റിയാദ്: (www.kvartha.com 11.03.2021) സൗദിയില്‍ മസ്തിഷ്‌കാഘാതമുണ്ടായി മരണമടഞ്ഞ ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മത്സ്യത്തൊഴിലാളിയായിയിരുന്ന കന്യാകുമാരി സ്വദേശി സേവ്യര്‍ യേശുദാസനാണ് മത്സ്യബന്ധനത്തിനിടയില്‍, കരയില്‍ നിന്ന് നാലു മണിക്കൂര്‍ അകലെ കടലില്‍ വച്ച് മസ്തിഷ്‌കാഘാതം ഉണ്ടായത്. ദമാമിലെ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചു.
അപകടം ഉണ്ടായപ്പോള്‍ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഖതീഫ് അല്‍സഹ്റ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും അവിടെ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു.
മരണം നടന്നത് കടലില്‍ വെച്ചായതിനാല്‍ നിയമപരമായ നൂലാമാലകള്‍ നിരവധിയുണ്ടായിരുന്നു. സേവ്യറിന്റെ സുഹൃത്തുക്കള്‍ നവയുഗം കേന്ദ്രകമിറ്റി അംഗം അരുണ്‍ ചാത്തന്നൂരിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. അരുണ്‍ അറിയിച്ചതനുസരിച്ചു നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം കേസില്‍ ഇടപെടുകയും, കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ടു നിയമപരമായ നൂലാമാലകള്‍ പെട്ടന്ന് തന്നെ പരിഹരിക്കുകയും ചെയ്തു.
സ്‌പോണ്‍സര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അടിയ്ക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടപ്പോള്‍, ജവാസത്ത് ഓഫീസറുടെ സഹായത്തോടെ അതിനുള്ള സൗകര്യവും ചെയ്തു കൊടുത്തു. നിയമനടപടികള്‍ പൂര്‍തിയാക്കി വളരെ വേഗംതന്നെ മൃതദേഹം നാട്ടില്‍ അയക്കുകയായിരുന്നു.