നിങ്ങളുടെ മുഖമാണ് ഇപ്പോള്‍ ദുബൈ എയര്‍പോര്‍ടിലെ പാസ്‌പോര്‍ട്, അറിയാം പ്രവര്‍ത്തനങ്ങള്‍ !

ദുബൈ: (www.kvartha.com 23.02.2021) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി പാസ്‌പോര്‍ട് വേണ്ട, മുഖം കാണിച്ചാല്‍ മാത്രം മതി. എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി ഇനി പാസ്‌പോര്‍ടോ ബോര്‍ഡിംഗ് പാസോ കാണിക്കേണ്ട ആവശ്യമില്ല. പകരം തിരിച്ചറിയല്‍ രേഖയായി നിങ്ങളുടെ മുഖവും കൃഷ്ണമണികളും മാത്രം മതി. ആദ്യഘട്ടത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനങ്ങളിലാണ് ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍, ബോര്‍ഡിംഗ് സംവിധാനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.

മുഖത്തിന്റെയും കൃഷ്ണമണികളുടെയും സവിശേഷതകള്‍ ഉപയോഗപ്പെടുത്തിയുള്ള സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനത്തിന് ബയോമെട്രിക് പാസഞ്ചര്‍ ജേര്‍ണി എന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്.Your face is now your passport at Dubai airport. Here's how it works, Dubai, News, Airport, Technology, Passengers, Business, Gulf, World

ചെക്ക് ഇന്‍, എമിഗ്രേഷന്‍ എന്നിവയ്ക്കു പുറമെ, എമിറ്റേറ്റ്സ് ലോഞ്ചിലേക്കുള്ള പ്രവേശനം, വിമാനം കയറല്‍ എന്നിങ്ങനെയുള്ള ഒരു ഘട്ടത്തിലും എവിടെയും പാസ്‌പോര്‍ട്, ബോര്‍ഡിംഗ് പാസ് തുടങ്ങിയ രേഖകള്‍ കാണിക്കുകയോ അതിനായി വരി നില്‍ക്കുകയോ വേണ്ട, വെറുതെ മുഖം കാണിച്ച് നടന്നുപോയാല്‍ മതിയാവും.

പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം സാധ്യമാക്കുന്നതോടൊപ്പം കോവിഡ് പ്രതിരോധത്തിന് വഴിയൊരുക്കുക എന്നതുകൂടിയാണ് നൂതന ഫെയ്‌സ് റെക്കഗ്നിഷന്‍ ടെക്‌നോളജി അവതരിപ്പിക്കുന്നതിലൂടെ ദുബൈ ഭരണാധികാരികള്‍ ലക്ഷ്യമിടുന്നത്. പുതിയ സാഹചര്യത്തില്‍ ആളുകള്‍ വരിനിന്ന് കൗന്‍ഡറിലെ ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തിലേര്‍പെടാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാകും.

അതേപോലെ, പാസ്‌പോര്‍ടും ബോര്‍ഡിംഗ് പാസും പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതും തിരികെ വാങ്ങുന്നതും ഒഴിവാക്കുന്നതിലൂടെ കോവിഡ് വൈറസുകള്‍ സ്പര്‍ശനത്തിലൂടെ പരക്കാനുള്ള സാധ്യതയും ഇല്ലാതാക്കാനാകും എന്നതാണ് പുതിയ രീതിയുടെ സവിശേഷത. അതേപോലെ ആവശ്യമില്ലാതെ കടലാസ് രേഖകള്‍ കൈകളില്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാനുമാകും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍രി പറഞ്ഞു. യാത്രക്കാരെ സംബന്ധിച്ചിടത്തോളം വിമാനത്താവളത്തിലെ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. എമിറേറ്റ്സ് യാത്രക്കാര്‍ക്കായാണ് തുടക്കത്തില്‍ ഈ പദ്ധതി പരീക്ഷണാര്‍ഥം നടപ്പിലാക്കുന്നത്. ഇതു വിജയകരമായാല്‍ മറ്റ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കും ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുന്നതിന് പകരം മുഖം സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്ന ഫേഷ്യല്‍ ഐഡി സംവിധാനം നടപ്പാക്കാന്‍ കഴിഞ്ഞ മാസമാണ് യുഎഇ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി പരീക്ഷണാര്‍ഥത്തില്‍ സ്വകാര്യ മേഖലയിലെ ഏതാനും സേവനങ്ങള്‍ക്ക് ഫേഷ്യല്‍ ഐഡി സംവിധാനം നടപ്പിലാക്കിയിരുന്നു.

രേഖകള്‍ പരിശോധിച്ച് ആളെ തിരിച്ചറിയുന്ന നിലവിലെ രീതി മാറ്റി പകരം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ മുഖം സ്‌കാന്‍ ചെയ്ത് ആളുടെ ഐഡന്റിറ്റി കണ്ടെത്തുന്നതാണ് പുതിയ രീതി. മുഖ പരിശോധനയിലൂടെ ആളുകളെ തിരിച്ചറിയുന്ന സംവിധാനം നിലവില്‍ വരുന്നതോടെ പരിശോധനകളും സേവനങ്ങളും കൂടുതല്‍ എളുപ്പമാവും.

നിലവിലെ രീതിയില്‍ കൗണ്ടറില്‍ ചെന്ന് രേഖകള്‍ സമര്‍പ്പിച്ച് അവ പരിശോധിച്ച് ഉറപ്പുവരുത്തുന്നതു വരെ കാത്തുനില്‍ക്കേണ്ട ആവശ്യം ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഇല്ലാതായിത്തീരും. പരിശോധിക്കാന്‍ ആളുകളില്ലാതെ തന്നെ എവിടെയും ഏത് സമയത്തും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നതും പ്രത്യേകതയാണ്.

വിമാനത്താവളത്തിലെ ചെക്ക് ഇന്‍, ഇമിഗ്രേഷനിലെ പാസ്പോര്‍ട് പരിശോധന, ബോര്‍ഡിംഗ് പാസ് പരിശോധന ഇവയൊക്കെ ഒഴിവാക്കി നേരെ ചെന്ന് വിമാനത്തില്‍ കയറാന്‍ 122 സ്മാര്‍ട് ഗേറ്റുകള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ അര മണിക്കൂറോളം എടുക്കുന്ന നടപടിക്രമങ്ങള്‍ പുതിയ സംവിധാനത്തിലൂടെ അഞ്ചു മുതല്‍ ഒമ്പത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച് വിമാനത്തില്‍ കയറാനാകും. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്മാര്‍ട് ടണല്‍ സംവിധാനം നേരത്തേ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതിയ ബയോമെട്രിക് സംവിധാനത്തില്‍ അതിന്റെ പോലും ആവശ്യം വരുന്നില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു.

പുതിയ ബയോമെട്രിക് സംവിധാനം പരീക്ഷണാര്‍ഥമാണ് നടപ്പിലാക്കുന്നത്. വേണമെങ്കില്‍ യാത്രക്കാര്‍ക്ക് പഴയ രീതിയില്‍ എമിറേറ്റ് ഐഡി കാണിച്ചും സ്മാര്‍ട് ഗേറ്റ് വഴി കടന്നു പോകാമെന്ന് പോര്‍ട് അഫയേഴ്സ് അസിസ്റ്റന്റ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തലാല്‍ അഹ്മദ് അല്‍ ശന്‍ഖിതി പറഞ്ഞു. അതേസമയം, സ്മാര്‍ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ എമിറേറ്റ്സ് ചെക്ക് ഇന്നില്‍ ചെന്ന് ബയോമെട്രിക്ക് ഡാറ്റ നല്‍കി രജിസ്റ്റര്‍ ചെയ്യണം.

ഇവിടെ യാത്രക്കാരന്റെ മുഖവും കൃഷ്ണമണിയും ഉള്‍പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കും. തുടര്‍ന്ന് യാത്രക്കാരന് രേഖകളോ ബോര്‍ഡിങ് പാസോ ഇല്ലാതെ വിമാനത്തിലേക്ക് നടന്നു പോകാന്‍ സാധിക്കും. സ്മാര്‍ട് ഗേറ്റിലെത്തുമ്പോള്‍ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന കാമറയിലെ പച്ച ലൈറ്റിലേക്ക് നോക്കിയാല്‍ ഗേറ്റ് തുറന്നുവരും. അതായത് നിങ്ങളുടെ എമിഗ്രേഷന്‍, ബോര്‍ഡിംഗ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയായി എന്നര്‍ഥം. പക്ഷെ, ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗേറ്റിലെത്തിയാല്‍ മുഖത്തെ മാസ്‌ക് മാറ്റാന്‍ മറക്കരുത് എന്നതാണ്.

നിബന്ധനകള്‍

1. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടില്‍ എത്തി എമിറേറ്റസ് ചെക്ക് ഇന്നില്‍ രജിസ്റ്റര്‍ ചെയ്യുക.

2. ഇവിടെ വച്ച്, മുഖത്തിന്റെയും കൃഷ്ണമണിയുടെയും ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യപ്പെടും.

3. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി കടന്നു പോവാം

4. പാസ്പോര്‍ട് പോക്കറ്റില്‍ വച്ചാല്‍ മതി. സ്മാര്‍ട് ഗേറ്റിലെ കാമറയിലുള്ള പച്ച ഡോട്ടുകളിലേക്ക് നോക്കിയാല്‍ ഗേറ്റ് തുറന്നുവരും.

5. ബോര്‍ഡിങ് ഗേറ്റിലും ബോര്‍ഡിംഗ് പാസ് കാണിക്കാതെ ഇതേ രീതിയില്‍ കടന്നുപോവാം.

6. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസില്ലാതെ സ്മാര്‍ട്ട് ഗേറ്റ് വഴി എമിറേറ്റ്സ് ബിസിനസ് ലോഞ്ചിലേക്ക് പ്രവേശിക്കാം.

Keywords: Your face is now your passport at Dubai airport. Here's how it works, Dubai, News, Airport, Technology, Passengers, Business, Gulf, World.

Post a Comment

Previous Post Next Post