അമരാവതി: (www.kvartha.com 07.12.2020) ആന്ധ്രാപ്രദേശില്‍ ക്ലാസ് മുറിയില്‍വച്ച് സഹപാഠിയെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാതെ മാതാപിതാക്കള്‍. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷന്‍ അഭയം നല്‍കി. തുടര്‍ന്ന് കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയുടെ കുടുംബവുമായും കമ്മിഷന്‍ അംഗങ്ങള്‍ സംസാരിച്ചു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്ലസ് ടുവിന് പഠിക്കുന്ന ഇരുവരും സഹപാഠികളാണെന്ന് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ വസൈ റെഡ്ഡി പത്മ പറഞ്ഞു. പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാത്തതിനാല്‍ കുട്ടിക്ക് അഭയം നല്‍കുമെന്നും അവര്‍ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്‌കൂളിലാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷമാണ് ഉയര്‍ന്നത്. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തിരുന്നു. 2006 ലെ ബാലവിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നവംബര്‍ ആദ്യവാരമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു താലികെട്ട്. ആളൊഴിഞ്ഞ ക്ലാസ് മുറിയിലായിരുന്നു വിവാഹം. ആരെങ്കിലും വരുന്നതിന് മുന്‍പ് വേഗം താലികെട്ടാന്‍ വിഡിയോ പകര്‍ത്തിയ സുഹൃത്ത് ഉപദേശിക്കുന്നതും കേള്‍ക്കാം. നെറ്റിയില്‍ സിന്ദൂരം അണിയിക്കാനും പെണ്‍കുട്ടി പറയുന്നുണ്ട്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാതെ വിവാഹിതരായ രണ്ടു കുട്ടികളുടെ കുടുംബാംഗങ്ങളുടെയും കോളജ് മാനേജ്മെന്റിന്റെയും അഭിപ്രായങ്ങള്‍ ഞങ്ങള്‍ ചോദിക്കുമെന്നും ബാലവിവാഹത്തിന്റെ അനന്തരഫലങ്ങള്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ബോധ്യപ്പെടുത്തുമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്ലാസ് മുറിയില്‍ വെച്ചുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് എടുത്തുകാണിക്കുന്നത്. ബാലവിവാഹത്തിനെതിരെ കോളജുകളിലും സര്‍വകലാശാലകളിലും മഹിള കമ്മിഷന്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. പോക്‌സോ നിയമത്തെക്കുറിച്ചും വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ചും ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും മഹിള കമ്മിഷന്‍ ഡയറക്ടര്‍ ആര്‍ സൂയസ് പറഞ്ഞു.
Keywords: Teens ‘marry’ in classroom in Andhra Pradesh, officials say it is void, News,Local News, Marriage, Students, Police, School, Parents, National, Trending.