കാരിന്റെ നടപടി നിഗൂഡതകള്‍ നിറഞ്ഞതാണ്. പുറത്തു വന്ന വാര്‍ത്തകള്‍ അനുസരിച്ച് സിപിഎമ്മും ആര്‍ എസ് എസും തമ്മിലുള്ള രഹസ്യ ബാന്ധവം വഴി തുറന്നതിനുള്ള ഉപകാരസ്മരണയാണിത്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തൊരുകാര്യമാണിത്.

സി പി എമ്മും ആര്‍ എസ് എസും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഈ സ്വാമിജിയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആ വാര്‍ത്തകള്‍ ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ തന്നെ പൂര്‍ണമായും ശരിവയ്ക്കുകയാണ്. സാധാരണ ഗതിയില്‍ എസ്റ്റാബ്ഷിഡ് ആയ സ്ഥാപനങ്ങള്‍ക്കും, നേരത്തെ ഇവിടെ പ്രവര്‍ത്തിക്കുകയോ സമൂഹത്തിന് എന്തെങ്കിലും സംഭാവനകള്‍ ചെയ്യുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുക. അത്തരത്തിലുള്ള സ്ഥാപനമല്ല ഇത്.

കേരളത്തില്‍ ആര്‍ എസ് എസും സി പിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധങ്ങളാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ശ്രീ എം എന്ന സ്വാമിജിയുടെ മധ്യസ്ഥതയില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച ആര്‍ എസ് എസും സി പിഎമ്മും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നിരുന്നോ. അതില്‍ സി പി എം നേതാക്കളും പങ്കെടുത്തിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കേരളത്തില്‍ ആര്‍ എസ് എസും സി പി എമ്മും തമ്മിലുള്ള അന്തര്‍ധാര വളര്‍ന്ന് വരുന്നു എന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുവരെ നിഷേധിക്കാന്‍ സി പിഎം നേതൃത്വം തയ്യാറായിരുന്നില്ല. സി പി എമ്മിന്റെ പ്രമുഖരായ നേതാക്കള്‍ തന്നെ ശ്രീ എംമ്മിന്റെ മധ്യസ്ഥതയില്‍ സി പി എം ആര്‍ എസ് എസ് ചര്‍ച്ച നടന്നത് ശരിവയ്കുകയുണ്ടായി.

തെരഞ്ഞെടുപ്പ് വേളയിലുള്ള സി പി എം - ആര്‍ എസ് എസ് ബാന്ധവത്തിനെതിരെ ജനങ്ങള്‍ ജാഗരൂഗരായിരിക്കണം. ഇത്തരമൊരു അന്തര്‍ധാര വളര്‍ന്നു വരുന്നു എന്നതില്‍ യു ഡി എഫ് പ്രകടിപ്പിച്ച ആശങ്ക ശരിയാണ് എന്നാണ് ഇതിലൂടെ തെളിയുന്നത്. ഈ കൂട്ടുകെട്ട് കേരളത്തിന് വളരെ അപകടകരമാണ്.

Keywords: 'Nadu Nannakkan UDF'; UDF's campaign text was released, Kochi, News, Politics, Assembly Election, Ramesh Chennithala, Press meet, Kerala.Post a Comment