ടെഹ്‌റാന്‍: (www.kvartha.com 07.12.2020) പ്രമുഖ ആണവശാസ്ത്രജ്ഞനും രാജ്യത്തെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനുമായ മൊഹ്‌സെന്‍ ഫക്രിസാദെയെ കൊലപ്പെടുത്തിയത് ഉപഗ്രഹ നിയന്ത്രിത മെഷീന്‍ ഗണ്‍ ഉപയോഗിച്ച് തന്നെയെന്ന് സ്ഥിരീകരിച്ച് ഇറാന്‍. റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഡപ്യൂട്ടി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അലി ഫഡാവിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പിക്കപ് വാനിനു മുകളില്‍ സ്ഥാപിച്ചിരുന്ന മെഷീന്‍ ഗണ്ണില്‍നിന്ന് 13 റൗണ്ട് വെടിയാണ് ഉതിര്‍ന്നത്. ഫക്രിസാദെയുടെ മുഖം കൃത്യമായി തിരിച്ചറിഞ്ഞായിരുന്നു ആക്രമണം. കാറില്‍ വെറും 25 സെന്റിമീറ്റര്‍ മാത്രം അകലെയിരുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അലി ഫഡാവി പറഞ്ഞു. ഏറ്റവും നൂതനമായ ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുമുണ്ടായിരുന്ന മെഷീന്‍ ഗണ്‍ സാറ്റ്ലൈറ്റിലൂടെ ഓണ്‍ലൈനായാണ് നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ 27ന് അവധിക്കാല വസതിയില്‍നിന്നു ടെഹ്‌റാനിലേക്കു 11 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മടങ്ങുകയായിരുന്ന ഫക്രിസാദെയെ ഫെയ്‌സ് റിക്കഗനീഷന്‍ സംവിധാനമുള്ള മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവച്ചത്.
മൊഹ്‌സെന്‍ ഫക്രിസാദെയുടെ കൊലപാതകം സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങളില്‍നിന്നുതന്നെ വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. 12 അംഗ സംഘം നേരിട്ടാണ് കൊലപാതകം നടത്തിയതെന്നും പിന്നണിയില്‍ 50 അംഗ സംഘം പ്രവര്‍ത്തിച്ചതായും ഒരു മാധ്യമപ്രവര്‍ത്തകന്‍ റിപോര്‍ട് ചെയ്തിരുന്നു. ഇസ്രയേല്‍ സേനയുടെ മുദ്രയുള്ള ഉപകരണം സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ദേശീയ ടെലിവിഷന്‍ നേരത്തേ റിപോര്‍ട് ചെയ്തിരുന്നു.
വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഫാര്‍സ് ന്യൂസും ഉപഗ്രഹ നിയന്ത്രിത ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് അല്‍ അലാം ടിവിയും റിപോര്‍ട് ചെയ്തിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മജീദ് ഷഹ്രിയാര്‍ കൊല്ലപ്പെട്ടതിന്റെ പത്താം വാര്‍ഷകത്തിനു തൊട്ടു മുന്‍പായിരുന്നു ഇറാനെ ഞെട്ടിച്ച് പുതിയ കൊലപാതകം.
അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിയില്ലെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ് മന്ത്രി എലി കോഹന്‍ പറഞ്ഞു.
യുഎസില്‍ ട്രംപ് ഭരണകൂടം പടിയിറങ്ങുന്നതിനു തൊട്ടുമുന്‍പുണ്ടായ കൊലപാതകം മേഖലയില്‍ വീണ്ടും സംഘര്‍ഷം വിതയ്ക്കുകയാണ്. ഇറാനില്‍ ആണവായുധ നിര്‍മാണത്തിനു വേണ്ടത്ര സമ്പുഷ്ട യുറേനിയം ഇല്ലെന്ന് ഉറപ്പാക്കുന്ന കരാറിന് ബൈഡന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം ശ്രമിക്കുമെന്ന സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതാണിത്.