കാമുകനൊപ്പം ചേര്‍ന്ന് കോടാലികൊണ്ട് വെട്ടിക്കൊന്നത് കുടുംബത്തിലെ 7 പേരെ; ശബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു; സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇത് ആദ്യം

ലഖ്‌നൗ: (www.kvartha.com 17.02.2021) കാമുകനൊപ്പം ചേര്‍ന്ന് കോടാലികൊണ്ട് വെട്ടിക്കൊന്നത് കുടുംബത്തിലെ ഏഴുപേരെ. ശബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇത് ആദ്യം. ഒരുക്കങ്ങള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു.

2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ശബ്‌നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് മഥുരയിലെ ജയിലില്‍ തുടക്കം കുറിച്ചത്. അതേസമയം, പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.

ശബ്‌നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്‌നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസം നില്‍ക്കുമെന്ന് കരുതിയായിരുന്നു ക്രൂരമായ കൂട്ടക്കൊല. കേസില്‍ ശബ്‌നത്തെയും സലീമിനെയും പൊലീസ് പിടികൂടി.

രണ്ട് വര്‍ഷത്തിന് ശേഷം 2010 ജൂലായില്‍ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരേ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

ശബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. എന്നാല്‍ മഥുരയിലെ ജയിലില്‍വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപോര്‍ട്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല. ഒരുപക്ഷേ, 1947-ന് ശേഷം ഇന്ത്യയില്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിതയും ഷബ്‌നമായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ശബ്‌നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവന്‍ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റക്കുറ്റപ്പണി നടത്തുകയും ചെയ്തു. ബക്‌സറില്‍ നിന്നുള്ള കയറും മഥുരയിലെ ജയിലില്‍ എത്തിച്ചിട്ടുണ്ട്.

മരണ വാറന്‍ഡ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ശബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറഞ്ഞത്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ജയിലില്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
UP Convict Who Axed 7 Family Members to Death May be 1st Woman to be Hanged Post Independence, News, Murder, Crime, Criminal Case, Execution, National

Keywords: UP Convict Who Axed 7 Family Members to Death May be 1st Woman to be Hanged Post Independence, News, Murder, Crime, Criminal Case, Execution, National.

Post a Comment

Previous Post Next Post