ടെലികോം രംഗത്ത് ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന വന്‍കുതിപ്പ് ലക്ഷ്യമാക്കി പണം വാരിയെറിഞ്ഞ് അംബാനി; സ്പെക്ട്രം ലേലത്തില്‍ ജിയോ ചെലവാക്കിയത് 57122 കോടി

 




ന്യൂഡെല്‍ഹി: (www.kvartha.com 03.03.2021) ടെലികോം രംഗത്ത് ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന വന്‍കുതിപ്പ് ലക്ഷ്യമാക്കി പണം വാരിയെറിഞ്ഞ് അംബാനി. രണ്ട് ദിവസമായി നടന്ന സ്പെക്ട്രം ലേലം അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് 77815 കോടി രൂപ ലഭിച്ചു. ഇതില്‍ 57122 കോടി രൂപയും റിലയന്‍സ് ജിയോയില്‍ നിന്ന്. 

ലോകത്തിലെ എട്ടാമത്തെ വലിയ സമ്പന്നനായ മുകേഷ് അംബാനി ടെലികോം രംഗത്ത് ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന വന്‍കുതിപ്പ് ലക്ഷ്യമാക്കിയാണ് പണം വാരിയെറിഞ്ഞതെന്ന് വ്യക്തം. എന്നാല്‍ ആകെ ലേലത്തില്‍ വെച്ച 855.60 മെഗാഹെര്‍ട്സില്‍ 355.45 മെഗാഹെര്‍ട്സും സ്വന്തമാക്കിയ എയര്‍ടെല്‍ തങ്ങളാണ് ഒന്നാമതെന്ന് അവകാശപ്പെടുന്നു.

അതേസമയം സ്പെക്ട്രം കുടിശിക അടച്ച് തീര്‍ക്കാന്‍ ബാക്കിയുള്ള വൊഡഫോണ്‍ ഐഡിയ 1993.40 കോടി രൂപയാണ് സ്പെക്ട്രം ലേലത്തിന് ചെലവാക്കിയത്. ഇക്കുറി ലേലത്തിന് വെച്ചിരുന്ന 60 ശതമാനം സ്പെക്ട്രവും വിറ്റുപോയെന്നാണ് ടെലികോം സെക്രടറി അന്‍ഷു പ്രകാശ് വ്യക്തമാക്കിയത്. ഏഴ് ബാന്റുകളിലായി 2308.80 മെഗാഹെര്‍ട്സാണ് കേന്ദ്ര ടെലികോം മന്ത്രാലയം ലേലത്തിന് വെച്ചത്. എന്നാല്‍ ഇവയില്‍ 700 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ് ബാന്റുകള്‍ വിറ്റുപോയില്ല.

രാജ്യത്തെ 22 സര്‍കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയതായി റിലയന്‍സ് ജിയോ അറിയിച്ചു. 5ജിക്കായി ഉപയോഗിക്കാവുന്ന സ്പെക്ട്രം പോലും സ്വന്തമാക്കി. 488.35 മെഗാഹെട്‌സ് സ്‌പെക്ട്രം വാങ്ങി. പ്രക്ഷേപണപരിധി 55 ശതമാനം വര്‍ധിപ്പിച്ച് 1717 മെഗാഹെട്‌സില്‍ എത്തിയെന്ന് ജിയോ അവകാശപ്പെട്ടു. 

ടെലികോം രംഗത്ത് ദീര്‍ഘകാലമായി നോട്ടമിട്ടിരുന്ന വന്‍കുതിപ്പ് ലക്ഷ്യമാക്കി പണം വാരിയെറിഞ്ഞ് അംബാനി; സ്പെക്ട്രം ലേലത്തില്‍ ജിയോ ചെലവാക്കിയത് 57122 കോടി


അഞ്ചു മേഖലകളിലായി 11.8 മെഗാഹെട്‌സ് സ്‌പെക്ട്രം സ്വന്തമാക്കിയെന്ന് വൊഡഫോണ്‍ ഐഡിയ വ്യക്തമാക്കി. സബ് ഗിഗാഹെട്‌സ്, മിഡ്-ബാന്‍ഡ് 2300 മെഗാഹെട്‌സ് ബാന്‍ഡുകളിലെല്ലാം സ്‌പെക്ട്രം വാങ്ങിയതോടെ തങ്ങള്‍ക്ക് ഇന്ത്യയിലെമ്പാടും പ്രക്ഷേപണാവകാശം സ്വന്തമായെന്നാണ് എയര്‍ടെലിന്റെ അവകാശവാദം. എല്ലാ നഗരത്തിലും കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് അടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള വിതരണാവകാശം സ്വന്തമാക്കി. തങ്ങള്‍ക്ക് ഗ്രാമീണ മേഖലയിലും മികച്ച പ്രകടനം നടത്താനാകുമെന്നും എയര്‍ടെല്‍ അവകാശപ്പെട്ടു. 

ടെലികോം വ്യവസായത്തിനു മാറ്റിവെക്കുന്ന റേഡിയോ തരംഗങ്ങളാണ് സ്‌പെക്ട്രം. എഎം, എഫ്എം റേഡിയോ ബ്രോഡ്കാസ്റ്റ്, മറ്റ് വയര്‍ലെസ് വിഭാഗങ്ങളായ വൈ-ഫൈ, ബ്ലൂടുത് തുടങ്ങിയവയും ഉള്‍പ്പെടും.

Keywords:  News, National, India, New Delhi, Business, Finance, Technology, Internet, Airtel, Mukesh Ambani, Jio, Reliance, Jio buys 4G spectrum worth Rs 57,122 crore; says readying for imminent 5G rollout
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia