Follow KVARTHA on Google news Follow Us!
ad

കര്‍ഷകര്‍ക്കു സമരം ചെയ്യാം; അന്തിമ തീര്‍പുണ്ടാകുന്നതുവരെ വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Farmers,Trending,Protesters,Supreme Court of India,National,
ന്യൂഡല്‍ഹി: (www.kvartha.com 17.12.2020) കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കില്ല എന്ന ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാം എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

കലാപങ്ങള്‍ ഉണ്ടാക്കാതെ കര്‍ഷകര്‍ക്കു സമരം തുടരാം. പൊലീസ് ഇവരെ തടയരുത്. ഡെല്‍ഹിയിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയോ ജീവനോ വസ്തുക്കള്‍ക്കോ നാശം വരുത്തുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ഡെല്‍ഹി അതിര്‍ത്തിയില്‍ ഉള്ള കര്‍ഷകരുടെ സമരം നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കാര്‍ഷിക നിയമങ്ങള്‍ കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് നടപ്പാക്കില്ലെന്ന ഉറപ്പ് നല്‍കാമോ എന്ന് കോടതി ആരാഞ്ഞത്. 

Supreme Court asks Centre to consider putting farm laws on hold, suggests forming panel to resolve deadlock


ഇത് ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് നല്‍കിയാല്‍ കര്‍ഷകര്‍ ചര്‍ച്ചക്ക് വരില്ല എന്ന ആശങ്ക അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറലും കോടതിയില്‍ ചൂണ്ടിക്കാട്ടി.

സമരം ചെയ്യാനുള്ള കര്‍ഷകരുടെ മൗലിക അവകാശം അംഗീകരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പക്ഷേ, അത് മറ്റുള്ളവരുടെ അവകാശം ലംഘിച്ച് കൊണ്ട് ആകരുത്. നിക്ഷ്പക്ഷരായ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കണം. ഇരുപക്ഷങ്ങള്‍ക്കും അവരുടെ നിലപാട് ആ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണം. തുടര്‍ന്ന് സമിതി നല്‍കുന്ന ശുപാര്‍ശ ഇരുവിഭാഗങ്ങളും അംഗീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍, സമിതി രൂപീകരണത്തിലേക്ക് കോടതി കടന്നില്ല.

പ്രതിഷേധം നടത്തുന്നതിനായി പ്രതിഷേധിക്കരുതെന്നും നിലപാടുണ്ടാകണമെന്നും ഹര്‍ജിക്കാരിലൊരാള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. ഇതാണ് ഞങ്ങളും ഉദ്ദേശിച്ചതെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കലാപത്തിലൂടെ അല്ലാതെ പൂര്‍ത്തീകരിക്കണം. പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കണം പ്രതിഷേധം. കൂടിയാലോചനകളില്‍ കേന്ദ്രത്തിന് വിജയിക്കാനാകുന്നില്ല. നിങ്ങളുടെ തീരുമാനങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. കമ്മിറ്റി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.

വഴി തടഞ്ഞുള്ള സമരം കര്‍ഷകന്‍ അവസാനിപ്പിക്കണമെന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ടിക്‌റി, സിംഗു അതിര്‍ത്തികള്‍ സമരക്കാര്‍ അടച്ചിരിക്കുകയാണ്. കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങട്ടെ. നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി തുടരട്ടെ. ഡെല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തെ തുടര്‍ന്ന് കോവിഡ് വ്യാപിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആരോപിച്ചു.

സമാധാനപൂര്‍വം ഡെല്‍ഹിയില്‍ പ്രതിഷേധം നടത്താനാണ് കര്‍ഷകരുടെ ആഗ്രഹമെന്ന് പഞ്ചാബ് സര്‍ക്കാറിന് വേണ്ടി ഹാജരായ പി ചിദംബരം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതിഷേധക്കാരെ തടയുകയാണ്. പൊലീസാണ് അതിര്‍ത്തി അടച്ചത്. അതിര്‍ത്തി അടച്ച ശേഷം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന് പറയാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും പി ചിദംബരം കോടതിയില്‍ വാദിച്ചു.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

Keywords: Supreme Court asks Centre to consider putting farm laws on hold, suggests forming panel to resolve deadlock, New Delhi, News, Farmers, Trending, Protesters, Supreme Court of India, National.

Post a Comment