സിൻസി അനിൽ
(www.kvartha.com 18.12.2020) കഴിഞ്ഞ ദിവസം 16 വയസുള്ള ഒരു ആൺകുട്ടിയിൽ നിന്നും എനിക്കുണ്ടായ ഒരു ദുരനുഭവം ആണ് എഴുതുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ പ്രശ്നപരിഹാരമായി എത്തിയ ഓൺലൈൻ ക്ലാസുകളിൽ അധ്യാപകർ അനുഭവിക്കുന്ന അപമാനത്തെ നേരിട്ട് മനസിലാക്കാൻ സാധിച്ച ഒരു സംഭവം ഇന്നലെ ഉണ്ടായി.
കുറച്ചു നാളുകളായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികൾക്ക് ഗൂഗിൾ മീറ്റ് വഴി ഞാൻ ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നുണ്ട്.

ഒരു സ്കൂൾ അന്തരീക്ഷത്തിൽ നിന്നും പ്രൈവറ്റ് ആയ ഒരു സ്പേസിൽ എത്തിയിരിക്കുന്ന കുട്ടികൾക്ക് ഇന്റർനെറ്റ് എങ്ങനെ ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കാം. അവർക്കു കിട്ടുന്ന ഓൺലൈൻ സമ്പർക്കത്തിന്റെ അപകടസാധ്യത ഘടകങ്ങൾ എന്തൊക്കെയാണെന്നുമാണ് ക്ലാസുകളിൽ ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്.
ഗൂഗിൾ മീറ്റിൽ കുട്ടികൾ അധ്യാപകരെ പല രീതിയിൽ ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയും ചെയുന്നു എന്ന പരാതി വ്യാപകമാണ്. ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഒരു സ്കൂളിലെ കുട്ടികൾക്കാണ് കുറച്ചു ദിവസമായി ഞാൻ ക്ലാസുകൾ എടുക്കുന്നത്.
അവസാന ദിവസമായ ഇന്നലെ വൈകിട്ടത്തെ ക്ലാസ്സിൽ ഞാൻ സൈബർ ലോകത്തെ ലൈംഗിക ചൂഷണത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കുട്ടി അവന്റെ ഓഡിയോ ഓൺ ചെയ്തിടുകയും ശല്യപെടുത്തുകയും ചെയ്തു.
ഓഡിയോ ഓഫ് ചെയ്യാൻ ഞാൻ പല വട്ടം പറയുകയും ആ കുട്ടി അത് കേട്ടതായി നടിച്ചതുപോലുമില്ല. ക്ലാസ് തുടർന്ന ഞാൻ കേട്ടത് കേട്ടാൽ അറയ്ക്കുന്ന അശ്ലീലം ആണ്. ഇവിടെ ആ വാക്കു പറയുവാൻ പോലും ആവില്ല.
ക്ലാസ്സു കേൾക്കുന്ന അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഈ അശ്ലീലം കേട്ടു ഞെട്ടിതരിച്ചു ഇരിക്കുകയാണ്. അപ്പോൾ തന്നെ ആ വോയ്സ് റെക്കോർഡ് ചെയ്യുവാൻ ഞാൻ ക്ലാസ് ടീച്ചറോട് ആവശ്യപ്പെടുകയും ഈ ഓഡിയോ വന്ന കുട്ടിയുടെ വിവരം തരുവാൻ ആവശ്യപ്പെടുകയും ചെയ്തു.
എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചു ഇന്നലെ തന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ പരാതിപെടുകയും കുട്ടിയേയും മാതാപിതാക്കളെയും അധ്യാപകരെയും വിളിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
16 വയസുള്ള ആ കുട്ടിയുടെ അമ്മയോട് ഞാൻ സംസാരിച്ചപ്പോള്‍ അമ്മ പറഞ്ഞത് ഫോൺ വാങ്ങി കൊടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പേടിച്ചാണ് വാങ്ങി കൊടുത്തത്. അവൻ അതിൽ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല എന്നാണ്.
ഇത്രയും നാളും ഒരു ക്ലാസിൽ പോലും കയറാതിരുന്ന ഈ മഹാൻ ആ ക്ലാസിൽ മാത്രം കയറിയതും ഇത്തരത്തിൽ അശ്ലീലം പറഞ്ഞതും ഒക്കെ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. ക്ലാസ് നടക്കുമ്പോൾ ഓഡിയോയും വീഡിയോയും ഓഫ് ചെയ്തു ഗേൾ ഫ്രണ്ടുമായി ചാറ്റ് ചെയ്ത സംഭാഷണം ആണ് മറ്റുള്ളവർ കേട്ടത് എന്നാണ് ആ കുട്ടി പോലീസിനോട് സമ്മതിച്ചത്. പറഞ്ഞു വന്നത് ഓരോ മാതാപിതാക്കന്മാരോടുമാണ്.
1) ഫോൺ വാങ്ങി കൊടുത്തു ഓൺലൈൻ ക്ലാസിനായിട്ട് മക്കളെ റൂമിൽ കയറ്റി വിടാതെ ആ സമയം അവർ ക്ലാസിൽ തന്നെയാണെന്ന് ഉറപ്പു വരുത്തുക.
2) ഇടയ്ക്കിടയ്ക്ക് അവരുടെ ഫോൺ നിർബന്ധമായും പരിശോധിക്കുക.
3) രാത്രി ഫോൺ മാതാപിതാക്കളെ ഏല്പിക്കാൻ ആവശ്യപെടുക.
4)അധ്യാപകരുമായി ഇടയ്ക്കൊക്കെ മാതാപിതാക്കൾ സംസാരിക്കുക.
ഇതൊക്കെ ചെയ്താൽ നല്ലൊരു തലമുറയെ കിട്ടും. അല്ലെങ്കിൽ എന്നെ പോലുള്ള ഒരാളുടെ പരാതിയിന്മേൽ ക്രിമിനൽ കുറ്റവാളിയായി മക്കൾ ജീവിതം തീർക്കുന്നതിനു നമ്മൾ സാക്ഷികൾ ആകേണ്ടി വരും.
Keywords: Kerala, Article, Online, Study class, Student, Education, Teacher, Case, Crime, Top-Headlines, Police, The tragedy I had from a 16-year-old boy.
< !- START disable copy paste -->