ആശംസകള്‍ എന്നത് കോണ്‍ഗ്രസ് മുഖപത്രത്തില്‍ 'ആദരാഞ്ജലി' യായി; സോഷ്യല്‍ മീഡയയില്‍ ട്രോളോട് ട്രോള്‍

തിരുവനന്തപുരം: (www.kvartha.com 31.01.2021) സംശുദ്ധം, സദ് ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കത്തില്‍ തന്നെ കല്ലുകടി. ജാഥയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച ബഹുവര്‍ണ സപ്ലിമെന്റിലാണ് യാത്രയ്ക്ക് ആശംസയ്ക്ക് പകരം ആദരാഞ്ജലികളെന്ന് അടിച്ച് ചേര്‍ത്തിരിക്കുന്നത്. ഒന്നിലധികം തവണയാണ് പിഴവ് സംഭവിച്ചിരിക്കുന്നത്.UDF kick starts Aishwarya Kerala Yatra with a major blunder in advertisement, Thiruvananthapuram, News, Politics, Ramesh Chennithala, Allegation, Media, Social Media, Controversy, Kerala

രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പെടെയുളള നേതാക്കളുടെ ഫോട്ടോകള്‍ക്ക് താഴെയാണ് ആദരാഞ്ജലികള്‍ എന്ന് അടിച്ചു ചേര്‍ത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പരിഹാസവുമായി ആളുകള്‍ രംഗത്തെത്തിയതോടെ നടപടിയുമായി വീക്ഷണം മാനേജ്‌മെന്റും രംഗത്തെത്തി.

പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ് മാറ്ററിന് അംഗീകാരം നല്‍കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്നാണ് സൂചന. സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനമാണ് ചെയ്തു വരുന്നത്. പി ഡി എഫ് എടുക്കുന്നതിനിടയിലാണ് ആശംസകള്‍ എന്നത് മാറ്റി ആദരാഞ്ജലികളെന്ന് ചേര്‍ത്തതെന്നാണ് വിവരം. സപ്ലിമെന്റ് പേജുകള്‍ അവിടെ നിന്ന് നേരിട്ട് പ്രസിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസിലായതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

വീക്ഷണത്തിനെതിരെ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. അംഗീകരിച്ച് വിട്ട മാറ്ററില്‍ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്പനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് കാണുന്നതെന്നും മാനേജ്‌മെന്റ് പറയുന്നു.

അതേസമയം നടപടി സ്വീകരിക്കുമ്പോഴും ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചത് തെറ്റല്ലെന്ന വാദവും മാനേജ്‌മെന്റും ഭാഷാ വിദഗ്ദ്ധരും ഉയര്‍ത്തുന്നുണ്ട്. ആദരവോടെയുളള കൂപ്പുകൈ എന്നര്‍ഥത്തില്‍ വാക്ക് ഉപയോഗിക്കാമെന്നാണ് ഇവരുടെ വാദം. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഫൈനല്‍ പ്രൂഫിന് ശേഷം അത്തരമൊരു തിരുത്ത് വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ കെ പി സി സി വീക്ഷണം മാനേജ്മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ജാഗ്രതക്കുറവുണ്ടായി എന്നാണ് വീക്ഷണത്തിന്റെ മറുപടി. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യാത്രയുടെ ശോഭ കെടുത്താന്‍ തലേ ദിവസം തന്നെ ദേശാഭിമാനിയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെടുത്തിയായിരുന്നു ഈ വ്യാജ വാര്‍ത്ത. 

Keywords: UDF kick starts Aishwarya Kerala Yatra with a major blunder in advertisement, Thiruvananthapuram, News, Politics, Ramesh Chennithala, Allegation, Media, Social Media, Controversy, Kerala.

Post a Comment

Previous Post Next Post