ന്യൂഡെല്‍ഹി: (www.kvartha.com 21.12.2020) മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ വോറ (93) അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വോറയെ മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് ഒഖ്ലയിലെ എസ്‌കോര്‍ട്ട്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാത്രമല്ല ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. സംസ്‌ക്കാരം ഛത്തീസ്ഗഡില്‍ നടക്കും. 
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 1985 മുതല്‍ 1988 വരെ മൂന്നു വര്‍ഷക്കാലമാണ് മോത്തിലാല്‍ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1993 മുതല്‍ 1996 വരെ ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.
മാധ്യമപ്രവര്‍ത്തകനായിരുന്ന മോത്തിലാല്‍ വോറ 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1970ല്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മധ്യപ്രദേശ് റോഡ് ഗതാഗത കോര്‍പ്പറേഷന്റെ ഡപ്യൂട്ടി ചെയര്‍മാനായി. 1977ലും 1980ലും വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. 1988ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേവര്‍ഷം ഏപ്രിലില്‍ രാജ്യസഭാംഗമായി.
Keywords: Veteran Congress leader Motilal Vora passes away at 93, New Delhi, News, Politics, Dead, Obituary, Chief Minister, Madhya Pradesh, Hospital, Treatment, National.