ആരുമറിയാത്ത സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് പ്രവര്‍ത്തകരെയും വോടര്‍മാരെയും അപമാനിക്കുന്നു; ഏറ്റുമാനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി ജെ പിക്കുള്ളില്‍ പൊട്ടിത്തെറി

 


കോട്ടയം: (www.kvartha.com 15.03.2021) ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിക്കുള്ളില്‍ അതൃപ്തി. ആരുമറിയാത്ത സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് ഏറ്റുമാനൂരിലെ ബിജെപി പ്രവര്‍ത്തകരെയും വോടര്‍മാരെയും അപമാനിക്കുകയായിരുന്നുവെന്നാണ് നേതാക്കള്‍ ഉള്‍പെടെ ഉള്ളവരുടെ ആരോപണം. ആരുമറിയാത്ത സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് പ്രവര്‍ത്തകരെയും വോടര്‍മാരെയും അപമാനിക്കുന്നു; ഏറ്റുമാനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി ജെ പിക്കുള്ളില്‍ പൊട്ടിത്തെറി
ഇതോടെ തീരുമാനമുണ്ടാകുന്നതു വരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലതികാ സുഭാഷിനു സീറ്റ് നിഷേധിക്കപ്പെട്ടതിനെ ചൊല്ലി യുഡിഎഫിനു തലവേദനയായ ഏറ്റമാനൂര്‍ മണ്ഡലമാണ് ഇപ്പോള്‍ എന്‍ഡിഎയ്ക്കും അഴിയാക്കുരുക്കാകുന്നത്.

'സംസ്ഥാനത്താകെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുമ്പോള്‍ ഏറ്റുമാനൂരിലെ പ്രവര്‍ത്തകര്‍ മാത്രം നിരാശയില്‍. ആരാണ് ഇതിന്റെ കാരണക്കാര്‍?' - എന്നാണ് ഒരു പാര്‍ടി ഭാരവാഹി ഇതേകുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചത്. പിന്നീട് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

ഏറ്റുമാനൂരില്‍ ഭരത് കൈപ്പാറേടന്‍ ആണ് ബിഡിജെഎസ് സ്ഥാനാര്‍ഥി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ജെഡിയു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ബിജു കൈപ്പാറേടന്റെ മകനാണ് ഭരത്. കളമശേരിയില്‍ ആര്‍ക്കിടെക്ട് ആയ ഭരത് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റാണ്. ഇദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് മത്സരമാണിത്.

ബിഡിജെഎസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു ശേഷമാണ് പ്രാദേശിക ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ ഭരതിനെക്കുറിച്ച് കേള്‍ക്കുന്നതു തന്നെ. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഭരത് ആരാണെന്നുള്ള ചോദ്യത്തിനു മറുപടി പറയാന്‍ കഴിയാതെ ആദ്യദിവസങ്ങളില്‍ കുഴഞ്ഞുപോയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പലയിടത്തും വിളിച്ചു ചോദിച്ചതിനു ശേഷമാണ് ആരാണ് ഭരത് എന്ന് അറിയാന്‍ കഴിഞ്ഞതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

2016ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി എ ജി തങ്കപ്പന്‍ ഏറ്റുമാനൂരില്‍ 27,540 വോട്ട് നേടിയിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നഗരസഭയില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. കുമരകം, അയ്മനം പഞ്ചായത്തുകളിലും നിരവധി സീറ്റുകള്‍ നേടുക വഴി നിര്‍ണായക ശക്തിയാകാന്‍ ബിജെപിക്കു കഴിഞ്ഞിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിനു പിന്നാലെ ഏറ്റുമാനൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കണമെന്നും പ്രമുഖനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്നും പ്രാദേശിക നേതാക്കള്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബിഡിജെഎസിനാണു സീറ്റെങ്കില്‍ എസ്എന്‍ഡിപിയുടെ സമുന്നതരായ നേതാക്കള്‍ ആരെങ്കിലും മത്സരിക്കണമെന്നും ആവശ്യമുന്നിയിച്ചിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയപ്പോഴും ഈ ആവശ്യം അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് പുതുമുഖമായ ഭരത് കൈപ്പാറേടനെ പ്രഖ്യാപിച്ചത്. ബിജെപി-സിപിഎം ഒത്തുകളിയാണെന്ന മറ്റു പാര്‍ടികളുടെ ആരോപണത്തിനു മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഏറ്റുമാനൂരിലെ ബിജെപി നേതാക്കള്‍ പറഞ്ഞു.

Keywords:  Insults activists and voters by nominating an unknown candidate; In Ettumanoor, clash within the BJP over the decision of the BJP candidate, Kottayam, News, Politics, Assembly-Election-2021, BJP, BDJS, Allegation, Clash, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia