സഭകളില്‍ നേരിടുന്ന വിവേചനത്തിനെതിരെ സഭാ ആസ്ഥാനങ്ങളിലേക്ക് ദളിത് സംഘടനയായ സി എസ് ഡി എസിന്റെ മാര്‍ചും ധര്‍ണയും

 


കോട്ടയം: (www.kvartha.com 17.03.2021) ദളിത് ക്രൈസ്തവര്‍ സഭകളില്‍ നേരിടുന്ന വിവേചനത്തിനെതിരെ സി എസ് ഡി എസ് സഭാ ആസ്ഥാനങ്ങളിലേക്ക് നടത്തുന്ന മാര്‍ചും ധര്‍ണയും മാര്‍ച്ച് 19, 23 തീയതികളില്‍ കോട്ടയത്ത് നടക്കും. 
സഭകളില്‍ നേരിടുന്ന വിവേചനത്തിനെതിരെ സഭാ ആസ്ഥാനങ്ങളിലേക്ക് ദളിത് സംഘടനയായ സി എസ് ഡി എസിന്റെ മാര്‍ചും ധര്‍ണയും
ന്യൂനപക്ഷ അവകാശം ദളിത് ക്രൈസ്തവര്‍ക്ക് ലഭ്യമാക്കുക, എയ്ഡഡ് മാനേജ്‌മെന്റ് നിയമനങ്ങളില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യം നല്‍കുക, സഭാ സ്ഥാപനങ്ങളില്‍ ദളിത് ക്രൈസ്തവ കുട്ടികളെ ഫീസ് ഇളവോടെ പഠിപ്പിക്കുക, സുപ്രീം കോടതിയില്‍ ദളിത് ക്രൈസ്തവ സംവരണ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ദളിത് ക്രൈസ്തവര്‍ക്ക് അനുകൂലമായി ക്രൈസ്തവ സഭകള്‍ കക്ഷി ചേരുക, സഭകളിലെ ജാതി വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 19 രാവിലെ മുതല്‍ വിവിധ ക്രൈസ്തവ സഭാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ ധര്‍ണയും മാര്‍ച്ച് 23 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നിന്നും തിരുനക്കര മൈതാനത്തിലേക്ക് പ്രകടനവും തിരുനക്കര മൈതാനത്ത് സമ്മേളനവും സംഘടിപ്പിക്കും.

ക്രിസ്തുമത വിശ്വാസികളായി ജീവിച്ചുവരുന്നവരും മത വിശ്വാസികളായി എന്ന ഒറ്റ കാരണത്താല്‍ ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പെടുത്തണമെന്നും ക്രൈസ്തവ സഭകളില്‍ തുടര്‍ന്നു വരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു.

മുന്നോക്ക ക്രൈസ്തവര്‍ അവഗണനയോടും വെറുപ്പോടും കൂടിയാണ് ദളിത് ക്രിസ്ത്യാനികളെ നോക്കിക്കാണുന്നത്. പറയ ക്രിസ്ത്യാനി എന്നും പുലയ ക്രിസ്ത്യാനി എന്നും ഇതോടൊപ്പം പ്രായമായ മാതാപിതാക്കളെ വൈദികര്‍ പോലും പേര് വിളിക്കുന്ന സമ്പ്രദായം ഇനിയും മാറിയിട്ടില്ല. ഇന്ത്യയുടെ കരട് ഭരണഘടനയില്‍ തങ്ങളുടെ ഇടയില്‍ വിവേചനം ഇല്ലെന്നും സാമ്പത്തിക അസമത്വം മാത്രമേ ഉള്ളൂ എന്നും അത് ഞങ്ങള്‍ പരിഹരിച്ചുകൊള്ളാം എന്നും തങ്ങള്‍ക്ക് സംവരണം വേണ്ട ന്യൂനപക്ഷ അവകാശം മതി എന്നും രേഖാമൂലം എഴുതി നല്കിയിട്ടുള്ളതാണ്.

ഇതുമൂലമാണ് ദളിത് ക്രൈസ്തവര്‍ക്ക് ലഭിക്കേണ്ട എല്ലാ ന്യായമായ അവകാശങ്ങളും സംവരണവും നഷ്ടമായത്. സംവരണം നഷ്ടപ്പെടുത്തി നേടിയ ന്യൂനപക്ഷ അവകാശത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ നാമമാത്രമായ നിയമനങ്ങളും പരിഗണനകളും മാത്രമേ ദളിത് ക്രൈസ്തവര്‍ക്ക് ലഭിക്കുന്നുള്ളു.

ചിതറിക്കിടക്കുന്ന ക്രൈസ്തവ സഭകളില്‍ സാമ്പത്തിക ശേഷിയുള്ള സഭകളാണ് ന്യൂനപക്ഷ അവകാശത്തിന്റെ മുഴുവന്‍ ഗുണഫലങ്ങളും അനുഭവിച്ചുവരുന്നത്. ക്രൈസ്തവ സഭകളില്‍ 40% പരിവര്‍ത്തിത ക്രൈസ്തവരാണ്. എന്നാല്‍ ക്രിസ്ത്യന്‍ എയ്ഡഡ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ 2% താഴെ മാത്രമാണ് പ്രാതിനിധ്യം. കേരള ജനസംഖ്യയില്‍ 18.34% മാത്രമുള്ള സവര്‍ണ ക്രൈസ്തവരാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ 48 % കൈയ്യാളുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ദളിത് ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട പ്രാതിനിധ്യം നല്‍കിയാല്‍ ഇവരുടെ സാമൂഹിക സാമ്പത്തിക അവശതകള്‍ ഒരുപരിധിവരെ പരിഹരിക്കപ്പെടും.

ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ലോ കോളജുകള്‍ തുടങ്ങിയവ ന്യൂനപക്ഷ അവകാശത്തിലൂടെ സഭ നേടിയെടുത്തതാണ്. വിദേശത്തു നിന്നും കോടികളുടെ നിക്ഷേപം സ്വീകരിച്ചതിന്റെയും ഗുണഫലം ഒരു വിഭാഗം മാത്രം അനുഭവിക്കുന്നു.

മാര്‍ച്ച് 19 ന് രാവിലെ 9:30 ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിന് മുന്‍പിലും 11:30 ന് പാലാ രൂപത, 1:00 പി എം ദേവലോകം അരമന, 3:00 പി എം സി എസ് ഐ ബിഷപ്പ് ആസ്ഥാന മന്ദിരം, 4:00 ന് കോട്ടയം അതിരൂപത, 6:00 ന് ചിങ്ങവനം, 6:30 ന് ചങ്ങനാശ്ശേരി അതിരൂപത തുടങ്ങിയ കോട്ടയം ജില്ലയിലെ സഭാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലാണ് ധര്‍ണ നടത്തപ്പെടുന്നത്.

ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി അതിരൂപതയ്ക്ക് മുന്‍പില്‍ സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് നിര്‍വഹിക്കും.

മാര്‍ച്ച് 23 ന് ചൊവ്വാഴ്ച വൈകുന്നേരം 4:00 മണിയ്ക്ക് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. 6:00 മണിക്ക് തിരുനക്കര മൈതാനിയില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ സി എസ് ഡി എസ് കേന്ദ്ര സംസ്ഥാന ഭാരവാഹികളും മത സാമുദായിക നേതാക്കളും പങ്കെടുക്കും.

പ്രോഗ്രാം ജനറല്‍ കണ്‍വീനറും സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റും ആയ പ്രവീണ്‍ വി ജെയിംസ്, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ കെ സി പ്രസാദ്, ജോയിന്റ് കണ്‍വീനര്‍ ജോസഫ് പി പി, സി എസ് ഡി എസ് സംസ്ഥാന ജനറല്‍ സെക്രടെറി വി പി തങ്കപ്പന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷാജി ഡേവിഡ്, ചിത്ര വിശ്വന്‍, ട്രഷറര്‍ ഷാജി മാത്യു, സെക്രടെറിമാരായ ലീലാമ ബെന്നി, സണ്ണി ഉരപ്പാങ്കല്‍, സി എം ചാക്കോ, പ്രസന്ന ആറാണി, ചിന്നമ്മ ആന്റണി, കെ കെ കുട്ടപ്പന്‍, ടി എ കിഷോര്‍, ആഷ്ലി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Keywords:  CSDS march and dharna at church headquarters against discrimination in churches, Kottayam, News, Religion, Press meet, Protest, Dharna, March, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia